വിൽക്കാനുണ്ട്, എയർ ഇന്ത്യ 

രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനിയായി തലയുയർത്തി നിന്ന എയർ ഇന്ത്യ കേന്ദ്ര സർക്കാരിന്റെ പിടിപ്പുകേടു കൊണ്ട് വിറ്റഴിക്കാൻ പോകുന്നു. തിരക്കിട്ട് എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണ നീക്കങ്ങളാണ് നടക്കുന്നത്.
സ്വാതന്ത്ര്യത്തിന് മുമ്പ് ആരംഭിച്ച് സ്വാതന്ത്ര്യത്തിന് ശേഷം പൂർണമായും സർക്കാർ നിയന്ത്രണത്തിലായി ഇന്ത്യൻ വ്യോമയാന പാതയിൽ ചിറകടിച്ചുയർന്ന എയർ ഇന്ത്യയുടെ ചിറകരിഞ്ഞത് ഉദ്യോഗസ്ഥ ലോബിയും ഒപ്പം സർക്കാരിന്റെ കെടുകാര്യസ്ഥതയുമാണ്. വർഷങ്ങളായി നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ് എയർ ഇന്ത്യ. 
കോടികളുടെ നഷ്ടമാണ് ഓരോ വർഷവും എയർ ഇന്ത്യ വരുത്തിവെക്കുന്നത്. ഇതോടെയാണ് കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി എയർ ഇന്ത്യ സ്വകാര്യവൽക്കരിക്കുന്നതിന് അംഗീകാരം നൽകിയത്. 76 ശതമാനം ഓഹരിയും വാങ്ങാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചുകൊണ്ട് വ്യോമയാന മന്ത്രാലയം പ്രാഥമിക വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തിറക്കുകയും ചെയ്തു. ബിസിനസ് കൺസൾട്ടിങ് ഏജൻസിയായ ഏണസ്റ്റ് ആൻഡ് യൂങ് എൽ.എൽ.പി ഇന്ത്യയെ എയർ ഇന്ത്യയുടെ ഓഹരി വിൽപനയുടെ ഉപദേഷ്ടാവായി നിയമിച്ചിരിക്കുന്നു.
എയർ ഇന്ത്യയെ പൂർണമായും സ്വകാര്യവൽക്കരിച്ചാലും ചില നിബന്ധനകൾ ഉൾപ്പെടുത്തി എയർ ഇന്ത്യയെത്തന്നെ രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനിയായി നിലനിർത്തുമെന്നാണ് സർക്കാരിന്റെ വാഗ്ദാനം. എന്നാൽ 76 ശതമാനം ഉടമസ്ഥാവകാശവും സ്വകാര്യവൽക്കരിച്ചാൽ രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനി എന്ന സ്ഥാനം എയർ ഇന്ത്യക്ക് നഷ്ടമാകുമെന്ന് തീർച്ചയാണ്. 
കോടികളുടെ ബാധ്യതയുള്ള എയർ ഇന്ത്യയെ പുനരുദ്ധരിക്കാനുള്ള സകല വഴികളും വിവിധ കാലത്തെ സർക്കാരുകൾ നോക്കിയിരുന്നു. പലതും ഭാഗികമായി വിജയിച്ചെങ്കിലും കടബാധ്യതകളുടെ പെരുപ്പം മൂലം ബാധ്യതകൾ ഇപ്പോഴും ഏറിവരികയാണ്. സമ്പൂർണ സ്വകാര്യവൽക്കരണ നടപടികളുമായി മുന്നോട്ടു പോകുന്ന കേന്ദ്ര സർക്കാരിന്റെ നീക്കം ഇന്ത്യൻ വ്യോമയാന മേഖലയിൽ ഉയർത്തുന്ന ചോദ്യങ്ങൾ പലതാണ്.

