Sorry, you need to enable JavaScript to visit this website.

അഭിനയം, ആലാപനം..  സംതൃപ്തം, ഈ സംഗീത കുടുംബം

നിസാം തളിപ്പറമ്പ്, മെഹ്‌റുന്നിസ, സിഫ്രാൻ നിസാം, നൂറി നിസാം

നിതാന്തമായ നാദവിസ്മയങ്ങളുടെ നവചരിതമെഴുതുന്ന നിസാം തളിപ്പറമ്പും മെഹ്‌റുന്നിസയും ഇവരുടെ മക്കളായ സിഫ്രാനും നൂറിയും ഇപ്പോൾ ജിദ്ദയിലുണ്ട്. പാട്ടിന്റെ വഴിയിലൂടെയുള്ള യാത്രയെക്കുറിച്ച് ഈ ദമ്പതികൾ മനസ്സ് തുറക്കുന്നു.. 

 

മലയാൺമയുടെ മനസ്സിൽ മാപ്പിളപ്പാട്ടിന്റെ മകരന്ദം ചൊരിഞ്ഞ പുതുതലമുറ ഗായക ദമ്പതികളും പാട്ടുകാരിയായ മകളും സിനിമകളിൽ ബാലതാരമായി കഴിവ് തെളിയിച്ച മകനും കലയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ചതിന്റെ സംതൃപ്തിദായകമായ കുടുംബ ചരിത്രമാണ് നിസാം തളിപ്പറമ്പിന്റേത്. നിസാം - മെഹ്‌റുന്നിസ ജോഡിയുടെ പാട്ടുകൾ കേൾക്കാത്തവർ വിരളമായിരിക്കും.
ഗൾഫ് നാടുകളിലേതുൾപ്പെടെ മലയാളി സഹൃദയരിൽ നിന്ന് മായാതെ നിൽക്കുന്ന പ്രസിദ്ധമായ, 'ഉപകാരം ചെയ്യാത്ത ആളെന്തിന്?' എന്ന പാട്ടിലൂടെ പ്രശസ്തിയിലേക്കുയർന്ന ചരിത്രമാണ് നിസാമിന്റെയും മെഹ്‌റുന്നിസയുടെയും. കോവിഡ് കാലത്ത് നിസ്സഹായമായ അവസ്ഥയിൽ കഴിഞ്ഞവർക്കിടയിൽ ഈ ഗാനത്തിന് വലിയ സ്വീകാര്യത ലഭിക്കുകയും പിൽക്കാലത്ത് യുട്യൂബ് വഴി ലക്ഷങ്ങളുടെ ഹൃദയങ്ങളിലേക്ക് ആ വരികൾ ചെന്നെത്തുകയും ചെയ്തു. 
വിദ്യാർഥിയായിരുന്ന കാലത്തേ വടകര കൃഷ്ണദാസിന്റെയും ചാന്ദ്പാഷയുടെയും ശിഷ്യത്വം സ്വീകരിക്കാനും അവരുടെ ആശീർവാദത്തോടെ മാപ്പിള ഗാനത്തിന്റെ മായികലോകത്തേക്ക് ആകർഷിക്കപ്പെടാനും നിസാമിന് വഴി തെളിഞ്ഞു. ഉപ്പ പരേതനായ മൊയ്തീനും ഉമ്മ സൈനബയും സംഗീതത്തിൽ തൽപരരായിരുന്നു. ഉമ്മ നല്ല ഈണത്തിൽ സബീനപ്പാട്ടുകൾ പാടാറുണ്ടായിരുന്നു. ഇതൊക്കെയാവാം തന്നിലെ പാട്ടുകാരനെ കണ്ടെത്തിയതെന്നാണ് നിസാം പറയുന്നത്. തളിപ്പറമ്പുകാരനായ ഹാരിസ് എഴുതിയ പാട്ട് നാട്ടിലെ ഒരു കല്യാണത്തിന് പാടിക്കൊണ്ടാണ് നിസാം അരങ്ങേറ്റം കുറിച്ചത്. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ഉർദു, മലയാളം കവിതാലാപനത്തിലും മാപ്പിളപ്പാട്ടിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള നിസാമിന് മാപ്പിളഗാന ശാഖയിൽ 
