കായലിൽ വിടർന്ന സൂര്യകാന്തി

കരയിൽ മാത്രമല്ല, കായലിലും കൃഷിയിറക്കാമെന്ന് തെൡയിച്ചിരിക്കുകയാണ് ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി സ്വാമിനികർത്തൽ സുജിത്. ഓളപ്പരപ്പിൽ പോള കൊണ്ട് ബെഡ് ഒരുക്കിയാണ് ഈ കൃഷിക്കാരൻ നിലമൊരുക്കുന്നത്. വേമ്പനാട്ടു കായലിലെ ഈ ഒഴുകിനടക്കുന്ന കൃഷിയിടങ്ങൾ കാണാൻ സഞ്ചാരികൾ കൂട്ടത്തോടെയെത്തുന്നു. 

 

കായലിനു നടുവിൽ സൂര്യകാന്തിപ്പൂക്കളും ചെണ്ടുമല്ലിപ്പൂക്കളും നിറഞ്ഞുനിൽക്കുന്നത് ആരെയും അദ്ഭുതപ്പെടുത്തും. പോള കൊണ്ട് ശാസ്ത്രീയമായി തടമൊരുക്കിയാണ് കൃഷിയൊരുക്കുന്നത്. പോളകൾ കായൽപരപ്പിൽ കൃത്യമായി അടുക്കിെവച്ച് പത്തു മീറ്റർ നീളവും ആറു മീറ്റർ വീതിയുമുള്ള പോളത്തടങ്ങൾ ഒരുക്കുന്നു. ചെളി നിറഞ്ഞ പോളകളായതിനാൽ മണ്ണിന്റെ ആവശ്യമില്ല. നനയ്ക്കുകയും വേണ്ട. ഒന്നര മാസം കൊണ്ടാണ് സുജിത് ഈ പോളത്തടം ഒരുക്കിയത്. അതിനായി നാലഞ്ചു ടണ്ണോളം പോളകൾ വേണ്ടിവന്നു. ഒരു തടത്തിൽ നാലഞ്ചു തവണ കൃഷിയിറക്കാമെന്ന് സുജിത് പറയുന്നു. കുട്ടനാടൻ പാടശേഖരങ്ങളിൽ ഒഴുകിയെത്തി ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്ന പോളകൾ നീക്കം ചെയ്യാൻ ലക്ഷങ്ങൾ ചെലവിടുന്ന പഞ്ചായത്തുകൾക്ക് ഓളപ്പരപ്പിലെ ഈ കൃഷിരീതി ഏറെ സഹായകമാകുമെന്നും ഇദ്ദേഹം കൂട്ടിച്ചേർക്കുന്നു.


ചൊരിമണലിൽ സൂര്യകാന്തിയടക്കം വിളയിച്ച ഈ യുവകർഷകന്റെ ജീവിതം ആരെയും അമ്പരപ്പിക്കുന്നതാണ്. ജീവിക്കാനായി പല ജോലികളും ചെയ്തുനോക്കിയെങ്കിലും ഒടുവിൽ അതെല്ലാം ഉപേക്ഷിച്ച് മണ്ണിലേക്കിറങ്ങുകയായിരുന്നു ഈ ചെറുപ്പക്കാരൻ. ഹോട്ടൽ മാനേജ്‌മെന്റാണ് പഠിച്ചതെങ്കിലും കിട്ടിയത് സെയിൽസ്മാന്റെ ജോലി. എറണാകുളത്ത് ഒരു ജ്വല്ലറിയിൽ സെയിൽസ്മാനായി ജോലി നോക്കിയിരുന്ന സുജിത് വീട്ടുകാരുടെ എതിർപ്പിനെ വകെവയ്ക്കാതെയാണ് സ്വന്തമായി എന്തെങ്കിലും ജോലി ചെയ്യാമെന്ന് കരുതി നാട്ടിലേക്കു മടങ്ങിയത്. 