എയർ ഇന്ത്യയുടെ പിറവി
1932 ൽ ജെ.ആർ.ഡി. ടാറ്റ, ടാറ്റ എയർലൈൻസ് എന്ന പേരിലാണ് രാജ്യത്തെ ആദ്യ ഷെഡ്യൂൾഡ് വിമാനക്കമ്പനി സ്ഥാപിച്ചത്. 1946 ൽ എയർ ഇന്ത്യ എന്ന പേരിൽ ഇത് പിന്നീട് പബ്ലിക് ലിമിറ്റഡ് കമ്പനിയാക്കി മാറ്റി. സ്വാതന്ത്ര്യത്തിന് ശേഷം 1948 ലാണ്  49 ശതമാനം ഓഹരികൾ കേന്ദ്ര സർക്കാർ വാങ്ങി എയർ ഇന്ത്യ ഇന്റർനാഷനൽ എന്ന പേരിൽ രാജ്യാന്തര സർവീസുകൾ ആരംഭിച്ചത്. 1953 ൽ എയർ കോർപറേഷൻ നിയമത്തിലൂടെ ദേശീയവൽക്കരിച്ചു. എയർ ഇന്ത്യ ഇന്റർനാഷനൽ, ഇന്ത്യൻ എയർലൈൻസ് എന്നീ രണ്ടു കമ്പനികളാക്കി മാറ്റി. 1962 ൽ എയർ ഇന്ത്യ ഇന്റർനാഷനൽ എന്ന പേര് വീണ്ടും ചുരുക്കി എയർ ഇന്ത്യ എന്നാക്കി മാറ്റി.
1953 ൽ എയർ കോർപറേഷൻ ആക്ട് പിൻവലിച്ച് ഇരു കമ്പനികളെയും ലിമിറ്റഡ് കമ്പനികളാക്കി മാറ്റി. സ്വകാര്യ വിമാനക്കമ്പനികളെ സർവീസ് നടത്താൻ അനുവദിച്ചു. 
2000 ൽ ഇന്ത്യൻ എയർലൈൻസിന്റെ 51 ശതമാനവും എയർ ഇന്ത്യയുടെ 60 ശതമാനം ഓഹരികളും വിൽക്കാൻ തീരുമാനം. 2007 ൽ ഇരു കമ്പനികളും സംയോജിപ്പിച്ച് നാഷനൽ ഏവിയേഷൻ കമ്പനി ഓഫ് ഇന്ത്യ രൂപീകരിച്ചു. 2010 ൽ ഇതിനെ വീണ്ടും എയർ ഇന്ത്യ ലിമിറ്റഡ് എന്നാക്കി മാറ്റി. 
2012 ൽ സ്വകാര്യവൽക്കരണ നടപടികൾ ഉപേക്ഷിച്ച് 30,000 കോടി രൂപയുടെ പത്തു വർഷം കാലാവധിയുള്ള പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചു. രക്ഷയില്ലെന്ന് കണ്ടതോടെ 2017 ൽ 76 ശതമാനം സ്വകാര്യവൽക്കരണത്തിന് തീരുമാനം.

സാമ്പത്തിക ഭദ്രതയില്ലാത്ത കമ്പനി 
  സർക്കാർ നിയന്ത്രണത്തിലുളള വിമാനക്കമ്പനിക്ക് കേന്ദ്ര സഹായങ്ങൾ വാരിക്കോരി നൽകിയിട്ടും കടക്കെണിയിലായതിന് പിന്നിൽ വിമാന സർവ്വീസുകളുടെ താളപ്പിഴ തന്നെയാണ്. വിമാനക്കമ്പനി സ്വകാര്യവൽക്കരിക്കുമ്പോൾ ലാഭകരമാവുമെന്ന ചിന്ത തന്നെയാണ് സർക്കാർ നടത്തിപ്പിലെ താളപ്പിഴ. 27,000 വരുന്ന ജീവനക്കാരുണ്ട് എയർ ഇന്ത്യയിൽ. സ്വകാര്യവൽക്കരിക്കാൻ തുനിയുന്ന സർക്കാർ നടപടിക്കെതിരെ ഇവരൊന്നും വേണ്ട രീതിയിൽ ശബ്ദമുയർത്തുന്നതായി കാണുന്നില്ല. ജീവനക്കാരുടെ അനൈക്യമാണ് ഇത് തെളിയിക്കുന്നത്.
