കോട്ടയത്ത് വൃദ്ധയുടെ പെന്‍ഷന്‍ തുക  തട്ടിയെടുത്ത ട്രഷറി ജൂനിയര്‍ സൂപ്രണ്ട് അറസ്റ്റില്‍

തിരുവനന്തപുരം- വൃദ്ധയുടെ പെന്‍ഷന്‍ തുക തട്ടിയ കേസില്‍ കോട്ടയം കറുകച്ചാല്‍ ട്രഷറി ജൂനിയര്‍ സൂപ്രണ്ട് അറസ്റ്റില്‍. നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശി അരുണാണ് പിടിയിലായത്. നെയ്യാറ്റിന്‍കര സബ് ട്രഷറിയില്‍ നിന്നാണ് ഇയാള്‍ പെന്‍ഷന്‍ തുക തട്ടിയത്. കോട്ടയം കറുകച്ചാല്‍ സ്വദേശി കമലമ്മയുടെ പെന്‍ഷന്‍ തുകയായ 18,000 രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. ബുധനാഴ്ച പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്ന് 20,000 രൂപ പിന്‍വലിക്കാന്‍ ചെക്ക് നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
ഈ മാസം 19ന് മറ്റൊരു ചെക്ക് ഉപയോഗിച്ച് പണം പിന്‍വലിച്ചെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കറുകച്ചാല്‍ സബ് ട്രഷറിയിലെ ജൂനിയര്‍ സൂപ്രണ്ടായ അരുണ്‍ നെയ്യാറ്റിന്‍കര ട്രഷറിയില്‍ നേരിട്ടെത്തിയാണ് വൃദ്ധയുടെ അക്കൗണ്ടില്‍ നിന്ന് ചെക്കിന്റെ മറുപുറത്ത് സ്വന്തം ഒപ്പ് രേഖപ്പെടുത്തി കൈപ്പറ്റിയത്.കമലമ്മ പരാതി നല്‍കിയതോടെ, ട്രഷറി ജോയിന്റ് ഡയറക്ടര്‍ അന്വേഷണം നടത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അരുണ്‍ പണം കൈപ്പറ്റിയെന്ന് തെളിഞ്ഞു. ഇതേ തുടര്‍ന്ന് അരുണിനെ സസ്‌പെന്‍ഡ് ചെയ്തു. പെന്‍ഷണറുടെ അറിവോ അനുമതിയോ ഇല്ലാതെ പണം പിന്‍വലിച്ചതിനാണ് നടപടി.
നെയ്യാറ്റിന്‍കര സബ് ട്രഷറിയിലെ ഓഫീസര്‍ ചെങ്കല്‍ സ്വദേശി മണി, ക്യാഷ്യര്‍ കാട്ടാക്കട സ്വദേശി അബ്ദുള്‍ റസാഖ്, ക്ലാര്‍ക്ക് മലപ്പുറം സ്വദേശി ജസ്‌ന എന്നിവരേയും നോട്ടപ്പിശകിന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കൂടുതല്‍ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
 

Latest News