ഹൈദരാബാദ്-തെലങ്കാനയില്‍ സിവില്‍ സര്‍വീസ് പരീക്ഷക്കു തയാറെടുക്കുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഒരു സ്ത്രീയടക്കം അഞ്ചു പേരെ പോലീലീസ് അറസ്റ്റ് ചെയ്തു. യുവതിക്ക് തന്റെ ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഗായത്രിയെന്ന സ്ത്രീയാണ് മറ്റുള്ളവരുടെ സഹായത്തോടെ ഗൂഢാലോചന നടത്തിയതെന്ന് ഗച്ചിബൗളി പോലീസ് പറഞ്ഞു.
ഗായത്രിയും ഭര്‍ത്താവ് ശ്രീകാന്തും കൊണ്ടാപൂരിലെ ശ്രീരാംനഗറിലാണ് താമസം. സിവില്‍ സര്‍വീസ് പരീക്ഷക്കു തയാറെടുക്കുന്ന യുവതി ഇവരുടെ വീട്ടില്‍ പതിവായി വരാറുണ്ടായിരുന്നു.
യുവതിക്ക് ഭര്‍ത്താവ് ശ്രീകാന്തുമായി ബന്ധമുണ്ടെന്ന് ഗായത്രി സംശയിച്ചതിനെ തുടര്‍ന്നാണ് പദ്ധതി ആസൂത്രണം ചെയ്തത്. തുടര്‍ന്ന് ഗായത്രി യുവതിയെ വിളിച്ചുവരുത്തി ഒരു മുറിയില്‍ അടച്ചു പൂട്ടുകയായിരുന്നു. പിന്നീട് പരിചയക്കാരായ
പി വിഷ്ണു വര്‍ദ്ധന്‍, യു മനോജ് കുമാര്‍, സയ്യിദ് മസ്താന്‍, ഷെയ്ഖ് മുജാഹിദ് എന്നിവരെ വിളിച്ചുവരുത്തി. ഇവര്‍ യുവതിയുടെ കൈകളും കാലുകളും ബന്ധിക്കുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഫോട്ടോകളും വീഡിയോകളും എടുത്ത പ്രതികളും യുവതിയും സംഭവം ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി.
എന്നാല്‍, രക്ഷപ്പെട്ട യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്തെ പോലീസ് എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തു.
ആക്രമണത്തിനിരയായ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.






