Sorry, you need to enable JavaScript to visit this website.

വോട്ട്, വർഗീയത

വർഗീയ ധ്രുവീകരണം എന്നത്തേക്കാളും ശക്തമായിരിക്കുകയാണ് ഇന്ത്യയിൽ. തെരഞ്ഞെടുപ്പുകൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് പകരം സാമുദായിക ധ്രുവീകരണത്തെ ശക്തിപ്പെടുത്തുന്നതായി അനുഭവപ്പെടുന്നു. അതോടെ ഓരോ തെരഞ്ഞെടുപ്പും സാമൂഹിക കാലുഷ്യങ്ങളുടെ ഉറവിടമായി മാറുന്നു. ജനാധിപത്യത്തെ അത്രത്തോളം ദുർബലപ്പെടുത്തുന്ന മറ്റൊന്നുമില്ല.

 

ജനാധിപത്യത്തിന്റെ ഉത്സവമാണ് തെരഞ്ഞെടുപ്പ് എന്നാണ് നാം ആഘോഷത്തോടെയും അൽപം അഭിമാനത്തോടെയും പറയാറ്. നമ്മുടെ ജനാധിപത്യത്തിന്റെ കരുത്തിലും നീതിപൂർവകമായും സമാധാനപരമായും സുതാര്യതയോടെയും നടക്കുന്ന നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള വിശ്വാസത്തിലുമാണ് ആ പ്രയോഗത്തിന്റെ ശരിയായ ഉറവിടം. തെരഞ്ഞെടുപ്പ്, ഉത്സവമാകുമ്പോഴും അതിന്റെ ഗൗരവമോ പ്രധാന്യമോ നാം കുറച്ചുകാണുന്നില്ല. പൗരന്മാർക്ക് സ്വതന്ത്ര തീരുമാനങ്ങളെടുക്കാനുള്ള ശേഷി ഏഴു പതിറ്റാണ്ടിനിടയിൽ നാം വർധിപ്പിച്ചിട്ടേയുള്ളൂ, അപൂർവം ചില സന്ദർഭങ്ങളിലൊഴികെ. അത്തരം സന്ദർഭങ്ങളിൽ അതിവേഗം തെറ്റ് തിരുത്താനും ജനാധിപത്യത്തിന്റെ മാറ്റ് പതിൻമടങ്ങ് വർധിപ്പിക്കാനും ഇന്ത്യയിലെ പൗരസമൂഹം ജാഗ്രവത്തായിരുന്നു.
എന്നാലിന്ന് തെരഞ്ഞെടുപ്പ് ഭയം ജനിപ്പിക്കുന്ന ഒരു വാക്കായി മാറിയിരിക്കുന്നു. നാടിന്റെ സമാധാനാന്തരീക്ഷം കെടുത്താനും സ്വസ്ഥത നശിപ്പിക്കാനുമുള്ള ഒരു ചടങ്ങായി അത് മാറുകയാണ്. തെരഞ്ഞെടുപ്പ് വരുന്നു എന്ന് കേൾക്കുമ്പോൾ രാഷ്ട്രീയമായ അർഥത്തിൽ അത് പൂർണമായും സ്വീകരിക്കപ്പെടേണ്ടതും ശരിയായ രീതിയിൽ കൈകാര്യം ചെയ്യപ്പെടേണ്ടതുമാണ്, ഒരു ജനാധിപത്യ സമ്പ്രദായത്തിൽ. എന്നാൽ ഇന്ന് ഇലക്ഷൻ എത്തുന്നു എന്ന് കേൾക്കുമ്പോൾ അസ്ഥിരതയുടേയും അസ്വസ്ഥതയുടേതുമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയാണ്. രാജ്യത്തെ തെരഞ്ഞെടുപ്പുകൾ എപ്പോഴും സാമുദായിക അസ്വാസ്ഥ്യങ്ങളുടെയും വർഗീയ ധ്രുവീകരണത്തിന്റെയും വേദിയായി മാറുന്നതുകൊണ്ടാണിത് സംഭവിക്കുന്നത്. തെരഞ്ഞെടുപ്പിനോടുള്ള ഈ ഭയം നമ്മുടെ ജനാധിപത്യത്തെ എത്രമാത്രം ദുർബലമാക്കുമെന്നത് ആശങ്കയോടെ മാത്രമേ ഓർക്കാൻ കഴിയൂ.
