ആധാർ സംവിധാനം രാജ്യമാകെ നടപ്പാക്കുകയും അക്കാര്യത്തിൽ ഒരുപാട് ദൂരം മുന്നോട്ട് പോകുകയും ചെയ്ത സാഹചര്യത്തിൽ ഈ സംവിധാനം പൂർണമായും ഉപേക്ഷിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ വ്യക്തി വിവരങ്ങൾ അപ്പാടെ ചോരുകയും അത് പലവിധത്തിൽ ദുരുപയോഗം നടത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ കൃത്യമായ ഒരു നിലപാട് കേന്ദ്ര സർക്കാർ എടുക്കേണ്ടതുണ്ട്. ആധാർ പിൻവലിക്കാൻ സാധ്യമല്ലെങ്കിൽ അതിന്റെ സുരക്ഷാ സംവിധാനങ്ങൾ കുറ്റമറ്റതാക്കേണ്ടതുണ്ട്. മാത്രമല്ല, ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കുകയും ദുരുപയോഗത്തിന് സാധ്യതയുള്ള സ്വകാര്യ ഇടങ്ങളിൽ ആധാർ നിർബന്ധമല്ലെന്ന് സർക്കാർ തീരുമാനമെടുക്കുകയും വേണം.
രാജ്യത്ത് ആധാർ കാർഡ് ദുരുപയോഗം ചെയ്യുന്നത് തടയാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ഒരു മാർഗനിർദേശം പുറപ്പെടുവിക്കുകയും അടുത്ത മണിക്കൂറിൽ തന്നെ അത് പിൻവലിക്കുകയും ചെയ്തത് ആധാർ കാർഡിന്റെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കകൾ വീണ്ടും ഉയർത്തിയിരിക്കുകയാണ്. ഇക്കഴിഞ്ഞ മെയ് 27 ന് ആധാർ കാർഡിന്റെ കോപ്പി ഒരു സ്ഥാപനവുമായി പങ്കിടരുതെന്നും കോപ്പി നൽകേണ്ട സാഹചര്യത്തിൽ ആധാർ നമ്പറിന്റെ ഒരു ഭാഗം മറച്ചുവെച്ചുകൊണ്ടുള്ള മാസ്ക്ഡ് കോപ്പി മാത്രമേ നൽകാവൂവെന്നുമാണ് കേന്ദ്ര സർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചത്. ആധാർ കാർഡുകൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഇത് തടയാൻ വേണ്ടിയാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെ മുന്നറിയിപ്പ് സംബന്ധിച്ച് ടെലിവിഷൻ, ഓൺലൈൻ വാർത്താ മാധ്യമങ്ങൾ വളരെ പ്രാധാന്യത്തോട് കൂടി വാർത്ത നൽകുകയും ചെയ്തു. മാർഗനിർദേശം പുറത്തിറക്കി എതാനും സമയത്തിനുള്ളിൽ ഇത് പിൻവലിച്ച് തിരുത്തൽ നിർദേശവുമായി കേന്ദ്ര ഐ.ടി മന്ത്രാലയം രംഗത്തെത്തുകയായിരുന്നു.
കേന്ദ്ര സർക്കാരിന്റെ നിർദേശം തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഐ.ടി വകുപ്പിന്റെ തിരുത്തൽ നിർദേശത്തിൽ പറഞ്ഞത്. ആധാർ കാർഡ് വിവരങ്ങൾ കൈമാറുമ്പോൾ സാധാരണ മുൻകരുതൽ മതിയെന്നും സ്വകാര്യത സംരക്ഷിക്കാൻ ആധാർ കാർഡിൽ ആവശ്യമായ സൗകര്യങ്ങളുണ്ടെന്നുമാണ് തിരുത്തൽ മാർഗനിർദേശത്തിൽ പറഞ്ഞത്. ആധാർ കാർഡ് ഡൗൺലോഡ് ചെയ്യുന്നതിന് ഇന്റർനെറ്റ് കഫേകളെ ആശ്രയിക്കരുതെന്നും അഥവാ അങ്ങനെ ചെയ്യേണ്ടി വന്നാൽ ഇ-ആധാറിന്റെ ഡൗൺലൗഡ് ചെയ്ത പകർപ്പുകൾ ഡിലീറ്റ് ചെയ്തു എന്ന് ഉറപ്പു വരുത്തണമെന്നും തിരുത്തൽ നിർദേശത്തിൽ പറയുന്നുണ്ട്.
