Sorry, you need to enable JavaScript to visit this website.

ഇറ്റലി ഇല്ലാതെ

പതിഞ്ഞ തുടക്കത്തിനു ശേഷമാണ് ഫ്രാൻസ് കത്തിക്കയറിയതും ചാമ്പ്യന്മാരായതും
വമ്പന്മാർക്ക് അടിതെറ്റിയ ലോകകപ്പായിരുന്നു 2018 ലേത്. ഇറ്റലിയും നെതർലാന്റ്‌സും യോഗ്യത നേടിയില്ല. ജർമനി ആദ്യ റൗണ്ടിൽ പുറത്തായി. 
2018 ലെ ലോകകപ്പിന്റെ താരമായിരുന്നു എംബാപ്പെ. ഫ്രഞ്ച് യുവതാരത്തിന്റെ വേഗം എതിർ ഡിഫന്റർമാർക്ക് താങ്ങാവുന്നതിലേറെയായിരുന്നു. 

2018 ജൂൺ 14-ജൂലൈ 15

കിഴക്കൻ യൂറോപ്പിലെ ആദ്യത്തെ ലോകകപ്പായിരുന്നു റഷ്യയിലേത്. ഇംഗ്ലണ്ടിനെ മറികടന്ന് റഷ്യ വേദി നേടിയെടുത്തത് വലിയ വിവാദക്കൊടുങ്കാറ്റ് സൃഷ്ടിച്ചു. അവസാന ഘട്ടത്തിൽ ഇംഗ്ലണ്ടിനും റഷ്യക്കും പുറമെ രണ്ട് സംയുക്ത ശ്രമങ്ങളുമുണ്ടായിരുന്നു. നെതർലാന്റ്‌സ്-ബെൽജിയം, പോർചുഗൽ-സ്‌പെയിൻ. ഇംഗ്ലണ്ട് വെറും രണ്ട് വോട്ടുമായി ആദ്യ റൗണ്ടിൽതന്നെ പുറത്തായി. വേദി തെരഞ്ഞെടുത്തതിൽ അഴിമതിയാരോപിച്ച് ഇംഗ്ലണ്ട് ടൂർണമെന്റ് ബഹിഷ്‌കരിക്കാനൊരുങ്ങി. ഫിഫ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും റഷ്യയെ കുറ്റവിമുക്തമാക്കിയ റിപ്പോർട്ട് ഇംഗ്ലണ്ട് അംഗീകരിച്ചില്ല. 1420 കോടി ഡോളർ മുടക്കിയ റഷ്യയിലെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയതായിരുന്നു.
2014 ലെ ലോകകപ്പിൽ പങ്കെടുത്ത 32 ടീമുകളിൽ ഇരുപതും 2018 ലും യോഗ്യത നേടി. 1982 നു ശേഷം ആദ്യമായി പെറുവും 1990 നു ശേഷം ആദ്യമായി ഈജിപ്തും ലോകകപ്പിനെത്തി. നാലു തവണ ചാമ്പ്യന്മാരായ ഇറ്റലിക്കും മൂന്നു തവണ റണ്ണേഴ്‌സ്അപ്പായ നെതർലാന്റ്‌സിനും യോഗ്യത നേടാനാവാതിരുന്നതാണ് അമ്പരപ്പായത്. ഇറ്റലിയെ പ്ലേഓഫിൽ സ്വീഡൻ ഞെട്ടിച്ചു. 2014 ലെ മൂന്നാം സ്ഥാനക്കാരായ നെതർലാന്റ്‌സ് പ്ലേഓഫ് ഘട്ടത്തിൽ പോലുമെത്തിയില്ല. ഗ്രൂപ്പ് എ-യിൽ സ്വീഡനും ഫ്രാൻസിനും പിന്നിൽ അവർ മൂന്നാം സ്ഥാനത്തായി. 2017 ലെ ആഫ്രിക്കൻ ചാമ്പ്യന്മാരായ കാമറൂൺ, 2017 ലെ കോൺകകാഫ് ഗോൾഡ് കപ്പ് ജേതാക്കളായ അമേരിക്ക, കഴിഞ്ഞ മൂന്നു ലോകകപ്പുകൾ കളിച്ച ഐവറികോസ്റ്റ്, ഘാന ടീമുകളും റഷ്യയിലെ ലോകകപ്പിനുണ്ടായില്ല. ഐസ്‌ലന്റും പാനമയും ആദ്യമായി ലോകകപ്പിനെത്തി. യോഗ്യത നേടിയ ഏറ്റവും കുറഞ്ഞ റാങ്കുകാർ ആതിഥേയരായ റഷ്യയായിരുന്നു. 11 റഷ്യൻ നഗരങ്ങളിലെ 12 സ്റ്റേഡിയങ്ങളിലാണ് ലോകകപ്പ് അരങ്ങേറിയത്. 