വർഗീയത ഏറ്റവും കൂടുതൽ ശക്തമാകുന്നത് തെരഞ്ഞെടുപ്പ് കാലത്താണ്. നീർക്കോലികൾ വരെ വിഷം ചീറ്റുന്നു. വലിയ തെരഞ്ഞെടുപ്പാണെങ്കിൽ, വിഷം ചീറ്റലിന്റെ വ്യാപ്തിയും വലുതായിരിക്കും. ഇത് രാജ്യത്തെ ജനവിഭാഗങ്ങളിൽ അസംതൃപ്തിയും ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നു. പൊതുതെരഞ്ഞെടുപ്പിന് ഇനിയും രണ്ടുവർഷമുണ്ടെങ്കിലും, കുളംകലക്കൽ ഇതിനകം വലിയ തോതിൽ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. രാമക്ഷേത്രവും അയോധ്യയും വിഷയമല്ലാതായി മാറിക്കഴിഞ്ഞ സ്ഥിതിയിൽ പുതിയ പുതിയ വിഷയങ്ങൾ ഉയരുകയാണ്. ഗ്യാൻവാപി മസ്ജിദ് മുതൽ കുത്തബ് മിനാർ വരെ. രാജ്യത്തെ നിയമങ്ങൾക്കും കീഴ്‌വഴക്കങ്ങൾക്കും കോടതിവിധികൾക്കും പ്രസക്തി കൽപിക്കാത്ത നീക്കങ്ങളെ കോടതികൾ പോലും തടയാത്ത അവസ്ഥ സംജാതമാകുന്നു. കടുത്ത വർഗീയ ധ്രുവീകരണം മാത്രമാണ് ജനങ്ങളെ ആഴത്തിൽ ബാധിക്കുന്ന ജീവിത പ്രശ്‌നങ്ങൾ മറച്ചുവെക്കാനുള്ള പോംവഴിയെന്ന് നമ്മുടെ രാഷ്ട്രീയ നേതൃത്വം നന്നായി മനസ്സിലാക്കിയിട്ടുണ്ട്. 
ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ ഈ വർഗീയക്കളികൾ ധാരാളം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഉത്തർപ്രദേശ് സ്ഥിരമായി ഇതിന്റെ വിളനിലമായിരുന്നു. പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് ദശാബ്ദക്കാലത്തെ യു.പി രാഷ്ട്രീയത്തിന്റെ ചരിത്രമെടുത്താൽ വർഗീയ ധ്രുവീകരണം ശക്തമാക്കി വോട്ടുപിടിക്കുന്നത് സ്ഥിരം പതിവാണ്. ഇതിന്റെ ഗുണഭോക്താക്കളാകട്ടെ, ഭൂരിപക്ഷ സമുദായ വോട്ടുബാങ്കുകളെ ആശ്രയിക്കുന്ന പാർട്ടികളാവുക സ്വാഭാവികവുമാണ്. ഗുജറാത്തിൽ ബി.ജെ.പി സ്ഥിരമായി അധികാരം നിലനിർത്തിയിരുന്നത് ഈ തന്ത്രമുപയോഗിച്ചാണ്. ഉത്തർപ്രദേശിലും ഭരണത്തുടർച്ചയായതോടെ ഈ തന്ത്രം വിജയകരമാണെന്ന് തെളിഞ്ഞുകഴിഞ്ഞു. കർണാടകയാണ് പുതിയ പരീക്ഷണശാല. അവിടെ ദിനേനയെന്നോണം വർഗീയ പ്രശ്‌നങ്ങൾ അഴിച്ചുവിടുകയാണ്. 
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ, ഇന്ത്യയിലെ രാഷ്ട്രീയ, സാമൂഹിക ധ്രുവീകരണത്തിന്റെ പ്രാഥമിക സ്രോതസ്സ് എന്താണെന്നത് അടിസ്ഥാനപരമായ ഒരു ചോദ്യമാണ്: ഏകദേശം 80 ശതമാനം ജനങ്ങളും ഹിന്ദുക്കളാണെന്നിരിക്കേ ഇന്ത്യ ഒരു മതേതര രാജ്യമാവണോ ഹിന്ദു രാഷ്ട്രമാവണോ? 1970 കൾ വരെ മതേതര, ബഹുസ്വര കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയ മേധാവിത്വമുണ്ടായിരുന്നെങ്കിൽ കൂടിയും ഈ വിഷയത്തിലെ ധ്രുവീകരണം മന്ദഗതിയിൽ തുടരുക തന്നെ ചെയ്തു. സമീപ ദശകങ്ങളിൽ ഹിന്ദു ദേശീയ സംഘടനകളുടെ വർധിച്ചുവരുന്ന സ്വാധീനം സംഘർഷങ്ങൾ കുത്തനെ വർധിപ്പിച്ചു. ഭിന്നിപ്പുള്ള രാഷ്ട്രീയ നേതൃത്വം, ഇന്ത്യയുടെ സാമ്പത്തിക പരിവർത്തനം, മാധ്യമ രംഗത്തെ മാറ്റങ്ങൾ, മത്സരാധിഷ്ഠിത ജാതി രാഷ്ട്രീയത്തിന്റെ ഉയർച്ച എന്നിവ ക്രമാനുഗതമായി ധ്രുവീകരണത്തിന്റെ തോത് വലിയ തോതിൽ കൂട്ടി.
