ഉപയോക്താക്കളുടെ ഡാറ്റ ദുരുപയോഗം; ട്വിറ്ററിന് 150 മില്യൺ ഡോളർ പിഴ

പരസ്യങ്ങൾക്കായി ഉപയോക്താക്കളുടെ ഡാറ്റ നിയമ വിരുദ്ധമായി ഉപയോഗിച്ചുവെന്ന ആരോപണം നേരിടന്ന ട്വിറ്റർ അമേരിക്കയിൽ 150 ദശലക്ഷം ഡോളർ പിഴ നൽകണം. ടാർഗറ്റ് ചെയ്തുള്ള പരസ്യങ്ങൾ എത്തിക്കുന്നതിന് പരസ്യ ദാതാക്കളെ സഹായിക്കാൻ ഉപയോക്താക്കളുടെ ഡാറ്റ ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം. റെഗുലേറ്റർമാരുമായി ഉണ്ടാക്കിയ കരാർ ട്വിറ്റർ ലംഘിച്ചുവെന്നാണ്  ഫെഡറൽ ട്രേഡ് കമ്മീഷനും (എഫ്.ടി.സി) നീതിന്യായ വകുപ്പും ആരോപിച്ചതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു.ഫോൺ നമ്പറുകൾ, ഇ-മെയിൽ വിലാസങ്ങൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ പരസ്യദാതാക്കൾക്ക് നൽകില്ലെന്ന് ട്വിറ്റർ ഉറപ്പു നൽകിയിരുന്നതാണ്. സോഷ്യൽ മീഡിയ കമ്പനി ഈ നിയമങ്ങൾ ലംഘിച്ചതായി ഫെഡറൽ അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
യൂറോപ്പിലെ ജി.പി.ഡി.ആർ ഡാറ്റ സ്വകാര്യത നിയമങ്ങൾ ലംഘിച്ചതിന് 2020 ഡിസംബറിൽ ട്വിറ്ററിന് നാല് ലക്ഷം പൗണ്ട് പിഴ ചുമത്തിയിരുന്നു. ഉപഭോക്തൃ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അമേരിക്കയിലെ സ്വതന്ത്ര ഏജൻസിയാണ് എഫ.്ടി.സി. 2011 ൽ എഫ്.ടി.സി നൽകിയ ഉത്തരവ് ട്വിറ്റർ ലംഘിച്ചുവെന്ന് ഏജൻസി കുറ്റപ്പെടുത്തുന്നു.
സാദാ ഉപയോക്താക്കൾ മുതൽ സെലിബ്രിറ്റികളെയും കോർപറേഷനുകളെയും വരെ ട്വീറ്റ് ചെയ്യാൻ അനുവദിക്കുന്ന ട്വിറ്റർ അതിന്റെ പ്ലാറ്റ്‌ഫോമിലെ പരസ്യങ്ങളിൽ നിന്നാണ് വരുമാനത്തിന്റെ ഭൂരിഭാഗവും കരസ്ഥമാക്കുന്നത്. അക്കൗണ്ട് സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ഒരു ഫോൺ നമ്പറോ ഇ-മെയിൽ വിലാസമോ നൽകാൻ 2013 ൽ ട്വിറ്റർ ഉപയോക്താക്കളോട് ആവശ്യപ്പെട്ടു തുടങ്ങിയിരുന്നുവെന്ന് എഫ്.ടി.സിക്ക് വേണ്ടി ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് സമർപ്പിച്ച പരാതിയിൽ പറയുന്നു.  സുരക്ഷാ ആവശ്യങ്ങൾക്കായി ഉപയോക്താക്കളിൽ നിന്ന് നേടിയെടുത്ത ഡാറ്റ പക്ഷേ പരസ്യങ്ങൾ ഉപയോഗിച്ച് ഉപയോക്താക്കളെ ടാർഗറ്റ് ചെയ്യാൻ ഉപയോഗിച്ചുവെന്നും എഫ്.ടി.സി അധ്യക്ഷയായ ലിന ഖാൻ പറഞ്ഞു.140 ദശലക്ഷത്തിലധികം ട്വിറ്റർ ഉപയോക്താക്കളെയാണ് ഇത് ബാധിച്ചത്. അതേസമയം ട്വിറ്ററിന്റെ പ്രാഥമിക വരുമാന സ്രോതസ്സ് വർധിക്കുകയും ചെയ്തു.

Latest News