നിലവിലെ ചാമ്പ്യന്മാരായ ജർമനി ആദ്യ റൗണ്ടിൽ പുറത്തായി. 1938 നു ശേഷം ആദ്യമായാണ് ജർമനി ആദ്യ റൗണ്ട് കടക്കാതിരുന്നത്. ആതിഥേയരായ റഷ്യ ക്വാർട്ടർ ഫൈനൽ വരെ മുന്നേറി. 1982 നു ശേഷം ആദ്യമായി ഒരു ആഫ്രിക്കൻ രാജ്യവും ഗ്രൂപ്പ് ഘട്ടം കടന്നില്ല. നോക്കൗട്ട് റൗണ്ടിലെത്തിയ 16 ടീമുകളിൽ പതിനാലും യൂറോപ്പിൽ നിന്നോ ലാറ്റിനമേരിക്കയിൽ നിന്നോ ആയിരുന്നു. ഒപ്പം ജപ്പാനും മെക്‌സിക്കോയും. 
ആതിഥേയരായ റഷ്യയായിരുന്നു ആദ്യ റൗണ്ടിലെ ടീം. സൗദി അറേബ്യയെ 5-0 നും ഈജിപ്തിനെ 3-1 നും തകർത്ത് അവർ ഗ്രൂപ്പ് എ-യിൽ രണ്ടാമതെത്തി. മൂന്നു കളികളും ജയിച്ച ഉറുഗ്വായായിരുന്നു ഒന്നാം സ്ഥാനത്ത്. മുഹമ്മദ് സലാഹിന്റെ ഈജിപ്താണ് നിരാശപ്പെടുത്തിയത്. മൂന്നു കളികളും അവർ തോറ്റു. സൗദിക്കെതിരെ സലാഹിന്റെ ഗോളിൽ ഈജിപ്ത് ലീഡ് ചെയ്‌തെങ്കിലും ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്റുകളിലെ ഗോളിൽ തോറ്റു. 
ഗ്രൂപ്പ് ബി-യിൽ പോർചുഗലും സ്‌പെയിനും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പോർചുഗലിനെ വിറപ്പിച്ചുവിട്ട ശേഷം ഇറാൻ സമനില സമ്മതിച്ചു. മൊറോക്കോക്കോക്കെതിരെ ഇഞ്ചുറി ടൈം ഗോളിലാണ് സ്‌പെയിൻ 2-2 സമനില നേടിയത്. ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ ഹാട്രിക്കിൽ സ്‌പെയിനിനെ പോർചുഗൽ 3-3 ന് തളച്ചു. അഞ്ച് പോയന്റ് വീതം നേടി സ്‌പെയിനും പോർചുഗലും മുന്നേറി.
ഗ്രൂപ്പ് സി-യിൽ പെറുവിന്റെ ആരാധകർ ലോകത്തിന്റെ കണ്ണിലുണ്ണികളായെങ്കിലും ഒരു ജയം നേടാനേ അവർക്ക് സാധിച്ചുള്ളൂ -ഡെന്മാർക്കിനെതിരെ. ഫ്രാൻസിന് സെൽഫ് ഗോൾ വേണ്ടി വന്നു ഓസ്‌ട്രേലിയയെ തോൽപിക്കാൻ. ഡെന്മാർക്കുമായി ഗോൾരഹിത സമനില പാലിക്കുകയും ചെയ്തു. ഫ്രാൻസും ഡെന്മാർക്കും പ്രി ക്വാർട്ടറിലെത്തി. 
