വിജയ് ബാബു തിരിച്ചെത്തി,  ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി

കൊച്ചി-  യുവനടിയുടെ ലൈംഗിക പീഡന കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബു ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തി. നടി പരാതി നല്‍കിയതിന് പിന്നാലെ വിദേശത്തേക്ക് കടന്ന വിജയ് ബാബു രാവിലെ ഒന്‍പതരയോടെയാണ് കൊച്ചിയില്‍ എത്തിയത്. എന്നോടൊപ്പം നിന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നന്ദിയെന്ന് വിജയ്ബാബു പറഞ്ഞു.. എന്തിനാണ് ഒളിവില്‍ പോയതെന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും വിജയ്ബാബു തയ്യാറായില്ല.
സത്യം കോടതിയില്‍ തെളിയിക്കും. കോടതിയില്‍ വിശ്വസമുണ്ടെന്നും പോലീസുമായി പൂര്‍ണമായി സഹകരിക്കുമെന്നും വിജയ്ബാബു പറഞ്ഞു. ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ഒരു മാസത്തിന് ശേഷം വിജയ് ബാബു മടങ്ങിയെത്തുന്നത്. അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. അറസ്റ്റില്‍ നിന്ന് ഇമിഗ്രേഷന്‍ വിഭാഗത്തെയും വിലക്കിയിട്ടുണ്ട്. 
വിജയ് ബാബുവിന്റെ  മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. അതുവരെയാണ് അറസ്റ്റ് തടഞ്ഞത്. പോലീസ് കേസെടുത്തതിന് പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. അവിടെ നിന്ന് ജോര്‍ജിയയിലേക്കും പോയിരുന്നു. 
 

Latest News