Sorry, you need to enable JavaScript to visit this website.

വ്യാജ വീഡിയോ നിർമിച്ച് തെരഞ്ഞെടുപ്പ് ജയിക്കേണ്ട ആവശ്യം യു.ഡി.എഫിനില്ലെന്ന് കെ. സുധാകരൻ

കൊച്ചി- ഒരു സ്ഥാനർഥിക്കെതിരെയും വ്യാജ വീഡിയോ നിർമിച്ച് തെരഞ്ഞെടുപ്പ് ജയിക്കേണ്ട ആവശ്യം യു.ഡി.എഫിനില്ലെന്നും തൃക്കാക്കര കോൺഗ്രസിന്റെ ഉറച്ചകോട്ടയാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. വ്യാജ വീഡിയോ നിർമിച്ചവരെയും അത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സർക്കാരും പോലീസും മടിക്കുന്നു. ഇത്തരം ഒരു വീഡിയോ നിർമിച്ച് പ്രചരിപ്പിച്ചതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. അതിന്റെ നേട്ടം ഉണ്ടാക്കാൻ ശ്രമിക്കുന്നത് ആരാണെന്ന് സി.പി.എം നേതാക്കളുടെ പ്രതികരണത്തിൽ നിന്നും വ്യക്തമാണ്. വൈകാരിക വിഷയമായി ഉയർത്തി തൃക്കാക്കരയിലെ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനാണ് സി.പി.എം ശ്രമം. എൽ.ഡി.എഫ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കം വ്യാജ വീഡിയോക്ക് പിന്നിലുണ്ടോയെന്ന് അന്വേഷിക്കണം. വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് സി.പി.എം പ്രവർത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ പോലീസ് എ.കെ.ജി സെന്ററിലെ നിർദേശം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. വീഡിയോ പ്രചാരണവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് രാഷ്ട്രീയം കളിക്കുന്നു. എൽ.ഡി.എഫിന് വികസനമോ മറ്റു രാഷ്ട്രീയ വിഷയങ്ങളോ ചർച്ച ചെയ്യാനില്ലാത്തത് കൊണ്ടാണ് വീഡിയോയെ കുറിച്ച് പ്രചാരണം നടത്തുന്നത്. പരാജയ ഭീതിയാണ് സി.പി.എമ്മിനെ ഇത്തരം ഒരു വീഡിയോ പ്രചരിപ്പിക്കാൻ പ്രേരിപ്പിക്കുന്നതെന്നും സുധാകരൻ പറഞ്ഞു. പി.ടി. തോമസിന്റെ മരണം പോലും സൗഭാഗ്യമായി കാണുന്ന മനോനിലയാണ് മുഖ്യമന്ത്രിക്കും സി.പി.എമ്മിനുമുള്ളത്. നേതാക്കൾക്കെതിരെ സൈബർ ആക്രമണം നടത്തുന്നത് സി.പി.എം ശൈലിയാണ്. ഈ വിഷയത്തിൽ ബി.ജെ.പിയും ഒട്ടും പിന്നിലല്ല. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും കുടുംബത്തിനെതിരെയും ഹീനമായ സൈബർ ആക്രമണം നടത്തിയവരാണ് സി.പി.എമ്മുകാർ. രമേശ് ചെന്നിത്തലക്കെതിരെയും സാംസ്‌കാരിക നായകർക്കെതിരെയും മാധ്യമപ്രവർത്തകർക്കെതിരെയും സി.പി.എം സൈബർ ഗുണ്ടകൾ അഴിഞ്ഞാടി. അസത്യങ്ങൾ വിളിച്ചുപറയുന്നതിലും നുണപ്രചരണം നടത്തുന്നതിലും ആനന്ദം കണ്ടെത്തുന്നവരാണ് സി.പി.എമ്മുകാർ. നെറികേടിന്റെ രാഷ്ട്രീയമാണ് സി.പി.എമ്മിന്റെത്. കൊലയാളികളെ സംരക്ഷിക്കുന്നത് പോലെ സി.പി.എം സൈബർ ഗുണ്ടകളെയും സംരക്ഷിക്കുകയാണെന്ന് കെ. സുധാകരൻ പറഞ്ഞു.

Latest News