അനായാസമായി സ്വരവഴക്കം സിദ്ധിച്ചത് നിരവധി അവസരങ്ങളിലേക്കുള്ള വഴി തുറന്നു. ഫിർദൗസ് എന്ന കാസറ്റിൽ മണിമുത്ത് ബീവിക്ക് കാതോർത്ത് എന്ന പാട്ട് നിസാമിനെ പ്രസിദ്ധനാക്കി. ഗായകൻ അസീസ് തായ്‌നേരിയുടെ പിന്തുണ കൂടി കിട്ടിയതോടെ നിരവധി പാട്ടുകൾ ആലപിക്കാനുള്ള അരങ്ങുകൾ കിട്ടി. ഇതിനിടെയാണ് താമസം പയ്യന്നൂരിലേക്ക് മാറ്റിയത്. ഇതിനിടെ ബാപ്പു വെള്ളിപ്പറമ്പിന്റെ ഇക്കാമത്ത് എന്ന കുട്ടികളുടെ പാട്ട് ആലപിക്കാൻ അവസരം ലഭിച്ചു. ഈ ഓഡിയോ കാസറ്റ് ആയിരക്കണക്കിനാളുകളിലേക്ക് എത്തി. കണ്ണൂർ ഷെരീഫുമായുള്ള കൂടിക്കാഴ്ചയും ഇക്കാലത്തായിരുന്നു. അദ്ദേഹത്തിന്റെ സഹായം വലിയ തോതിൽ തനിക്ക് അനുഗ്രഹമായെന്നും നിസാം പറയുന്നു. ഹിന്ദി ഗാനങ്ങൾ ആലപിക്കാനാരംഭിച്ചതും പുതിയൊരനുഭവമായി. ഷക്കീർ എഴുതിയ 'അറിഞ്ഞിരുന്നില്ല ഞാൻ, ഇങ്ങനെയൊരു സ്‌നേഹം' എന്ന ഗാനം കാമ്പസ് തരംഗമായി. 
കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്ന് അയൽജില്ലകളിലേക്ക് കൂടി നിസാമിന്റെ പാട്ടുകൾ ഒഴുകിയെത്തി. നിസാമിന്റെ നിരവധി ആൽബങ്ങൾ പുറത്ത് വന്നതോടെ ഗൾഫിലും മറുനാട്ടിലും നിരവധി പ്രോഗ്രാമുകൾ കിട്ടി. മാപ്പിളപ്പാട്ടുകൾക്ക് പുറമെ പ്രസിദ്ധമായ മലയാളം, ഹിന്ദി പാട്ടുകളും നിസാം ആലപിച്ചു. കളിക്കൂട്ടുകാരനായ മഷ്ഹൂദ് ചെങ്ങളായിയുടെ (ജിദ്ദ) സഹായത്തോടെ പുറത്തിറക്കിയ അഫ്ദലുൽ റസൂലി എന്ന പേരിലുള്ള  ആൽബവും ഇതിനകം ആയിരക്കണക്കിനാളുകളെ ആകർഷിച്ചു. വേദികളിൽ നിന്ന് വേദികളിലേക്കുള്ള ഈ ജൈത്രയാത്രക്കിടെയാണ് സംഗീത വേദികളിൽ തിളങ്ങി നിന്ന ചെറുവത്തൂർക്കാരി മെഹ്‌റുന്നിസയെ നിസാം കണ്ടെത്തുന്നത്. ചെറുവത്തൂരിലെ ഖാദർ - നഫീസ ദമ്പതികളുടെ മകളാണ് മെഹ്‌റുന്നിസ. നഫീസ മടിക്കുന്ന് എന്ന പേരിൽ മെഹ്‌റുന്നിസയുടെ ഉമ്മ കഥകളും ഗാനങ്ങളുമെഴുതാറുണ്ട്.
നിസാമിന്റെയും മെഹ്‌റുന്നിസയുടെയും ജീവിതത്തിൽ പ്രണയം ഈണം മീട്ടി. വൈകാതെ വിവാഹിതരായ നിസാം - മെഹ്‌റുന്നിസ ജോഡി യുഗ്മഗാനങ്ങളിലൂടെ നിരവധി അരങ്ങുകൾ കീഴടക്കി. കാസർകോട് കുട്ടമത്ത് സ്‌കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ മാപ്പിളപ്പാട്ടുകളും ചലച്ചിത്ര ഗാനങ്ങളും പാടി മെഹ്‌റുന്നിസ പേരെടുത്തിരുന്നു. 2011 ഫെബ്രുവരി 27 ന് വിവാഹിതരായ ഇവരുടെ യുഗ്മഗാനങ്ങൾ തരംഗമായി മാറി. മുഹമ്മദലി രചിച്ച ശുക്‌രിയാ.. എന്ന് തുടങ്ങുന്ന പാട്ട് വലിയ ഹിറ്റായി മാറി. ഗസലുകളിലും ഇരുവരും കഴിവ് തെളിയിച്ചു. ജന്നത്ത് എന്ന ആൽബം ശ്രദ്ധേയമായതോടെ കൈരളിയുടെ പട്ടുറുമാലിലും ഏഷ്യാനെറ്റിന്റെ മൈലാഞ്ചിയിലും ഈ ഗായക ദമ്പതികൾ നന്നായി പെർഫോം ചെയ്തു. കുഞ്ഞുന്നാൾ തൊട്ടേ മകൻ സിഫ്രാനും പാട്ടിന്റെയും അഭിനയത്തിന്റെയും വഴിയിലൂടെ സഞ്ചരിച്ചു. ഇപ്പോൾ കണ്ണൂർ ശ്രീപുരം സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയായ സിഫ്രാൻ, പൂമരം സിനിമയിലെ ഞാനും