ഗ്രൂപ്പ് ഡി-യിലാണ് അട്ടിമറികളുടെ അമിട്ട് പൊട്ടിയത്. കന്നിക്കാരായ ഐസ്‌ലന്റ് ആദ്യ കളിയിൽ ലിയണൽ മെസ്സിയുടെ അർജന്റീനയെ 1-1 ന് തളച്ചു. രണ്ടാമത്തെ കളിയിൽ ക്രൊയേഷ്യയോട് 0-3 ന് അർജന്റീന തോറ്റു. നൈജീരിയയെയും 2-0 ന് തോൽപിച്ച് ക്രൊയേഷ്യ പ്രി ക്വാർട്ടറിലെത്തി. അർജന്റീനയുടെ നില പരുങ്ങലിലായി. നൈജീരിയക്കെതിരെ 86ാം മിനിറ്റിൽ ഡിഫന്റർ ആൽബർടൊ റോഹൊ നേടിയ ഗോൾ വേണ്ടിവന്നു കഷ്ടിച്ച് അവർക്ക് രണ്ടാം റൗണ്ടിൽ കടന്നു കൂടാൻ. സമനില നേടിയാൽ നൈജീരയക്ക് മുന്നേറാമായിരുന്നു. 
ഗ്രൂപ്പ് ഡി-യിൽ സ്വിറ്റ്‌സർലന്റുമായി 1-1 സമനിലയോടെയാണ് ബ്രസീൽ തുടങ്ങിയത്. എന്നാൽ കോസ്റ്ററീക്കയെയും സെർബിയയെയും തോൽപിച്ച് ബ്രസീൽ രണ്ടാം റൗണ്ടിലെത്തി. സെർബിയ-സ്വിറ്റ്‌സർലന്റ് മത്സരം വിവാദക്കൊടുങ്കാറ്റുയർത്തി. 3-2 വിജയത്തിൽ സ്വിറ്റ്‌സർലന്റിന്റെ ഗോളടിച്ചത് അൽബേനിയൻ വംശജരായ ഗ്രാനിറ്റ് ഷാക്കയും ഷെർദാൻ ശഖീരിയുമായിരുന്നു. ഇരുവരും സെർബിയയെ പ്രകോപിപ്പിക്കുന്ന രീതിയിലാണ് ഗോളാഘോഷിച്ചത്. 
ഗ്രൂപ്പ് എഫിൽ മെക്‌സിക്കോയോട് തോറ്റാണ് നിലവിലെ ചാമ്പ്യന്മാരായ ജർമനി ആരംഭിച്ചത്. സ്വീഡനെതിരെ ഒരു ഗോളിന് പിന്നിലായ ശേഷം വിജയം നേടിയ ജർമനി തിരിച്ചുവരവിന്റെ സൂചന നൽകി. എന്നാൽ തെക്കൻ കൊറിയ അവരുടെ ആത്മവിശ്വാസത്തിന്റെ കുമിള പൊട്ടിച്ചു. ഇഞ്ചുറി ടൈമിലെ ഇരട്ട ഗോളിൽ 2-0 ന് അവർ ജർമനിയെ അട്ടിമറിച്ചു. ചാമ്പ്യന്മാർ ഗ്രൂപ്പിൽ അവസാന സ്ഥാനത്തായി. മറ്റു രണ്ടു കളികൾ തോറ്റ കൊറിയയും മടങ്ങി. സ്വീഡനും മെക്‌സിക്കോയും രണ്ടാം റൗണ്ടിലെത്തി. 