ഏഴാം വയസ്സിൽ അച്ഛൻ പവിത്രന്റെ മരണത്തെ തുടർന്നാണ് അമ്മ ലീലാമണിയും ചേട്ടനും അടങ്ങുന്ന ഞങ്ങളുടെ ചെറിയ കുടുംബം നിരാലംബരായത്. പറക്കമുറ്റാത്ത മക്കളെ വളർത്താനായി അമ്മ ചകിരി പിരിക്കുന്ന തൊഴിൽ ചെയ്തുതുടങ്ങി. മാത്രമല്ല, ആകെയുണ്ടായിരുന്ന ഒന്നര ഏക്കർ പുരയിടത്തിൽ അമ്മയോടൊപ്പം ചേട്ടൻ അജിത്തും ഞാനും കൃഷിപ്പണിക്കുമിറങ്ങി. ഈ അനുഭവ സമ്പത്താണ് ഒരു മുഴുവൻ സമയ കർഷകനാകാൻ പ്രേരണയായത്.
ബാങ്കിൽനിന്നും വായ്പയെടുത്താണ് കൃഷി തുടങ്ങിയത്. കൃഷിയിൽനിന്നുമുള്ള ആദായത്തിലൂടെ ജീവിത മാർഗം കണ്ടെത്താനാവുമോ എന്ന സംശയത്തിൽ ഒരു ഓട്ടോയും സ്വന്തമാക്കി. കൃഷിയിൽ പരാജയപ്പെട്ടാൽ ഓട്ടോ ഓടിച്ച് ജീവിക്കാമല്ലോ എന്നതായിരുന്നു ലക്ഷ്യം. കൃഷിപ്പണി കഴിഞ്ഞാൽ നേരെ ഓട്ടോക്കാരുടെ താവളമായ പുത്തനമ്പലത്തിനടുത്തെത്തും. പാതിര വരെ ഓട്ടോയോടിക്കും. 


കഞ്ഞിക്കുഴിയിലെ കൃഷി ഓഫീസറായിരുന്ന റെജിയാണ് പുത്തൻ കൃഷിരീതികൾ പരിചയപ്പെടുത്തിയത്. തൃശൂർ മാളയിൽ ഹൈടെക് കൃഷിയിൽ പരിശീലനം നേടാൻ അവസരമൊരുക്കിയതും അദ്ദേഹംതന്നെ. കൂടാതെ ഞങ്ങളുടെ വാർഡിൽ എ ഗ്രേഡ് കഌസ്റ്റർ സംവിധാനമൊരുക്കി അൻപത് കർഷകരുടെ ഒരു കൂട്ടായ്മയുണ്ടാക്കി. ഈ കൂട്ടായ്മയിലൂടെ കൂടുതൽ കൃഷിയിടങ്ങൾ സന്ദർശിക്കാനും അറിവുകൾ സമ്പാദിക്കാനും കഴിഞ്ഞു. ഹൈടെക് കൃഷിരീതിയെക്കുറിച്ചുള്ള അറിവുകളും അദ്ദേഹത്തിൽ നിന്നാണ് ലഭിച്ചത്. 
ഏതു വെല്ലുവിളിയും ഏറ്റെടുക്കാനുള്ള മനസ്സാണ് എന്നെയും ഈ ഒരു കൃഷിരീതിയിലേയ്ക്ക് നയിച്ചത്. ആലപ്പുഴ ജില്ലയിൽ ആദ്യമായി ഓപൺ പ്രിസിഷൻ ഫാമിംഗ് രീതി നടപ്പാക്കിയത് എന്റെ സ്ഥലത്തായിരുന്നു. സാമ്പത്തികമായും മാനസികമായും ഏറെ പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കേണ്ടിവന്നത്. ഒടുവിൽ ഇവയെയെല്ലാം അതിജീവിച്ച് കൃഷിയിൽ വിജയം കൈവരിക്കുകയായിരുന്നു. 2014 ൽ കഞ്ഞിക്കുഴി പഞ്ചായത്തിലെ മികച്ച യുവകർഷകനായി കൃഷിവകുപ്പ് എന്നെ തെരഞ്ഞെടുക്കുകയായിരുന്നു.


വർഷം മുഴുവൻ കൃഷി ചെയ്യാമെന്ന് സുജിത്തിന് മനസ്സിലാക്കിക്കൊടുത്തതും ഈ കൃഷി ഓഫീസറായിരുന്നു. അതിന്റെ ഫലമായി കഞ്ഞിക്കുഴിയിൽ പുത്തൻ കൃഷിരീതികൾ രൂപമെടുക്കുകയായിരുന്നു. തണ്ണിമത്തനും ഉള്ളിയും സൂര്യകാന്തിയും കക്കിരിയുമെല്ലാം ആ കൃഷിയിടത്തിൽ വിളഞ്ഞുനിന്നു.
കൃഷി ലാഭകരമാകുമെന്നു കണ്ടപ്പോഴാണ് ജീവിതത്തിൽ ഒരു കൂട്ടു വേണമെന്ന ചിന്തയുണ്ടായത്. അങ്ങനെയാണ് അഞ്ജുവിനെ ജീവിത സഖിയാക്കിയത്. ആദ്യ കൃഷിയിലൂടെ ലഭിച്ച ലാഭവും വിവാഹ സമ്മാനമായി ലഭിച്ച മാലയും പണയംവെച്ച് കൃഷിയിടങ്ങൾ തേടിയുളള യാത്രയായിരുന്നു പിന്നീട്. സെന്റ് മൈക്കിൾസ് കോളേജിലെ ഫാദർ സോളമന്റെ അടുത്തെത്തി കാര്യം അവതരിപ്പിച്ചു. ദക്ഷിണ വെയ്ക്കാൻ പറഞ്ഞപ്പോൾ അവസ്ഥയും പറഞ്ഞുകൊടുത്തു. കോളേജ് മാനേജർ എന്റെ അവസ്ഥ മനസ്സിലാക്കി പത്തേക്കർ നിലം ഒരുക്കിത്തന്നു.