   നീതി ആയോഗിന്റെ നിർദേശപ്രകാരമാണ് കേന്ദ്ര സർക്കാർ എയർ ഇന്ത്യയുടെ പൂർണ സ്വകാര്യവൽക്കരണ നടപടികളിലേക്കു കടക്കുന്നത്. നിലവിൽ 48,876 കോടി രൂപയുടെ ബാധ്യതയുള്ള എയർ ഇന്ത്യ വർഷം തോറും നാലായിരം കോടി രൂപയുടെ അധിക ബാധ്യതയാണ് സർക്കാരിനു സമ്മാനിക്കുന്നത്. രാജ്യത്തെ നികുതിദായകരെ പിഴിഞ്ഞ് ഇത്രയേറെ വലിയൊരു ബാധ്യത ഇനിയും സർക്കാർ കൊണ്ടുനടക്കേണ്ടതില്ലെന്ന കണ്ടെത്തലിലാണ് ഇത്തരമൊരു നിർദേശം നീതി ആയോഗ് നൽകിയത്.
എയർ ഇന്ത്യക്ക് 1200 കോടി രൂപയുടെ ബാധ്യത തങ്ങളുടെ ജീവനക്കാരോടുമുണ്ട്. 27,000 വരുന്ന ജീവനക്കാർക്ക് ശമ്പളം അനുബന്ധ അലവൻസുകൾ എന്നീയിനങ്ങളിലുള്ള കുടിശ്ശികയാണിത്. 
പ്രവർത്തന ലാഭമുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് ഒഴികെ അഞ്ചു സബ്‌സിഡിയറി കമ്പനികളും എയർ ഇന്ത്യയും സ്വകാര്യവൽക്കരിക്കുന്നതിനാണ് ഇപ്പോൾ സർക്കാർ തീരുമാനിച്ചിട്ടുള്ളത്. 
കടബാധ്യതകളുടെ ചിറകടി
  പല കാലഘട്ടങ്ങളിലായി വിമാനങ്ങൾ വാങ്ങിയ ഇനത്തിൽ വന്ന കുടിശ്ശിഖയുള്ളത് 20,000 കോടി രൂപ. പ്രവർത്തന നഷ്ടം 30,000 കോടി രൂപ വേറെയുമുണ്ട്. ശമ്പളക്കുടിശ്ശിക 1200  കോടി  ഉൾപ്പെടെ മറ്റു ബാധ്യതകൾ രണ്ടായിരം കോടി രൂപ. വാങ്ങുന്നവർക്ക് ബാധ്യതകളോടൊപ്പം ലഭിക്കുന്നത് 43 വിമാനങ്ങൾ, ആഭ്യന്തര രാജ്യാന്തര സെക്ടറിലെ റൂട്ടുകൾ, പാർക്കിങ് സ്ലോട്ടുകൾ തുടങ്ങിയവ. ശരാശരി 48-50 പ്രായത്തിലുള്ള ജീവനക്കാർ. ഇവരിൽ 1600 പൈലറ്റുമാർ, രണ്ടായിരം എൻജിനീയറിങ് വിദഗ്ധർ, യൂണിയനുകൾ, തൊഴിൽ കരാറുകൾ തുടങ്ങിയവ വേറെയും.
എയർ ഇന്ത്യക്ക് മുംബൈ വിമാനത്താവളത്തിനടുത്ത് 100 ഏക്കറും ദൽഹിയിൽ 80 ഏക്കറും സ്ഥലമുണ്ട്. ഇതിനു മാത്രം ഏതാണ്ട് 8000 കോടി രൂപ വിലമതിക്കും. 31 വിമാന അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ട്. ഇതിൽ നല്ലൊരു ശതമാനവും പുതിയതും രാജ്യാന്തര നിലവാരമുള്ളതുമാണ്. ന്യൂയോർക്ക്, ചിക്കാഗോ, ലണ്ടൻ, സിയോൾ തുടങ്ങിയ ലോകത്തെ പ്രമുഖ വിമാനത്താവളങ്ങളിലെ പാർക്കിങ് സ്ലോട്ടുകൾ വൻ മൂല്യമേറിയതാണ്. 

