Sorry, you need to enable JavaScript to visit this website.

ബോളിവുഡ് സംഗീതത്തിലെ മലയാളി സ്പര്‍ശം, കെ.കെയുടെ അപ്രതീക്ഷിത വിയോഗത്തില്‍ നടുക്കം

മുംബൈ- ബോളിവുഡ് സംഗീതരംഗത്തെ മലയാളി സ്പര്‍ശമായിരുന്നു കൊല്‍ക്കത്തയില്‍ അന്തരിച്ച കെ.കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത്.  ചൊവ്വാഴ്ച രാത്രി കൊല്‍ക്കത്തയിലെ പരിപാടിയില്‍  ഒരു മണിക്കൂറോളം പാടിയ ശേഷം ഹോട്ടലിലേക്കു മടങ്ങിയെത്തിയ കെ.കെക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. കെ.കെയുടെ അപ്രതീക്ഷിത വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബോളിവുഡിലെ പ്രമുഖര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

തൃശൂര്‍ തിരുവമ്പാടി സ്വദേശി സി.എസ്. മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായി 1968ല്‍ ദല്‍ഹിയിലാണു ജനനം. പരസ്യചിത്ര ഗാനങ്ങള്‍ (ജിംഗിള്‍സ്) പാടിയാണു തുടക്കം.1999ലെ പല്‍ എന്ന ആദ്യ ആല്‍ബം തന്നെ ഹിറ്റായി. തുടര്‍ന്ന് ബോളിവുഡിലേക്ക്. ഹിന്ദി, തമിഴ്, തെലുഗ്, കന്നഡ, മലയാളം, മറാത്തി, ബംഗാളി, അസമീസ്, ഗുജറാത്തി ഭാഷകളിലെ സിനിമകളില്‍ പാടിയിട്ടുണ്ട്.  ഛോടായേ ഹം വോ ഗലിയാം (മാച്ചിസ്), തടപ് തടപ് (ഹം ദില്‍ ദേ ചുകെ സനം), തൂ ആഷികി ഹൈ (ജങ്കാര്‍ ബീറ്റ്സ്), ആവാര പന്‍ (ജിസം), ഇറ്റ്സ് ദ ടൈം ഫോര്‍ ഡിസ്‌കോ (കല്‍ ഹോ നാ ഹോ), കോയി കഹേ (ദില്‍ ചാഹ്താ ഹേ), ഉയിരിന്‍ ഉയിരേ (കാക്ക കാക്ക), അപ്പടി പോട് (ഗില്ലി) തുടങ്ങിയ ജനപ്രിയ ഗാനങ്ങളിലൂടെ പേരെടുത്തു. പുതിയ മുഖം (2009) എന്ന സിനിമയില്‍ കെ.കെ പാടിയ 'രഹസ്യമായ് രഹസ്യമായ്' പ്രശസ്തമാണ്. ഭാര്യ: ജ്യോതി കൃഷ്ണ. മകന്‍ നകുല്‍ കൃഷ്ണ.

 

Latest News