റിയാദ് - സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ പരിശോധനാ ഫീസുകളും ചികിത്സാ നിരക്കുകളും തങ്ങളുടെ വെബ്‌സൈറ്റുകള്‍ വഴി പരസ്യപ്പെടുത്തല്‍ നിര്‍ബന്ധമാക്കുന്ന നിലക്ക് സ്വകാര്യ ആരോഗ്യ സ്ഥാപന നിയമാവലിയില്‍ വരുത്തിയ ഭേദഗതികള്‍ക്ക് ആരോഗ്യ മന്ത്രി ഡോ. ഫഹദ് അല്‍ജലാജില്‍ അംഗീകാരം നല്‍കി. ഔദ്യോഗിക ഗസറ്റില്‍ പരസ്യപ്പെടുത്തുന്ന ദിവസം മുതല്‍ പുതിയ ഭേദഗതികള്‍ പ്രാബല്യത്തില്‍വരും. സ്വകാര്യ ആരോഗ്യ സ്ഥാപനത്തിലെ മെഡിക്കല്‍ ഡയറക്ടര്‍ സൗദി പൗരനായിരിക്കണമെന്ന വ്യവസ്ഥ പരിഷ്‌കരിച്ച ഭേദഗതിയില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌പെഷ്യലിസ്റ്റ് ഡെന്റല്‍ ആശുപത്രികളില്‍ മെഡിക്കല്‍ ഡയറക്ടറായി ഡെന്റല്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ അനുമതിയുണ്ട്. രോഗികള്‍ക്ക് ഫയലുകള്‍ തുറക്കുന്നത് സൗജന്യമാക്കിയിട്ടുണ്ട്.
ആശുപത്രികളിലെ മെഡിക്കല്‍ ഡയറക്ടര്‍, ടെക്‌നിക്കല്‍ സൂപ്പര്‍വൈസര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ എന്നിവര്‍ക്ക് ബാധകമായ ചില വ്യവസ്ഥകള്‍ നിയമാവലിയില്‍ നിന്ന് എടുത്തുകളയുകയും മറ്റു ചില വ്യവസ്ഥകള്‍ പുതുതായി ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പോളിക്ലിനിക്കുകള്‍, ലബോറട്ടറി, എക്‌സ്‌റേ വിഭാഗം, സപ്പോര്‍ട്ട് ഹെല്‍ത്ത് സര്‍വീസുകള്‍, ലൈസന്‍സ് പുതുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലും ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്.