കോടികളുടെ ആസ്തി 
നഷ്ടക്കച്ചവടത്തിന്റെ പേരിൽ സ്വകാര്യവൽക്കരിക്കുന്ന എയർ ഇന്ത്യക്ക് സ്വന്തമായി 118 വിമാനങ്ങളാണുള്ളത്. ഇതിൽ 77 എണ്ണം സ്വന്തവും 41 എണ്ണം പാട്ടത്തിനുമാണ്. ഇതിൽ 22 എണ്ണം മടക്കി നൽകേണ്ടവയാണ്. ബോയിങ് കമ്പനിയുടെ ബി 777, ബി 747, ബി 878, എയർ ബസിന്റെ എ 319, എ 320, എ 321, എടിആർ 42, എടിആർ 72 ഇനങ്ങളിലുള്ളതാണ് വിമാനങ്ങൾ. ഇവയുപയോഗിച്ച് നിലവിൽ പ്രതിദിനം 375 ആഭ്യന്തര, രാജ്യാന്തര സർവീസുകൾ നടത്തുന്നുണ്ട്. 
   അവസാന സാമ്പത്തിക വർഷം 1.8 കോടി യാത്രക്കാരാണ് എയർ ഇന്ത്യാ വിമാനങ്ങളിൽ സഞ്ചരിച്ചത്. വിപണി വിഹിതം 2013 ൽ 19.4 ശതമാനമായിരുന്നത് 2016 ൽ 14.6 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം മെയ് വരെ വിപണി വിഹിതം 13.3 ശതമാനമാണ്. ചെലവു കുറഞ്ഞ ആഭ്യന്തര, വിദേശ സർവീസുകൾ നടത്തുന്ന എയർ ഇന്ത്യ എക്‌സ്പ്രസ്, ആഭ്യന്തര സർവീസുകൾ മാത്രം നടത്തുന്ന അലയൻസ് എയർ, ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജോലികൾക്കായി രൂപീകരിച്ച എയർ ഇന്ത്യ സാറ്റ്‌സ്, വിമാന അറ്റകുറ്റപ്പണികൾക്കായുള്ള എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ്, ചാർട്ടർ സർവീസുകൾക്കുള്ള എയർ ഇന്ത്യ ചാർട്ടേഴ്‌സ് എന്നീ ഉപ കമ്പനികളും സ്വന്തമായിട്ടുണ്ട്.

ടാറ്റാ ഗ്രൂപ്പിന്റെ മോഹം 
ടാറ്റ എയർലൈൻസ് കൈവിട്ട ശേഷം ഏറെക്കാലത്തേക്ക് വിമാനക്കമ്പനി സ്വപ്‌നം ടാറ്റ ഗ്രൂപ്പിൽ ഉണ്ടായിരുന്നില്ല. എയർ ഇന്ത്യയുടെ ഭാഗികമായ സ്വകാര്യവൽക്കരണ നീക്കങ്ങൾ 2000 ൽ ആരംഭിച്ചപ്പോഴാണ് വീണ്ടും ടാറ്റാ ഗ്രൂപ്പ് രംഗത്ത് വരുന്നത്. ഭാഗിക പങ്കാളിത്തമാണ് അന്ന് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇതിനിടെ എയർ ഇന്ത്യ പുനരുദ്ധാരണ പാക്കേജ് സർക്കാർ പ്രഖ്യാപിക്കുകയും സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുകയും ചെയ്തതോടെ എയർ ഇന്ത്യയിൻമേലുള്ള ടാറ്റയുടെ പ്രതീക്ഷ മങ്ങി. 
എന്നാൽ മറ്റൊരു വിമാനക്കമ്പനി എന്ന ആശയത്തോടെ വിസ്താരയായും എയർ ഏഷ്യ ഇന്ത്യയായും രൂപപ്പെട്ടത്. രണ്ടും വിദേശ വിമാനക്കമ്പനികളുമായി ചേർന്നുള്ള പങ്കാളിത്ത പദ്ധതിയാണ്. എയർ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുളള സർക്കാർ നീക്കം പ്രഖ്യാപിച്ചതോടെ വീണ്ടും നീക്കം സജീവമാക്കിയിരിക്കുകയാണ് ടാറ്റ ഗ്രൂപ്പ്. എയർ ഇന്ത്യയെ പൂർണമായി ഉൾക്കൊള്ളാൻ ടാറ്റ തയാറായാൽ 65 വർഷങ്ങൾക്കു ശേഷമുള്ള മടങ്ങിവരവ് കൂടിയാവുമിത്. 