ഗ്രൂപ്പ് ജി-യിലെ ഏറ്റവും പ്രധാനപ്പെട്ട കളിയിൽ ബെൽജിയം 1-0 ന് ഇംഗ്ലണ്ടിനെ തോൽപിച്ചു. തുനീഷ്യക്കെതിരെ ഇഞ്ചുറി ടൈം ഗോളിലാണ് ഇംഗ്ലണ്ട് ജയിച്ചത്. ബെൽജിയം മൂന്നു കളിയും ജയിച്ചു. രണ്ടു ജയവുമായി ഇംഗ്ലണ്ടും മുന്നേറി. 6-1 ന് പാനമയെ തകർത്താണ് ഇംഗ്ലണ്ട് ഫോമിലേക്കുയർന്നത്. 
ഗ്രൂപ്പ് എച്ചിൽ റോബർട് ലെവൻഡോവ്‌സ്‌കിയും പോളണ്ടും ചിത്രത്തിലേ ഉണ്ടായിരുന്നില്ല. കൊളംബിയ രണ്ടു കളികൾ ജയിച്ചു. മറ്റു ടീമുകൾ ഓരോ ജയം നേടി. ജപ്പാനും സെനഗാലും നാല് പോയന്റും തുല്യ ഗോൾവ്യത്യാസവുമായി ഒപ്പത്തിനൊപ്പമായിരുന്നു. കൂടുതൽ മഞ്ഞക്കാർഡ് നേടിയതിന്റെ പേരിൽ സെനഗാൽ പുറത്തായി. 
നോക്കൗട്ട് റൗണ്ട് ആവേശകരമായ പോരാട്ടങ്ങൾക്ക് വഴിയൊരുക്കി. കീലിയൻ എംബാപ്പെയുടെയുടെ ഫ്രാൻസും ലിയണൽ മെസ്സിയുടെ അർജന്റീനയും തമ്മിലായിരുന്നു ആദ്യ പ്രി ക്വാർട്ടർ. അർജന്റീനക്കു മുന്നിൽ ഫ്രാൻസിന്റെ മുന്നേറ്റം അവസാനിക്കുമെന്നാണ് കരുതിയത്. ആന്റോയ്ൻ ഗ്രീസ്മാന്റെ പെനാൽട്ടിയിൽ ഫ്രാൻസ് ലീഡ് നേടി. ഇടവേളക്ക് തൊട്ടുമുമ്പും പിമ്പുമായി അർജന്റീന രണ്ടു ഗോൾ മടക്കി. ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോളിൽ ബെഞ്ചമിൻ പവാഡിലൂടെ ഫ്രാൻസ് ഒപ്പമെത്തി. അതോടെ എംബാപ്പെ കടിഞ്ഞാണേറ്റെടുത്തു. എംബാപ്പെയുടെ വേഗം അർജന്റീനാ ഡിഫന്റർമാർക്ക് താങ്ങാവുന്നതിലേറെയായിരുന്നു. ഇരട്ട ഗോളുകൾ അർജന്റീനക്ക് മടക്ക ടിക്കറ്റൊരുക്കി. ലൂയിസ് സോറസിന്റെ ഉറുഗ്വായ് ക്രിസ്റ്റിയാനൊ റൊണാൾഡോയുടെ പോർചുഗലിനെ 2-1 ന് തോൽപിച്ചു. മികച്ച കളിക്കാരായ മെസ്സിയും റൊണാൾഡോയും ക്വാർട്ടർ മുതൽ വീട്ടിലിരുന്ന് കളി കാണേണ്ടി വന്നു. അട്ടിമറികൾ അവിടെ നിന്നില്ല. സ്‌പെയിനിനെ ഷൂട്ടൗട്ടിൽ റഷ്യ മറികടന്നു. ക്രൊയേഷ്യക്കെതിരെ ഒന്നാം മിനിറ്റിൽ തന്നെ ഡെന്മാർക്ക് ഗോളടിച്ചു. നാലാം മിനിറ്റിലെ ഗോളിലൂടെ ക്രൊയേഷ്യ തിരിച്ചടിച്ചു. ഒടുവിൽ പെനാൽട്ടി ഷൂട്ടൗട്ടിൽ ക്രൊയേഷ്യ ക്വാർട്ടറിലെത്തി. ബ്രസീൽ 2-0 ന് മെക്‌സിക്കോയെയും സ്വീഡൻ 1-0 ന് സ്വിറ്റ്‌സർലന്റിനെയും തോൽപിച്ചു. ബെൽജിയത്തിനെതിരെ ഇടവേള കഴിയുമ്പോഴേക്കും ജപ്പാൻ 2-0 ന് മുന്നിലെത്തി. അവസാന അര മണിക്കൂറിൽ ആവേശം കൊടുമുടി കയറി. മൂന്നു തവണ ബെൽജിയം തിരിച്ചടിച്ചു. മൂന്നാമത്തെ ഗോൾ ഫൈനൽ വിസിലിന് സെക്കന്റുകൾ മുമ്പായിരുന്നു. ഇംഗ്ലണ്ടിനെതിരെ ഇഞ്ചുറി ടൈം സമനില ഗോളിൽ കൊളംബിയ ആയുസ്സ് നീട്ടി. ഷൂട്ടൗട്ടിന്റെ ആശങ്ക ഇംഗ്ലണ്ടിനെ പിടികൂടിയെങ്കിലും ഇത്തവണ അവർ കടന്നു കൂടി.
