ഇന്ദ്രന്‍സിനെ പിന്തുണച്ച് ഷാഫി പറമ്പിലും ടി. സിദ്ദീഖും

കൊച്ചി- സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ്യമാധ്യമങ്ങളില്‍ പ്രമുഖര്‍ പോസ്റ്റുമായി എത്തി. പരോക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എം.എല്‍.എ ഇന്ദ്രന്‍സിന്റെ ചിത്രം പങ്കുവച്ച് ഒപ്പം അവാര്‍ഡ് ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍ എന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ചത് വാര്‍ത്തയാവുകയും ചെയ്തു. ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രം ഹോമിന് പുരസ്‌കാരനിര്‍ണയത്തില്‍ പരിഗണന ലഭിക്കാത്തതില്‍ വലിയ തരത്തിലുള്ള ചര്‍ച്ചകളാണ് ഉയരുന്നത്.

നടി രമ്യ നമ്പീശനും ഇന്ദ്രന്‍സിന്റെ ചിത്രം പങ്കുവച്ച് എത്തിയിരിക്കുകയാണ്. ''ഹോം, എന്നും ഞങ്ങളുടെ ഹൃദയത്തില്‍'' എന്ന തലക്കെട്ടോടെയാണ് രമ്യയുടെ പോസ്റ്റ്.

'ജന ഹൃദയങ്ങളില്‍ മികച്ച നടന്‍ ഇന്ദ്രന്‍സേട്ടന്‍', 'ഹോമിലെ ഇന്ദ്രന്‍സ് ചേട്ടനാണ് മലയാളികളുടെ മനസ്സിലെ 2021 ലെ മികച്ച നടന്‍' തുടങ്ങി പോസ്റ്റിനു താഴെ പ്രതികരണങ്ങള്‍ നീളുകയാണ്.

കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദീഖും അവാര്‍ഡ് നിര്‍ണയത്തെ വിമര്‍ശിച്ച് രംഗത്തെത്തി. 'ഹൃദയം കവര്‍ന്ന അഭിനയ പ്രതിഭയുടെ ഹോം എന്ന സിനിമയിലെ ഈ പുഞ്ചിരിയോളം മികച്ച ഭാവപകര്‍ച്ച മറ്റ് അഭിനേതാക്കളില്‍ കാണാന്‍ കഴിഞ്ഞ ജൂറിക്ക് പ്രത്യേക അഭിനന്ദനങ്ങള്‍' എന്നാണ് കുറിപ്പ്.

 

Latest News