പത്തനംതിട്ട- റാന്നി താലൂക്ക് ആശുപത്രിയില്‍ വേദനക്ക് ചികില്‍സ തേടിയ വിദ്യാര്‍ഥിനി മരിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിലേക്ക് നയിച്ചതെന്ന് കാട്ടി മാതാപിതാക്കള്‍ പെരുമ്പെട്ടി പൊലീസില്‍ പരാതി നല്കി. റാന്നി സെന്റ് തോമസ് കോളജിലെ ബിരുദ വിദ്യാര്‍ത്ഥിനി കരിയംപ്ലാവ് അഴകാത്തനില്‍ ശശിയുടേയും ലീലാമ്മയുടെയും മകള്‍ വി.എസ് സാനിമോളാണ് മരിച്ചത് . കഴിഞ്ഞ 26 ന് രാത്രി 10 ന് കഴുത്തിനും കൈക്കും വേദന അനുഭവപ്പെട്ട സാനിമോളെ റാന്നി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ഡ്യൂട്ടി ഡോക്ടര്‍ പരിശോധനക്കെത്തിയപ്പോള്‍ വേദന കുറഞ്ഞതായി അറിയിച്ചെങ്കിലും മൂന്നു മണിയോടെ ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ച് പോസ്റ്റ്മാര്‍ട്ടം നടത്തി. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് സാനിമോളുടെ മരണത്തിന് കാരണമെന്നാരോപിച്ച് മാതാവ് ലീലാമ്മ ദാനിയേല്‍ പെരുമ്പെട്ടി പോലീസില്‍ പരാതി നല്കി.