ഇന്നിപ്പോൾ പാട്ടത്തിനെടുത്ത ഇരുപത്തഞ്ച് ഏക്കർ സ്ഥലത്താണ് സുജിത്തിന്റെ കാർഷിക വിപഌവം അരങ്ങേറുന്നത്. അവിടെ പച്ചക്കറികളും നെല്ലും മാത്രമല്ല, പശു, മുയൽ, കോഴി, താറാവ് എന്നിവയും വളരുന്നു. പച്ചക്കറിയിലൂടെയാണ് ഏറെ വരുമാനം ലഭിക്കുന്നത്. മാർക്കറ്റിൽ ഏതിനം വിളകൾക്കാണ് ആവശ്യക്കാരുള്ളത് എന്നതു നോക്കിയാണ് കൃഷിയിറക്കുന്നത്. ഈ വർഷം അഞ്ചു ലക്ഷം രൂപയുടെ ചീരയാണ് വിറ്റത്. മൂന്നു ലക്ഷം രൂപയുടെ കക്കിരിയും വിറ്റു. കൂടാതെ വെള്ളരി, മത്തൻ, കുമ്പളം എന്നിവയിലും നല്ല വിളവെടുപ്പാണ് ലഭിച്ചത്.


ഓണം മുന്നിൽ കണ്ടാണ് ഇപ്പോഴത്തെ കൃഷിയൊരുക്കിയിട്ടുള്ളത്. ഒരേക്കറിൽ വഴുതന കൃഷി ചെയ്യുന്നുണ്ട്. കൂടാതെ മത്തനും പയറും വെണ്ടയും വെള്ളരിയുമെല്ലാമുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ വിളവെടുപ്പ് തുടങ്ങാനാകും. കൂടാതെ ഉള്ളിക്കൃഷിയും വിജയം കണ്ടിരുന്നു. ഒരേക്കർ സ്ഥലത്തെ ഉള്ളിക്കൃഷിയിലെ ആദായം കണ്ടറിഞ്ഞ കഞ്ഞിക്കുഴി ബ്‌ളോക്ക് പഞ്ചായത്ത്  കൂടുതൽ ഇടങ്ങളിലേയ്ക്ക് ഉള്ളിക്കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതിയും ആസൂത്രണം ചെയ്തിട്ടുണ്ട്.
വൈവിധ്യമാർന്ന കൃഷിരീതിയാണ് ഈ കർഷനെ മറ്റുള്ളവരിൽനിന്നും വേർതിരിച്ചു നിർത്തുന്നത്. ആളുകളെ തന്റെ കൃഷിയിടത്തിലേയ്ക്ക് ആകർഷിക്കാനായി ഈ വർഷം ഒരുക്കിയ സൂര്യകാന്തി തോട്ടം നല്ല പ്രതികരണമാണുണ്ടാക്കിയതെന്ന് സുജിത് പറയുന്നു. ആയിരക്കണക്കിനാളുകളാണ് സൂര്യകാന്തി പാടം കാണാനെത്തിയത്. പൂക്കൾ കാണാനെത്തുന്നവർ പച്ചക്കറിയും വാങ്ങിയാണ് മടങ്ങുന്നത്. ഈ മാർക്കറ്റിംഗ് തന്ത്രം നന്നായി ഫലിച്ചു. കായലിലെ ഓളപ്പരപ്പിൽ നിറഞ്ഞുനിൽക്കുന്ന സൂര്യകാന്തിപ്പൂക്കൾ ടൂറിസ്റ്റുകളെയും ഏറെ ആകർഷിച്ചിരുന്നു. ഫാം ടൂറിസത്തിന്റെ വിപണന സാധ്യതകളെ പരിചയപ്പെടുത്തുകയായിരുന്നു അദ്ദേഹം.