അടിയന്തരമായി കേന്ദ്ര സർക്കാർ ഒരു മാർഗനിർദേശം പുറപ്പെടുവിക്കുകയും തൊട്ടു പിന്നാലെ അത് തിരുത്തുകയും ചെയ്തതോടെ ഒരു കാര്യം വ്യക്തമായിരിക്കുകയാണ്. ആധാർ കാർഡ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ കേന്ദ്ര സർക്കാരിന് ലഭിച്ചിട്ടുണ്ട്. എവിടെ നിന്ന്, ഏതെല്ലാം രീതിയിലാണ് ഇതിന്റെ ദുരുപയോഗമെന്ന് പോലും തെളിവുകൾ സഹിതം കിട്ടിയതുകൊണ്ടാകാം ആധാറിന്റെ ദുരുപയോഗം സംബന്ധിച്ച മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ ആദ്യം പുറപ്പെടുവിച്ചത്. ഹോട്ടലുകൾ അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങൾ വഴിയുള്ള ദുരുപയോഗത്തെ കുറിച്ച് മാർഗനിർദേശത്തിൽ വ്യക്തമായി പറയുന്നുണ്ട്. ഇത് പുറപ്പെടുവിച്ച ശേഷമായിരിക്കും ഇത്തരമൊരു മാർഗനിർദേശത്തിന്റെ പ്രത്യാഘാതത്തെ കുറിച്ച് കേന്ദ്ര സർക്കാർ ചിന്തിച്ചിട്ടുണ്ടാകുക.
ആധാർ കാർഡിന്റെ വ്യാപകമായ ദുരുപയോഗത്തെക്കുറിച്ച് നേരത്തെ തന്നെ നിരവധി ആരോപണങ്ങൾ ഉയരുകയും സുപ്രീം കോടതി ഈ വിഷയത്തിൽ ഇടപെടുകയും കാതലായ ആശങ്കകൾ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആ സമയത്തെല്ലാം തന്നെ ആധാർ കാർഡിന്റെ ആവശ്യകതയെ കോടതിയിൽ പോലും ന്യായീകരിക്കുകയും ദുരുപയോഗത്തിനുള്ള സാധ്യത കേന്ദ്ര സർക്കാർ തള്ളുകയും ചെയ്തതാണ്. ദുരുപോയഗപ്പെടുത്താൻ സാധ്യതയില്ലാത്ത വിധത്തിൽ കൃത്യമായ സുരക്ഷാ സംവിധാനങ്ങളോട് കൂടിയാണ് ആധാർ കാർഡ് തയാറാക്കുന്നതെന്നും അതുകൊണ്ട് തന്നെ വ്യക്തിവിവരങ്ങളൊന്നും ചോരുന്നില്ലെന്നുമാണ് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. മാത്രമല്ല, ആധാർ കാർഡ് സംവിധാനം ശക്തമായി തന്നെ മുന്നോട്ട് കൊണ്ടുപോകുമെന്ന നിലപാടും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ആധാർ കാർഡ് ദുരുപയോഗം ചെയ്യുന്നുവെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാർഗനിർദേശങ്ങളിലൂടെ കേന്ദ്ര സർക്കാർ തന്നെ സമ്മതിക്കുന്നത് വലിയ കോലാഹലങ്ങൾക്കും നിയമപ്രശ്നങ്ങൾക്കും വഴിവെക്കുമെന്ന് സർക്കാർ കണക്കുകൂട്ടുന്നുണ്ട്. ഈ ബോധ്യമുള്ളതു കൊണ്ടാണ് പെട്ടെന്ന് തന്നെ തിരുത്തൽ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
ആധാർ വ്യക്തിയുടെ സ്വകാര്യത ഇല്ലാതാക്കുമെന്ന് ശക്തമായ ആരോപണങ്ങൾ നിലനിൽക്കുമ്പോഴും ഒരു പൗരനെ അടിസ്ഥാനപ്പെടുത്തിയുള്ള എല്ലാ സംവിധാനങ്ങളും ആധാറിന് കീഴിൽ കൊണ്ടുവരുന്ന ശക്തമായ നീക്കങ്ങളാണ് കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. അത് ഏറെക്കൂറെ പൂർണതയിലേക്ക് എത്തിക്കഴിഞ്ഞു.
ആധാർ കാർഡില്ലാതെ ഒരു പൗരന് ഇന്ത്യയിൽ നിയമപരമായി ജീവിക്കാൻ കഴിയില്ലെന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. വ്യക്തിവിവരങ്ങൾ ആധാർ കാർഡിലൂടെ ചോരുകയെന്നത് ഒരു വ്യക്തിയെ സംബന്ധിച്ച് അയാളുടെ മൗലികാവകാശത്തിൻമേലുള്ള കടന്നുകയറ്റമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആധാർ വ്യക്തികളുടെ സ്വകാര്യത ഇല്ലാതാക്കുമെന്ന് ചൂണ്ടിക്കാട്ടി വിരമിച്ച ജഡ്ജിയടക്കമുള്ളവർ സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നത്.
