അതിജീവിതക്കൊപ്പമോ കേരളം?

നടിയെ അക്രമിച്ച കേസ് അത്യന്തം ആശങ്കാജനകമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തം. കേസ് അട്ടിമറിക്കപ്പെടാതിരിക്കാനുള്ള അവസാന പോരാട്ടത്തിലാണ് അതിജീവിതക്കൊപ്പം ആത്മാർത്ഥമായി നിലകൊള്ളുന്നവർ. കേരളം മുഴുവൻ അതിജീവിതക്കൊപ്പം എന്നാണ് കൊട്ടിഘോഷിക്കപ്പെടുന്നത്. എന്നാൽ അവരിൽ വലിയൊരു വിഭാഗവും ഇരക്കൊപ്പം എന്നു പറയുകയും വേട്ടക്കാരനൊപ്പം നിലകൊള്ളുന്നവരുമാണ് എന്നതാണ് യാഥാർത്ഥ്യം. 
ഓരോ ദിവസം കഴിയുന്തോറും അത് കൂടുതൽ കൂടുതൽ പ്രകടമാകുകയാണ്. അത്തരം സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം സാഹിത്യ അക്കാദമിയിൽ വെച്ച് സാംസ്‌കാരിക കേരളം അതിജീവിതക്കൊപ്പം എന്ന പേരിൽ വലിയൊരു ഐക്യദാർഢ്യ പരിപാടി സംഘടിപ്പിക്കപ്പെട്ടത്. 
അതിനിടെ കേസിന്റെ തുടരന്വേഷണ സമയ പരിധി നീട്ടണം എന്ന ക്രൈം ബ്രാഞ്ചിന്റെ ഹരജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് മാറണം എന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരിക്കുകയാണ്. നേരത്തെ കേസ് അന്വേഷണം അട്ടിമറിക്കുന്നു എന്ന് കാണിച്ച് അതിജീവിത നൽകിയ ഹരജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പകത്ത് പിന്മാറിയിരുന്നു. നടിയുടെ ആവശ്യം പരിഗണിച്ചായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ചിന്റെ ഹരജി പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് മാറണം എന്ന് അതിജീവിത  ആവശ്യപ്പെട്ടത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കോടതിയിൽ നിന്ന് ചോർന്നതായി പറയുന്ന സമയത്ത് എറണാകുളം ജില്ല കോടതിയിൽ ജഡ്ജി കൗസർ എടപ്പകത്തായിരുന്നു ഈ കേസ് പരിഗണിച്ചിരുന്നത്. പിന്നീട് ഇദ്ദേഹത്തെ ഹൈക്കോടതി ജസ്റ്റിസ് പദവിയിലേയ്ക്ക് ഉയർത്തുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് തന്റെ ഹരജിയിൽ നിന്ന് പിൻമാറണം എന്ന ആവശ്യം അതിജീവിത ഉയർത്തിയത്. ഇതോടെയാണ് ജഡ്ജി സ്വയം പിന്മാറി കേസ് മറ്റൊരു ബെഞ്ചിനു കൈമാറിയത്. എന്നാൽ അതിജീവിതയുടെ പുതിയ ആവശ്യം അംഗീകരിക്കാനാവില്ല എന്ന നിലപാടാണ് ഇന്ന് ഹൈക്കോടതി സ്വീകരിച്ചത്. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സമയ പരിധി നിശ്ചയിച്ചതും അത് നീട്ടി നൽകിയതും താനാണ് എന്നും ഇതിൽ നിയമപരമായി താനാണ് തുടർവാദം കേൾക്കണ്ടത് എന്നുമാണ് ജഡ്ജി പറഞ്ഞത്. ജഡ്ജിയെ വിശ്വാസമില്ലെന്നും ഹരജി മറ്റൊരു ബെഞ്ച് പരിഗണിക്കണമെന്നുമാണ് നേരത്തെ അതിജീവിത ആവശ്യപ്പെട്ടിരുന്നത്.
കേസിന്റെ തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കരുത് എന്ന നിലപാടിലാണ് പ്രതിഭാഗം.  തുടരന്വേഷണത്തിന് വേണ്ടി ക്രൈം ബ്രാഞ്ച് മുന്നോട്ട് വെക്കുന്ന തെളിവുകളിൽ വസ്തുതയില്ല എന്നാണ് അവരുടെ വാദം. മൂന്ന് മാസം മുമ്പ് കേസുമായി ബന്ധപ്പെട്ട ഫോറൻസിക് പരിശോധന ഫലം ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട് എന്നും അതിനാൽ ഫോറൻസിക് പരിശോധനയുടെ പേരിൽ ഇനി സമയം നീട്ടിനൽകരുതെന്നുമാണ് ദിലീപ് പറയുന്നത്.  കൂടുതൽ വ്യാജ തെളിവുകൾ സൃഷ്ടിക്കാനാണ് കൂടുതൽ സമയം ചോദിച്ചിരിക്കുന്നത് എന്നാണ് ദിലീപ് കോടതിയിൽ ഉയർത്തിയത്. മാത്രമല്ല, നടി ആക്രമിക്കപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്ന ക്രൈം ബ്രാഞ്ച് ആരോപണവും ദിലീപ് നിഷേധിച്ചു. നേരത്തെ മെയ് 31 നുള്ളിൽ കേസിലെ അന്വേഷണം പൂർത്തിയാക്കണം എന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. ഇനി സമയം നീട്ടി നൽകില്ല എന്നും ഹൈക്കോടതി അന്വേഷണ സംഘത്തിന് അന്ത്യശാസനം നൽകിയിരുന്നു. നടിയെ ആക്രമിക്കുന്നതിനിടെ പകർത്തിയ ദൃശ്യങ്ങൾ കേസിലെ ദിലീപിന്റെ കൈവശം ഉണ്ട് എന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
മെയ് 31 നുള്ളിൽ അന്വേഷണം അവസാനിപ്പിക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഏതാനും ദിവസം മുമ്പ് നടി മുഖ്യമന്ത്രിയെ കണ്ടത്. അതിനുമുമ്പ് സർക്കാർ തനിക്കൊപ്പമാണോ എന്ന വിഷയത്തിൽ നടി സംശയം പ്രകടിപ്പിച്ചിരുന്നു. ഹൈക്കോടതിയിൽ ഹരജിയും നൽകി. അതിനെതിരെ തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ യു.ഡി.എഫിനു വേണ്ടിയാണ് നടിയിത് പറയുന്നതെന്ന വൃത്തികെട്ട ആരോപണമായിരുന്നു എം.എം. മണിയും കോടിയേരിയും ജയരാജനും ആന്റണി രാജുവും മറ്റും ഉന്നയിച്ചത്. തുടർന്നാണ് തന്റെ ഭാഗം വ്യക്തമാക്കാൻ നടി മുഖ്യമന്ത്രിയെ കണ്ടത്.