ക്വാർട്ടറിൽ ഫ്രാൻസിന് മുന്നിൽ ബ്രസീൽ നിലംപതിച്ചു. ഇംഗ്ലണ്ട് 2-0 ന് സ്വീഡനെ തോൽപിച്ചു. നിശ്ചിത സമയത്ത് മുന്നിലെത്തിയ റഷ്യയെ ഷൂട്ടൗട്ടിൽ ക്രൊയേഷ്യ തോൽപിച്ചു. ഫ്രാൻസ് 2-0 ന് ഉറുഗ്വായെ തോൽപിച്ചു. ലോക ഒന്നാം നമ്പർ ടീമായ ബെൽജിയം സെമിയിൽ ഫ്രാൻസിന് മുന്നിൽ കീഴടങ്ങി. അഞ്ചാം മിനിറ്റിൽ മുന്നിലെത്തിയ ഇംഗ്ലണ്ടിനെ എക്‌സ്ട്രാ ടൈമിൽ ക്രൊയേഷ്യ തോൽപിച്ചു. 
മോസ്‌കോയിലെ ലൂഷ്‌നിക്കി സ്‌റ്റേഡിയത്തിലായിരുന്നു ഫൈനൽ. ക്രൊയേഷ്യ അതുവരെ ആവേശം വിതച്ചെങ്കിലും അടിമുടി ഫോമിലെത്തിയ ഫ്രാൻസിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. 4-2 ജയത്തോടെ ഫ്രാൻസ് രണ്ടാം തവണ ലോക ചാമ്പ്യന്മാരായി. പെലെ കഴിഞ്ഞാൽ ലോകകപ്പ് ഫൈനലിൽ ഗോളടിക്കുന്ന പ്രായം കുറഞ്ഞ കളിക്കാരനായി പത്തൊമ്പതുകാരൻ എംബാപ്പെ. 
ക്രൊയേഷ്യയുടെ ലൂക്ക മോദ്‌റിച് മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിന്റെ ഹാരി കെയ്‌നായിരുന്നു ടോപ്‌സ്‌കോറർ. ബെൽജിയത്തിന്റെ തിബൊ കോർട്‌വ മികച്ച ഗോളിക്കുള്ള ഗോൾഡൻ ഗ്ലൗ ബഹുമതി നേടി. ഫ്രാൻസിന്റെ എംബാപ്പെ മികച്ച യുവ താരമായി. 

അറിയാമോ?
-ഈജിപ്ത് ഗോളി ഇസ്സാം അൽഹദരി 45 വയസ്സും 161  ദിവസവും പ്രായമുള്ളപ്പോഴാണ് ലോകകപ്പിൽ അരങ്ങേറിയത്.