എയർ ഇന്ത്യ വാങ്ങാൻ പല പ്രമുഖരും രംഗത്തു വരാനിരിക്കുകയാണ്. വൻ മൂല്യമേറിയ വിപുലമായ സർവീസ് ശൃംഖലയിലാണ് വിദേശ വിമാനക്കമ്പനികളുടെ കണ്ണ്. ഖത്തർ എയർവേയ്‌സ് മുൻപ് എയർ ഇന്ത്യ ഓഹരികൾ വാങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചത് ഈയടിസ്ഥാനത്തിലുള്ളതാണ്. എയർ ഇന്ത്യക്ക് കൂടുതൽ വില ലഭിക്കാൻ മൽസരത്തിൽ മറ്റുള്ളവരെയും പങ്കെടുപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം എയർ ഇന്ത്യയെ ഇന്ത്യൻ കമ്പനികൾക്കു തന്നെ കൈമാറാനാണ് സർക്കാർ  തീരുമാനിച്ചത്. ഇതോടെ ടാറ്റയെ കൂടാതെ മറ്റു സ്വകാര്യ വിമാനക്കമ്പനികളും രംഗത്തു വരുമെന്ന് തീർച്ചയായി.

കെടുകാര്യസ്ഥതയിലേക്ക് ടേക്ക് ഓഫ് 
അനാവശ്യ സർവീസ് റദ്ദാക്കൽ മുതൽ ഉദ്യോഗസ്ഥരുടെ നിരുത്തരവാദ നിലപാട്, സർക്കാർ അവഗണന തുടങ്ങിയവയാണ് എയർ ഇന്ത്യയുടെ നിലനിൽപില്ലാതാക്കിയത്.  വിദേശത്ത് 46 ഓഫീസുകളുള്ള എയർ ഇന്ത്യക്ക് ഈ രാജ്യങ്ങളിൽ മിക്കയിടത്തും സർവീസില്ലെന്നതാണ് വസ്തുത. നിരവധി ബുക്കിംഗ് ഓഫീസുകൾ അനാവശ്യമായി പ്രവർത്തിക്കുന്നു. രാജ്യത്തെ 64 സിറ്റി ബുക്കിങ് ഓഫീസുകൾ ഇതിനകം തന്നെ അടച്ചുപൂട്ടി.
ഓൺലൈൻ സംവിധാനം വ്യാപകമായതോടെ നിലവിൽ ടിക്കറ്റ് ബുക്കിങ്, കാൻസലേഷൻ, റീഫണ്ട് തുടങ്ങിയവയ്ക്കായി ഓഫീസുകൾ പ്രവർത്തിപ്പിക്കേണ്ട ആവശ്യമില്ല. വെബ്‌സൈറ്റ് കൂടുതൽ മെച്ചപ്പെടുത്തി ടിക്കറ്റ് വിൽപനയും മാർക്കറ്റിംഗും കുറഞ്ഞ ചെലവിൽ നടത്തുന്നതോടെ സാമ്പത്തിക ബാധ്യത കുറക്കാനാകും.
ഇങ്ങനെ 18 കോടി രൂപ ലാഭിക്കാനാകുമെന്നാണ് നേരത്തെ എയർ ഇന്ത്യ നടത്തിയ സർവേയിൽ പറയുന്നത്. എന്നാൽ ഇതൊന്നും പ്രാബല്യത്തിലാക്കാൻ തൽക്കാലമില്ലെന്ന് പറഞ്ഞ് സർക്കാർ സ്വകാര്യ ലോബിക്ക് ലാഭം കൊയ്യാൻ അവസരമൊരുക്കി കാത്തിരിക്കുകയാണ്.
 

Latest News