ഇത് സംബന്ധിച്ച വാദപ്രതിവാദങ്ങൾ സുപ്രീം കോടതിയിൽ നടക്കുമ്പോഴാണ് വിവിധ സംസ്ഥാനങ്ങളിലെ 13 കോടിയിലേറെ വ്യക്തികളുടെ ആധാർ വിവരങ്ങൾ ചോർന്നതായി വിവരങ്ങൾ പുറത്ത് വന്നത്. രാജ്യത്തെ പൗരൻമാരുടെ മുഴുവൻ ആധാർ വിവരങ്ങളും ചില സ്വകാര്യ ഏജൻസികൾ ശേഖരിച്ചിട്ടുണ്ടെന്നും 500 രൂപ കൊടുത്താൽ മുഴുവൻ വിവരങ്ങളും ഇന്റർനെറ്റിലൂടെ ലഭിക്കുമെന്നും കൃത്യമായ തെളിവുകൾ സഹിതം ഒരു വാർത്താ മാധ്യമം പിന്നീട് പുറത്ത് വിടുകയും ചെയ്തു. ഇതോടെ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് ആധാർ കാർഡുകൾ തയാറാക്കുന്നതെന്ന വിവരം പുറത്ത് വന്നു.
ആധാർ സംബന്ധിച്ച് സുപ്രീം കോടതിയിലുള്ള കേസിൽ 2018 സെപ്റ്റംബറിനാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പ്രഖ്യാപിച്ചത്. സബ്സിഡികൾക്കും സേവനങ്ങൾക്കും ആധാർ നിർബന്ധമാക്കിക്കൊണ്ട് 2016 ജൂലൈയിൽ ലോക്സഭ പാസാക്കിയ നിയമത്തെ അഞ്ചംഗ ബെഞ്ചിലെ ഒരു ജഡ്ജിയൊഴികെ മറ്റ് നാല് പേരും അംഗീകരിക്കുകയാണ് ചെയ്തത്. അതിന് ശേഷം എല്ലാ കാര്യങ്ങൾക്കും ആധാർ നിർബന്ധമാക്കിക്കൊണ്ട് സർക്കാർ ശക്തമായി മുന്നോട്ട് പോകുകയും ചെയ്തു. സ്വകാര്യ മൊബൈൽ കമ്പനികളും മറ്റും ആധാർ വിവരങ്ങൾ ശേഖരിക്കുന്നതിൽ സുപ്രീം കോടതിക്ക് അതൃപ്തിയുണ്ടായിരുന്നെങ്കിലും അതൊന്നും കേന്ദ്ര സർക്കാർ ഗൗനിച്ചില്ല.
ആധാർ ദുരുപയോഗത്തിനുള്ള സാധ്യതകൾ ഇപ്പോൾ പുറത്തിറക്കിയ മാർഗനിർദേശത്തിലൂടെ കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടിയതോടെ ആധാറിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച വരുന്നുണ്ടെന്ന കാര്യം സർക്കാർ തുറന്നു സമ്മതിച്ചിരിക്കുകയാണ്. അതിന്റെ അനന്തര ഫലങ്ങൾ എന്താകുമെന്നുള്ള ഭീതിയാണ് ഇപ്പോൾ ഉയരുന്നത്. ഈ വിഷയത്തെ നിസ്സാരവത്കരിക്കാൻ കഴിയില്ല. ആധാർ വിവരങ്ങൾ ചോർത്തിയെടുത്ത് സാമ്പത്തികമായും മറ്റു തരത്തിലുമുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ വലിയ തോതിൽ രാജ്യത്ത് ഇപ്പോൾ നടന്നു വരുന്നുണ്ട്.
ആധാർ സംവിധാനം രാജ്യമാകെ നടപ്പാക്കുകയും അക്കാര്യത്തിൽ ഒരുപാട് ദൂരം മുന്നോട്ട് പോകുകയും ചെയ്ത സാഹചര്യത്തിൽ ഈ സംവിധാനം പൂർണമായും ഉപേക്ഷിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ വ്യക്തി വിവരങ്ങൾ അപ്പാടെ ചോരുകയും അത് പലവിധത്തിൽ ദുരുപയോഗം നടത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ കൃത്യമായ ഒരു നിലപാട് കേന്ദ്ര സർക്കാർ എടുക്കേണ്ടതുണ്ട്. ആധാർ പിൻവലിക്കാൻ സാധ്യമല്ലെങ്കിൽ അതിന്റെ സുരക്ഷാ സംവിധാനങ്ങൾ കുറ്റമറ്റതാക്കേണ്ടതുണ്ട്. മാത്രമല്ല, ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കുകയും ദുരുപയോഗത്തിന് സാധ്യതയുള്ള സ്വകാര്യ ഇടങ്ങളിൽ ആധാർ നിർബന്ധമല്ലെന്ന് സർക്കാർ തീരുമാനമെടുക്കുകയും വേണം.