 1. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ച്  എനിക്ക് പരാതിയില്ല. അവർക്ക് അന്വേഷണം സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കണം. 
2. ഈ കേസിലെ സാക്ഷികളെ  കൂറുമാറ്റിക്കുന്നതിന് ശ്രമിച്ച അഭിഭാഷകർക്കെതിരെ അന്വേഷണം നടത്തുന്നതിന് ഉത്തരവ് ഉണ്ടാകണം  
3. കോടതിയിൽ ഇരുന്ന മെമ്മറി കാർഡ്   എങ്ങനെ എന്നെ ടാമ്പർ ചെയ്യപ്പെട്ടു എന്ന് അന്വേഷിക്കുന്നതിന് ഉത്തരവാകണം.
 4. അടിയന്തരമായി സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണം. 
5.  കേസിന്റെ അന്വേഷണത്തിൽ രാഷ്ട്രീയമായി ആരും ഇടപെടാതിരിക്കുന്നതിനുള്ള  നിലപാട് എടുക്കണം. കാരണം പ്രതികൾ പ്രബലരാണ്. പണവും സ്വാധീനവും ഉള്ളവരാണ്.  പലതരത്തിൽ അവർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ് എന്നീ ആവശ്യങ്ങളായിരുന്നു അവർ മുഖ്യമന്ത്രിക്കു മുന്നിൽ ഉന്നയിച്ചത്. സ്വാഭാവികമായും അതിജീവിതക്കൊപ്പം സർക്കാരുണ്ടെന്ന് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയെ വിശ്വാസമാണെന്ന് അതിജീവിതയും പറഞ്ഞു. എന്നാലും ഹരജി പിൻവലിക്കാൻ നടി തയാറായില്ല. പിന്നാലെ ഏറെക്കുറെ നടിയുടെ ആവശ്യങ്ങളെ പിന്തുണക്കുന്ന വിശദീകരണമാണ് സർക്കാർ ഹൈക്കോടതിയിൽ നൽകിയത്. 
ഇത്തരം സാഹചര്യത്തിലായിരുന്നു വൻ ഐക്യദാർഢ്യ സമ്മേളനം നടന്നത്.  ഇടതുപക്ഷ രാഷ്ട്രീയ നേതാക്കളായ കെ.ടി. ജലീലിന്റേയും വി.എസ്. സുനിൽ കുമാറിന്റേയും പി. ബാലചന്ദ്രന്റേയും വൈശാഖനടക്കം ഇടതുപക്ഷത്തു നിൽക്കുന്ന പല എഴുത്തുകാരേയും സാക്ഷി നിർത്തി സാറാ ജോസഫും ഭാഗ്യലക്ഷ്മിയും മറ്റും സർക്കാരിനെതിരെ ആഞ്ഞടിക്കുന്ന കാഴ്ചക്കായിരുന്നു അക്കാദമി സാക്ഷ്യം വഹിച്ചത്. സർക്കാർ അതിജീവിതക്കൊപ്പം തന്നെ എന്ന് വി.എസ്. സുനിൽ കുമാർ മറുപടി പറഞ്ഞു. എന്നാൽ വേദിയിൽ തന്നെ വായിച്ച, അതിജീവിത മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിന്റെ പശ്ചാത്തലത്തിൽ അതെത്ര മാത്രം വിശ്വസനീയം എന്ന ചോദ്യം അവശേഷിക്കുകയാണ്.  അന്വേഷണത്തിന് മേൽനോട്ടച്ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ അവസാന ഘട്ടത്തിൽ മാറ്റിയത്  പ്രതികൂലമായി ബാധിച്ചതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 
ഇന്നത്തെ സാഹചര്യത്തിൽ കോടതി പറഞ്ഞ സമയത്തിൽ കേസിന്റെ  ചാർജ് കൊടുത്താൽ പിന്നെ ഈ കേസിൽ നീതി കിട്ടില്ല എന്ന് ഉറപ്പായതിന്റെ പശ്ചാത്തലത്തിലാണ്  ഹൈക്കോടതിയിൽ താനായിട്ട്  ഹരജി നൽകിയത് എന്ന് നടി മുഖ്യമന്ത്രിയോട് വ്യക്തമാക്കിയിരുന്നു. ഇത്തരെമാരു സാഹചര്യത്തിലാണ് ഈ കുറിപ്പിന്റെ തലക്കെട്ട് പ്രസക്തമാകുന്നത്. അതിനു മറുപടി പറയാൻ ഓരോ മലയാളിയും ബാധ്യസ്ഥരാണ്.

Latest News