ഞാനുമെന്റാളും എന്ന പാട്ടിലൂടെ പ്രസിദ്ധനായത് നാലാം വയസ്സിൽ. വിനയന്റെ 'ചാലക്കുടിക്കാരൻ ചങ്ങാതി' എന്ന സിനിമയിൽ അഭിനയിക്കാനുള്ള അവസരവും സിഫ്രാനെത്തേടിയെത്തി. ആലുവയിലായിരുന്നു ചിത്രീകരണം. സൗബിൻ നായകനായ അമ്പിളി എന്ന സിനിമയിലും സിഫ്രാൻ നല്ല വേഷം ചെയ്തു. മണാലിയിലായിരുന്നു അമ്പിളിയുടെ ഷൂട്ടിംഗ്. കല്യാണി പ്രിയദർശനും ടൊവിനോയും മുഖ്യവേഷം ചെയ്യുന്ന 'തല്ലുമാല' എന്ന സിനിമയിലും സിഫ്രാൻ അഭിനയിക്കുന്നുണ്ട്. ഈ പടം അടുത്ത് തന്നെ പുറത്തിറങ്ങും. ഒന്നാം ക്ലാസിൽ പഠിക്കുന്ന മകൾ നൂറി നിസാമും ബാപ്പയോടും ഉമ്മയോടും ഇക്കാക്കയോടുമൊപ്പം പാട്ടിന്റെ വേദികളിലുണ്ട്. മനോഹരമായി ഗാനം ആലപിക്കാനുള്ള വൈഭവം, നൂറി നിസാം ഇതിനകം തെളിയിച്ചു. കണ്ണില്ലാത്തവൾ എന്ന പേരിലുള്ള, നിസാം കുടുംബത്തിന്റെ ആൽബം ഇതിനകം ജനങ്ങളേറ്റെടുത്തു കഴിഞ്ഞു. 
വട്ടത്തിൽ പങ്ക, ഉപകാരം (മെഹ്‌റുന്നിസയുടെ സഹോദരൻ രജ്‌നാസ് നിർമിച്ചത്), ചങ്ങാതി, പത്തരമാറ്റ്, കണ്ണാടിക്കൂട് എന്നീ ആൽബങ്ങൾക്ക് വലിയ പ്രചാരം സിദ്ധിച്ചത് നിസാം - മെഹ്‌റുന്നിസ ദമ്പതികളുടെ വ്യതിരിക്തമായ ശബ്ദസൗഭാഗ്യത്തിനുള്ള, കേരളത്തിനകത്തും പുറത്തുമുള്ള സഹൃദയരുടെ അംഗീകാരത്തിന്റെ തെളിവാണ്. ഹിന്ദുസ്ഥാനി സംഗീതം പഠിക്കുന്ന ഈ പാട്ടുകാരുടെ ആഗ്രഹം വ്യത്യസ്തമായ ഈണങ്ങളിലൂടെ ഗസൽ ആസ്വാദകരിൽ നാദധാര ചൊരിയുക എന്നതാണ്. സൗദി, യു.എ.ഇ ദേശീയ ദിനങ്ങളിൽ നിസാം ആലപിച്ച അറബി ദേശീയ ഗാനങ്ങളും മലയാളത്തിൽ അവ മൊഴിമാറ്റിപ്പാടിയതും ആസ്വാദകരുടെ ശ്രദ്ധ പിടിച്ചെടുത്തു. കെ.വി.എം. മൻസൂർ പോട്ടൂർ ആയിരുന്നു ഇതിന്റെ രചന. 2016 ൽ ഇശൽമക്കയുടെ ആതിഥ്യം സ്വീകരിച്ച് സൗദിയിലെത്തിയ ഈ ഗായകർ, കഴിഞ്ഞ ഒരു മാസമായി ജിദ്ദയിലുണ്ട്. റഹീം വലിയോറയുടെ ആതിഥേയത്വത്തിൽ ഇവിടെയെത്തിയ ഇരുവരുടേയും നിരവധി ഗാനമേളകൾ ജിദ്ദയിലും ബുറൈദയിലും യാമ്പുവിലും അരങ്ങേറി. ദമാമിലേക്ക് പോകുന്ന ഈ കലാകുടുംബം അവിടത്തെ പരിപാടിക്ക് ശേഷം നാട്ടിലേക്ക് മടങ്ങും. മുസ്തഫ കുന്നുംപുറം, ഉണ്ണീൻ പുലാക്കൽ തുടങ്ങിയവർ മുൻകൈയെടുത്ത് ജിദ്ദയിൽ ലാലു മീഡിയയുടെ നേതൃത്വത്തിൽ പുണർതം എന്ന കലാകൂട്ടായ്മ ഈ കലാകുടുംബത്തെ പ്രത്യേക ചടങ്ങിൽ ആദരിച്ചിരുന്നു. ബലിപെരുന്നാളിന് നിസാമും കുടുംബവും വീണ്ടും ജിദ്ദയിൽ വരുമെന്നും പ്രോഗ്രാമുകളിൽ പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു. ജന്നത്ത് ബാൻഡ് എന്ന പേരിൽ നിസാം - മെഹ്‌റുന്നിസ കുടുംബത്തിന് സ്വന്തമായി ബാൻഡുമുണ്ട്.

YOUTUBE: zifrannizam 

Latest News