-209 ഫിഫ അംഗ രാജ്യങ്ങളിൽ ആതിഥേയരായ റഷ്യ ഒഴികെ എല്ലാ അംഗങ്ങളും ആദ്യമായി യോഗ്യതാ റൗണ്ടിൽ പങ്കെടുത്തു. ആദ്യ മത്സരത്തിന് മുമ്പ് സിംബാബ്‌വെയെയും ഇന്തോനേഷ്യയെയും ഫിഫ അയോഗ്യരാക്കി. ജിബ്രാൾടറും കോസൊവോയും പിന്നീടാണ് ഫിഫ അംഗങ്ങളായത്. യൂറോപ്യൻ യോഗ്യതാ റൗണ്ട് തുടങ്ങും മുമ്പായതിനാൽ ഈ രാജ്യങ്ങളും യോഗ്യതാ മത്സരങ്ങളിൽ പങ്കെടുത്തു.
-ലോകകപ്പിൽ പങ്കെടുത്ത ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യമായി പാനമ. 
-ആദ്യമായി നാല് അറബ് രാജ്യങ്ങൾ ലോകകപ്പിൽ പങ്കെടുത്തു -ഈജിപ്ത്, സൗദി അറേബ്യ, മൊറോക്കൊ, തുനീഷ്യ. മൂന്നു നോർദിക് രാജ്യങ്ങളും ലോകകപ്പിനെത്തി -ഡെന്മാർക്ക്, സ്വീഡൻ, ഐസ്‌ലന്റ്
-ഉദ്ഘാടനച്ചടങ്ങിന് കൊണ്ടുവന്ന പന്ത് അതിന് മുമ്പ് ബഹിരാകാശ പേടകമായ ഇന്റർനാഷനൽ സ്‌പെയ്‌സ് സെന്ററിലേക്ക് കൊണ്ടുപോയിരുന്നു. 
-വീഡിയൊ റിവ്യൂ സംവിധാനം ആദ്യമായി ഏർപ്പെടുത്തിയത് 2018 ലായിരുന്നു. മോസ്‌കോയിലായിരുന്നു എല്ലാ കളികളുടെയും വി.എ.ആർ (വീഡിയൊ അസിസ്റ്റന്റ് റഫറി) ആസ്ഥാനം. പോർചുഗലിനെതിരെ സ്‌പെയിനിന്റെ ഡിയേഗൊ കോസ്റ്റ നേടിയ ഗോളാണ് ആദ്യം വി.എ.ആർ സഹായത്തോടെ അംഗീകരിച്ചത്. വി.എ.ആർ സഹായത്തോടെ ആദ്യം പെനാൽട്ടി ലഭിച്ചത് ഫ്രാൻസിനാണ്. ഏറ്റവുമധികം പെനാൽട്ടി അനുവദിക്കപ്പെട്ട ലോകകപ്പായിരുന്നു ഇത്. 
-നോക്കൗട്ട് റൗണ്ടിലേക്കുള്ള സ്ഥാനം നിർണയിക്കുന്നതിൽ ഫെയർപ്ലേ പ്രാബല്യത്തിൽ വന്ന ആദ്യ ലോകകപ്പായിരുന്നു ഇത്. കുറഞ്ഞ മഞ്ഞക്കാർഡ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സെനഗാലിനെ മറികടന്ന് ജപ്പാൻ രണ്ടാം റൗണ്ടിലെത്തി. 
-ആദ്യ 36 കളികളിലും ഒരു ഗോളെങ്കിലും  പിറന്നു. ആദ്യ ഗോൾരഹിത സമനില ഡെന്മാർക്കും ഫ്രാൻസും തമ്മിലായിരുന്നു.  
-12 സെൽഫ് ഗോളുകൾ പിറന്നു. നിലവിലെ റെക്കോർഡായ ആറെണ്ണം പിറന്ന 1998 ലോകകപ്പിന്റെ ഇരട്ടി.
-നാലു കളിക്കാർ മാത്രമാണ് ചുവപ്പ് കാർഡ് കണ്ടത്. 1978 നു ശേഷം ഏറ്റവും കുറവ്. 