സൂര്യകാന്തിപ്പൂക്കൾ ഉണക്കിയെടുത്ത് എണ്ണയാക്കി വിപണിയിലെത്തിക്കാനും സുജിത്തിന് കഴിഞ്ഞു. കഞ്ഞിക്കുഴിയിലെ കുമാരപുരത്ത് രണ്ടരയേക്കറിൽ ഒരുക്കിയ സൂര്യകാന്തി കൃഷിയിലൂടെ ലഭിച്ച 250 കിലോ ഉണക്കിയ കായയിൽനിന്നും പതിനഞ്ചു കിലോയാണ് പരീക്ഷണാടിസ്ഥാനത്തിൽ ആട്ടിയത്. പൂക്കളുടെ ഇതളുകൾ അടർത്തിയാണ് കായ ശേഖരിക്കുന്നത്. നാലു കിലോ എണ്ണയും പത്ത് കിലോ പിണ്ണാക്കും ലഭിച്ചു. പിണ്ണാക്ക് പശുക്കൾക്ക് തീറ്റയായി നൽകി. ഭക്ഷ്യവകുപ്പിന്റെ അനുമതി ലഭിച്ചെങ്കിലും എണ്ണ വിപണിയിലെത്തിച്ചിട്ടില്ല. സ്വന്തമായി ഉപയോഗിച്ചതിനു പുറമെ അടുത്ത സുഹൃത്തുക്കൾക്കും നൽകുകയായിരുന്നു. സമീപ ഭാവിയിൽ സൂര്യകാന്തിയുടെ എണ്ണയും വാണിജ്യാടിസ്ഥാനത്തിൽ വിൽപന നടത്താനുളള ശ്രമത്തിലാണ് സുജിത്.


ജലാശയത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന കുട്ടനാട്ടിൽ ആരെയും അതിശയിപ്പിക്കുന്നതായിരുന്നു സുജിത്തിന്റെ തണ്ണിമത്തൻ കൃഷി. വെള്ളപ്പൊക്കത്തെ ഭയന്നായിരുന്നു പലരും തണ്ണിമത്തൻ കൃഷി ചെയ്യാതിരുന്നത്. സുജിത്താകട്ടെ, പച്ചയും മഞ്ഞയും നിറത്തിലുള്ള തണ്ണിമത്തൻ കൃഷി ചെയ്ത് വിജയം കണ്ടെത്തി. ബാർ കോഡ് പതിച്ചാണ് തണ്ണിമത്തൻ വിൽപനക്കൊരുക്കിയത്. ബാർ കോഡ് സ്‌കാൻ ചെയ്താൽ സുജിത്തിന്റെ കൃഷിത്തോട്ടത്തിലെ ചിത്രങ്ങൾ കാണാൻ കഴിയുമായിരുന്നു.
സമൂഹ മാധ്യമങ്ങളിലൂടെയാണ് സുജിത് വിപണി കണ്ടെത്തുന്നത്. സൂര്യകാന്തിപ്പൂക്കളുടെ വീഡിയോ കണ്ട് ഒട്ടേറെ പേരാണ് തന്റെ കൃഷിയിടത്തിലെത്തിയത്. ഇത്തരത്തിലുള്ള പുത്തൻ വാണിജ്യ തന്ത്രങ്ങളാണ് കാർഷിക ജീവിതത്തിന് മുതൽകൂട്ടാകുന്നത്. ഇനിയും പുതിയ പരീക്ഷണങ്ങൾക്ക് കാതോർക്കുകയാണ് ഈ യുവകർഷകൻ.


ഒരു പതിറ്റാണ്ടു കാലമായി കാർഷിക വൃത്തിയിലൂടെ ജീവിതവിജയം കണ്ടെത്തിയതിന് ഈയിടെ സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ പുരസ്‌കാരവും സുജിത്തിനെ തേടിയെത്തിയിരുന്നു. ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജുവാണ് പുരസ്‌കാരം സമ്മാനിച്ചത്. കൂടാതെ കൃഷിവകുപ്പു മന്ത്രി പ്രസാദിന്റെ സഹകരണവും ഏറെയുണ്ട്.
കാർഷിക വൃത്തിയിൽ സുജിത്തിന് കരുത്തായി അമ്മയും ഭാര്യയും സജീവമായുണ്ട്. അഞ്ചു വയസ്സുകാരിയായ മകൾ കാർത്തികയും അവരോടൊപ്പം ചേരുന്നുണ്ട്.

Latest News