പ്രത്യേകിച്ചും 2014 ലും 2019 ലും ഹിന്ദു ദേശീയവാദികളുടെ വൻതോതിലുള്ള തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് ശേഷം, കടുത്ത ധ്രുവീകരണത്തിന്റെ അനന്തരഫലങ്ങൾ കൂടുതൽ ആശങ്കാജനകമാണ്. ഇന്ത്യയുടെ സ്വതന്ത്ര രാഷ്ട്രീയ സ്ഥാപനങ്ങൾക്ക് നേരെയുള്ള പക്ഷപാതപരമായ ആക്രമണങ്ങൾ ശക്തമായി. പ്രതിപക്ഷ പാർട്ടികൾ ബഹുസ്വരതയും മതേതരത്വവും സംരക്ഷിക്കുന്നതിൽ പരാജയപ്പെടുകയാണ്. ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ വിദ്വേഷവും അക്രമവും ജ്വലിച്ചു നിൽക്കുന്നു.  സാമൂഹിക തലത്തിൽ ഈ പ്രതിസന്ധി അസഹിഷ്ണുത വർധിപ്പിക്കുക മാത്രമാണ് ചെയ്തത്, പ്രത്യേകിച്ച് ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷ സമുദായത്തിനെതിരെ. രാജ്യത്തിന്റെ ഭൂരിപക്ഷാഭിമുഖ്യത്തെ ചെറുക്കുന്നതിനും പൗരസംവാദം മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ മതേതരവാദികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ധ്രുവീകരണം ദശാബ്ദങ്ങളെ അപേക്ഷിച്ച് ഇന്ന് കൂടുതൽ വിഷലിപ്തമാണ്, അത് കുറയുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണുന്നുമില്ല.
ദേശീയ സ്വത്വത്തിന്റെ മതേതര-ഹിന്ദു ദേശീയ ദർശനങ്ങൾ തമ്മിലുള്ള വിഭജനം ഇന്ന് ഇന്ത്യയിലെ ധ്രുവീകരണത്തിന്റെ കേന്ദ്ര അച്ചുതണ്ടാണ്. ജാതി, വർഗം, ഭാഷ, പ്രദേശം എന്നിവയിലെ വ്യത്യാസങ്ങളെ അടിസ്ഥാനമാക്കിയുള്ള ധ്രുവീകരണത്തെ അവഗണിക്കാനല്ല ഇത്. ഈ അച്ചുതണ്ടിലൂടെയുള്ള ധ്രുവീകരണം ഒരിക്കലും ഇന്ത്യൻ ജനാധിപത്യത്തിന് അസ്തിത്വ ഭീഷണി ഉയർത്തിയിട്ടില്ല, 1975 നും 1977 നും ഇടയിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സർക്കാർ ഇരുപത്തിയൊന്ന് മാസത്തേക്ക് അടിസ്ഥാന അവകാശങ്ങൾ റദ്ദാക്കിയ സംഭവം ഒഴികെ. രാജ്യത്തെ അതിശയിപ്പിച്ച ഒരു ഇരുണ്ട അധ്യായമായിരുന്നു അത്. ധ്രുവീകരണത്തിന്റെ മറ്റ് സാധ്യതകളുടെ പ്രാധാന്യം എന്തായാലും ഹിന്ദു ദേശീയതയുടെ വിഭജനം ഇന്ന് ഇന്ത്യയിൽ ലിബറൽ സ്വാതന്ത്ര്യത്തെയും ബഹുസ്വര ജനാധിപത്യത്തെയും ഗുരുതരമായി അപകടത്തിലാക്കുന്നു.
