Sorry, you need to enable JavaScript to visit this website.
Sunday , June   04, 2023
Sunday , June   04, 2023

ജൂറി ഹോം  സിനിമ കണ്ടുകാണില്ല- ഇന്ദ്രൻസ്

തിരുവനന്തപുരം- സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചതിൽ ഹോം സിനിമയ്ക്ക് അംഗീകാരം നിഷേധിച്ചതിലുള്ള വിഷമം തുറന്നുപറഞ്ഞ് നടൻ ഇന്ദ്രൻസ്. തനിക്ക് അവാർഡ് ലഭിക്കാത്തതിൽ വിഷമമില്ലെന്നും ഹോമിന് പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നെന്നും ഇന്ദ്രൻസ് പറഞ്ഞു. ജൂറി സിനിമ കണ്ടുകാണില്ലെന്നാണ് എനിക്ക് തോന്നുന്നത്, ഹൃദയത്തോടൊപ്പം ഹോമും ചേർത്തുവയ്ക്കാമായിരുന്നില്ലേ?, ഇന്ദ്രൻസ് ചോദിച്ചു.
എനിക്ക് അവാർഡ് ലഭിക്കാത്തതിൽ അങ്ങനെ വിഷമമില്ല, കിട്ടിയതെല്ലാം നമുക്ക് വേണ്ടപ്പെട്ടവർക്കാണ്, അവരുടെയൊക്കെ ആരാധകനാണ് ഞാൻ. അതുകൊണ്ട് അത് വലിയ സന്തോഷമാണ്. എനിക്ക് കിട്ടിയതുപോലെതന്നെയാണ്. ഹോമിന് എന്തെങ്കിലും അംഗീകാരം കിട്ടുമെന്നായിരുന്നു പ്രതീക്ഷ. അത് ആളുകളെല്ലാം പറഞ്ഞ് കൊതിപ്പിച്ചതാണ്. അതൊരു വിഷമമാണ്. എനിക്ക് തോന്നുന്നു ജൂറി സിനിമ കണ്ടുകാണില്ലെന്ന്, ഇന്ദ്രൻസ് പറഞ്ഞു.
ഹോം സിനിമയുടെ നിർമാതാവ് വിജയ് ബാബുവിന് എതിരെയുള്ള ബലാത്സംഗ കേസ് സിനിമയെ തളയാൻ കാരണമായി എന്നതരത്തിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഇതിനോടും ഇന്ദ്രൻസ് പ്രതികരിച്ചു. നമ്മുടെ കുടുംബത്തിൽ ഒരാൾ ഒരു കുറ്റം ചെയ്താൽ കുടുംബക്കാരെയെല്ലാം പിടിച്ചോണ്ടുപോകുമോ?. അങ്ങനെയാണെങ്കിലും ആരോപണമേ ആകത്തൊള്ളു, അതിലൊരു വിധിയൊന്നും വന്നില്ലല്ലോ, അദ്ദേഹം നിരപരധിയാണെന്നോ അദ്ദേഹത്തിന്റേമേൽ കുറ്റം ചുമത്താതിരിക്കുകയോ ചെയ്താൽ ഈ പടം പിന്നീട് വിളിച്ച് തിരുത്തുമോ. കണ്ട് കാണില്ല എന്ന് ഉറപ്പാ. നടന്മാരിൽതന്നെ രണ്ട് പേർ നന്നായിട്ട് അഭിനയിച്ചു, രണ്ട് പേർക്ക് കൊടുത്തില്ലേ. അതുപോലെ ഹൃദയം നല്ലതാണ് ആ ഹൃദയത്തോടൊപ്പം ഹോമും ചേർത്തുവയ്ക്കാമായിരുന്നില്ലേ?, ഇന്ദ്രൻസ് ചോദിച്ചു.
പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ  ഇന്ദ്രൻസിനെയും ഹോം എന്ന സിനിമയെയും തഴഞ്ഞതിനെ തുടർന്ന് ജൂറിക്കെതിരെ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. 'ജനഹൃദയങ്ങളിലെ മികച്ച നടൻ ഇന്ദ്രൻ' എന്നാണ് പ്രേക്ഷകർ കുറിക്കുന്നത്.
 

Latest News