സൗദിയുമായി ബന്ധം: പ്രതീക്ഷ കൈവിടാതെ ഇസ്രായേല്‍, ദീര്‍ഘ പ്രകിയ ആയിരിക്കുമെന്ന് വിദേശമന്ത്രി

ജറൂസലം-സൗദി അറേബ്യയുമായി ബന്ധം സാധാരണ നിലയിലാക്കാനുള്ള കരാറിലെത്തുക എളുപ്പമല്ലെന്നും അതൊരു ദീര്‍ഘ  പ്രക്രിയയായിരിക്കുമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി യെയര്‍ ലാപിഡ് പറഞ്ഞു. എന്നാല്‍ സൗദിയുമായി സാധാരണ ബന്ധം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹത്തെ ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.
സൗദി അറേബ്യയുമായി ബന്ധം സാധാരണനിലയിലാക്കുക സാധ്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അത് ഞങ്ങളുടെ താല്‍പര്യവുമാണ്. അബ്രഹാം ഉടമ്പടിക്ക് ശേഷമുള്ള അടുത്ത ഘട്ടം ഇതാണെന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ദീര്‍ഘവും ജാഗത്രതയോടെയുമുള്ള  ഒരു പ്രക്രിയ ആയിരിക്കും ഇത്- അദ്ദേഹം പറഞ്ഞു.
യു.എ.ഇ.യുമായും ബഹ്‌റൈനുമായും ഒപ്പുവെച്ച മുന്‍ കരാറുകളില്‍ സംഭവിച്ചതുപോലെ ഒരു  അപ്രതീക്ഷിത പ്രഖ്യാപനമായിരിക്കില്ല സൗദിയുമായുള്ളതെന്നും  ലാപിഡ് കൂട്ടിച്ചേര്‍ത്തു.
സൗദിയുമായുള്ള ബന്ധം സാധാരണ നിലയിലാക്കുകയെന്ന ലക്ഷ്യത്തിനായി യു.എസുമായും ഗള്‍ഫ് രാജ്യങ്ങളുമായും ബന്ധപ്പെട്ട് ഇസ്രായേല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയും ഇസ്രായേലും നിലവില്‍ നയതന്ത്രബന്ധം പുലര്‍ത്തുന്നില്ല.
സൗദി അറേബ്യ ഇസ്രായേലിനെ സാധ്യതയുള്ള സഖ്യകക്ഷിയായാണ് കാണുന്നതെങ്കിലും അവര്‍ ഒരുപാട് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുണ്ടെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കഴിഞ്ഞ മാര്‍ച്ചില്‍ പറഞ്ഞിരുന്നു.
ഇസ്രായേലികളും ഫലസ്തീനികളും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കപ്പെടുകയാണ് ഇവയില്‍ പ്രധാനം.  ഞങ്ങള്‍ ഇസ്രായേലിനെ ഒരു ശത്രുവായി കാണുന്നില്ല.അവരെ സാധ്യതയുള്ള സഖ്യകക്ഷിയായി തന്നെയാണ് കാണുന്നത്. ഒരുമിച്ച് പിന്തുടരാന്‍ കഴിയുന്ന നിരവധി താല്‍പര്യങ്ങളുണ്ട്. എന്നാല്‍ അതിലേക്ക് എത്തുന്നതിന് മുമ്പ് ചില പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്- യുഎസ് മാസികയായ ദി അറ്റ്‌ലാന്റിക്കിന് നല്‍കിയ അഭിമുഖത്തില്‍ കിരീടാവകാശി പറഞ്ഞു.

 

Latest News