നിലവിലെ ധ്രുവീകരണ തരംഗത്തിന്റെ വേരുകൾ കൊളോണിയൽ കാലഘട്ടത്തിലും അന്നുണ്ടായ 'ഇന്ത്യ എന്ന ആശയ'ത്തെപ്പറ്റിയുള്ള' രണ്ട് വിരുദ്ധ ദർശനങ്ങളിലുമാണ്. ഒരാളുടെ വിശ്വാസമല്ല അയാളുടെ ജന്മസ്ഥലമാണ് പൗരത്വത്തിന്റെ അടിസ്ഥാനമെന്ന മതേതര ചിന്തയായിരുന്നു അതിലെ ഒരു വീക്ഷണം. ഈ വീക്ഷണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വക്താവ് രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ആയിരുന്നു. ഭക്തനായ ഒരു ഹിന്ദുവാണെങ്കിലും, തുല്യരായി പരിഗണിക്കപ്പെടാൻ അർഹതയുള്ള മതസമൂഹങ്ങളുടെ യോജിപ്പുള്ള ഒരു ശേഖരമായാണ് ഗാന്ധി ഇന്ത്യൻ രാഷ്ട്രത്തെ വീക്ഷിച്ചത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ഉൾപ്പെടെയുള്ള മറ്റു പ്രമുഖ കോൺഗ്രസ് നേതാക്കളും ഹിന്ദു ദേശീയതയെ ശക്തമായി എതിർത്തു.
ഗാന്ധിയുടെയും നെഹ്റുവിന്റെയും ദർശനങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമായി, ഹിന്ദു സംസ്‌കാരമാണ് ഇന്ത്യൻ സ്വത്വത്തെ നിർവചിക്കുന്നതെന്നും ഈ ഭൂരിപക്ഷ സംസ്‌കാരത്തിന്റെ കണിശതകൾ അംഗീകരിച്ചുകൊണ്ട് ന്യൂനപക്ഷങ്ങൾ സ്വാംശീകരിക്കേണ്ടതുണ്ടെന്നും ഹിന്ദു ദേശീയവാദികൾ വാദിച്ചു. 1923 ലെ ചരിത്രപ്രസിദ്ധമായ ഹിന്ദുത്വ: ആരാണ് ഹിന്ദു? എന്ന പുസ്തകത്തിൽ, വി.ഡി. സവർക്കർ, ഗാന്ധിയും നെഹ്റുവും മുന്നോട്ടുവെച്ച ഇന്ത്യൻ ദേശീയതയുടെ മതേതര സങ്കൽപത്തെ വെല്ലുവിളിക്കാൻ ഹിന്ദുത്വ (ഹിന്ദു ദേശീയത) എന്ന പദം ഉപയോഗിച്ചു. ഹിന്ദുത്വ അനുകൂല രാഷ്ട്രീയ പ്രവർത്തകർ 1925 ൽ ഹിന്ദു ദേശീയതയെ പ്രോത്സാഹിപ്പിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു അർധസൈനിക സംഘടനയായ രാഷ്ട്രീയ സ്വയംസേവക സംഘം (ആർഎസ്എസ്) സ്ഥാപിച്ച് സവർക്കറുടെ ആശയത്തെ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റി. ഹിന്ദു ദേശീയ പ്രസ്ഥാനത്തിന്റെ ഉറവയായി മാറിയ ആർ.എസ്.എസ്, സംഘപരിവാർ എന്നറിയപ്പെടുന്ന സഹോദര സംഘടനകളുടെ ഒരു ശൃംഖലയിൽനിന്ന് പിന്തുണ ശേഖരിച്ചു. ഇന്ത്യൻ ദേശീയതയെക്കുറിച്ചുള്ള ഈ വിഭിന്ന സങ്കൽപങ്ങൾ തമ്മിലുള്ള പിരിമുറുക്കത്തിനിടയിലും പോസ്റ്റ്-കൊളോണിയൽ ഇന്ത്യയിൽ മതധ്രുവീകരണം തുടരുകയാണ്.
ആർ.എസ്.എസ് സ്ഥാപിച്ചിട്ട് 2025 ൽ 100 വർഷം തികയുമ്പോൾ ഹിന്ദുരാഷ്ട്രമെന്ന യാഥാർഥ്യത്തിലേക്ക് വലിയൊരു ചുവടു വെക്കുകയാണ് സംഘ്പരിവാർ. ധ്രുവീകരണത്തിന്റെ ഈ രാഷ്ട്രീയത്തെ ചെറുക്കാൻ മതേതര ശക്തികളുടെ കരുത്ത് എത്രത്തോളമെന്ന രാഷ്ട്രീയ പരീക്ഷണത്തെയാണ് അടുത്ത പൊതുതെരഞ്ഞെടുപ്പ് നേരിടാൻ പോകുന്നത്.

Latest News