മൂന്ന് സമയ മേഖലകൾ

ആദ്യ ലോകകപ്പുകളിൽ യാത്ര വലിയ പ്രശ്‌നമായിരുന്നു. 1930 ലെ പ്രഥമ ലോകകപ്പിൽ പല യൂറോപ്യൻ ടീമുകളും വിട്ടുനിന്നത് നീണ്ട കപ്പൽ യാത്രയുടെ പ്രയാസങ്ങളും ചെലവും ഭയന്നാണ്. അമ്പതുകളിൽ താരതമ്യേന വിമാന യാത്രക്ക് ചെലവ് കുറഞ്ഞതോടെയാണ് ലോകകപ്പിൽ എല്ലാ ടീമുകൾക്കും പങ്കെടുക്കാമെന്നായത്. എന്നിട്ടും 1950 ലെ ലോകകപ്പിന് ഇറ്റലിയുടെ ടീം ബ്രസീലിലേക്ക് പോയത് കപ്പലിലാണ്. 1949 ലെ വിമാനാപകടത്തിൽ ഗ്രാൻഡെ ടൂറിനൊ ടീം വിമാനാപകടത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിലായിരുന്നു ഇത്. 
എന്നാൽ ആതിഥേയ രാജ്യത്ത് വലിയ തോതിൽ ടീമുകൾക്ക് യാത്ര ചെയ്യേണ്ടി വന്നിരുന്നില്ല. 2018 ലെ റഷ്യൻ ലോകകപ്പ് പക്ഷെ നീണ്ട യാത്രകളുടേതായിരുന്നു.  ലോകത്തിലെ ഏറ്റവും വലിയ രാജ്യത്താണ് ലോകകപ്പ് നടന്നത്. അതും പതിനൊന്ന് നഗരങ്ങളിലായി. റഷ്യയുടെ യൂറോപ്യൻ ഭാഗത്തായിരുന്നു ഏതാണ്ടെല്ലാ സ്റ്റേഡിയങ്ങളും. എങ്കിലും മൂന്നു സമയ മേഖലകളിലായി അവ വ്യാപിച്ചു കിടന്നു. നിരന്തര യാത്രകൾ മിക്ക ടീമിനും പ്രയാസം സൃഷ്ടിച്ചു. സ്റ്റേഡിയങ്ങൾ തമ്മിലുള്ള ഏറ്റവും കൂടിയ ദൂരം 2000 മൈലായിരുന്നു. 2014 ലെ ബ്രസീൽ ലോകകപ്പിലും ടീമുകൾക്ക് ഏറെ സഞ്ചരിക്കേണ്ടി വന്നുവെങ്കിലും റഷ്യ ലോകകപ്പ് ചരിത്രത്തിലെ തന്നെ വേറിട്ട സംഭവമായിരുന്നു. 32 ടീമുകൾക്കും ഗ്രൂപ്പ് ഘട്ടത്തിൽ മാത്രം ഏറ്റവും ചുരുങ്ങിയത് 1000 മൈലെങ്കിലും യാത്ര ചെയ്യേണ്ടി വന്നു. പത്തു ടീമുകൾ അയ്യായിരം മൈലിലേറെ സഞ്ചരിച്ചു. 
ചില ടീമുകൾ യാത്ര മുന്നിൽ കണ്ട് താവളങ്ങൾ സമർഥമായി തെരഞ്ഞെടുത്തു. ഈജിപ്ത് ടീം താമസിച്ചത് ചെച്‌നിയയിലാണ്. അവർ ഗ്രൂപ്പ് ഘട്ടത്തിൽ 7300 മൈൽ യാത്ര ചെയ്തു. ഗ്രൂപ്പിലെ മറ്റൊരു ടീമായ കൊളംബിയയെക്കാൾ ആറായിരം മൈൽ കൂടുതൽ സഞ്ചരിക്കേണ്ടി വന്നു. ആദ്യ മത്സരത്തിന് അങ്ങോട്ടും ഇങ്ങോട്ടുമായി അവർക്ക് യാത്ര ചെയ്യേണ്ടി വന്നത് 2400 മൈലാണ്. മൂന്നു കളികളും ഈജിപ്ത് തോറ്റു. 
 

Latest News