Sorry, you need to enable JavaScript to visit this website.

നിങ്ങൾക്ക് ആരാകാനാണ് ആഗ്രഹം?

പ്ലസ് ടു ക്ലാസിൽ പുതുതായി എത്തിയ വിദ്യാർത്ഥിനി - വിദ്യാർത്ഥികളോട്  ആദ്യനാളുകളിൽ ചോദിക്കാറുള്ള ആ     പതിവ്  ചോദ്യം അധ്യാപകൻ ആവർത്തിച്ചു. ഭാവിയിൽ നിങ്ങൾക്ക്  ആരാവാനാണാഗ്രഹം? പല കുട്ടികളും അവരുടെ പഠന സംബന്ധിയും തൊഴിൽ സംബന്ധിയുമായ  വിവിധ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും  പങ്ക് വെച്ചു. അപ്പോഴക്കെ അധ്യാപകൻ അനുബന്ധമായി ചില വിലപ്പെട്ട  മാർഗനിർദേശങ്ങളും നൽകുന്നുണ്ടായിരുന്നു.
ഇതിനിടയിലാണ് ഒരു വിദ്യാർത്ഥിനിയുടെ തികച്ചും അപ്രതീക്ഷിതമായ ഒരു മറുപടി വന്നത്:  എനിക്കൊരു നല്ല ഭാര്യയാകണം എന്നതായിരുന്നു അത്. എല്ലാവരെയും തെല്ലിട അമ്പരപ്പിച്ച  വ്യത്യസ്തമായ  അവളുടെ ആഗ്രഹം കേട്ട് മറ്റുള്ള കുട്ടികൾ സ്വാഭാവികമായും ചിരിച്ചു. എന്നാൽ  അധ്യാപകന്റെ തുടർന്നുള്ള ചോദ്യത്തിന് തന്റേടിയായ അവൾ നൽകിയ മറുപടി എല്ലാവരെയും  ഏറെ ചിന്തിപ്പിക്കുന്നതായിരുന്നു :
പഠിച്ച് അനുയോജ്യമായ മികച്ച ഉദ്യോഗം നേടാനും ഉയർന്ന ശമ്പളം  വാങ്ങാനുമൊക്കെ  കഴിയുമെന്ന കാര്യത്തിൽ എനിക്ക് ആത്മവിശ്വാസമുണ്ട് സർ. അങ്ങനെ ഉയർന്ന ജോലി നേടിയ പലരെയും എനിക്കറിയാം. എന്നാൽ  ഉയർന്ന തസ്തികയിൽ മികച്ച ശമ്പളമൊക്കെ  വാങ്ങുന്നവരിൽ ചിലർ അവരുടെ ഭർത്താവിനോടും  മക്കളോടും അദ്ദേഹത്തിന്റെ മാതാപിതാക്കളോടുമൊക്കെ   പെരുമാറുന്നത് കാണുമ്പോൾ  ശമ്പളവും ജോലിയും  മാത്രം നേടിയതുകൊണ്ടായില്ല. മികച്ച ഒരിണയും കുടുംബിനിയുമായി  മാറാനുള്ള പരിശീലനവും മനോഭാവവും കൂടി  നേടേണ്ടതുണ്ടെന്ന് എനിക്ക് പലപ്പോഴും ബാധ്യപ്പെട്ടിട്ടുണ്ട്. ശമ്പളക്കാരിയാണെന്നതിലുള്ള  ഹുങ്കും പ്രായം ചെന്ന മാതാപിതാക്കളോടുള്ള നിഷ്ഠുരമായ അനാദരവും ഇണകളോടുള്ള അവജ്ഞയും  പരിഹാസവും  കലർന്ന സംസാരവും  ശീലമാക്കിയവർക്ക് എത്ര നല്ല ജോലിയും ശബളവുമുണ്ടായിട്ടെന്താണ്
സർ കാര്യം? അവരുടെ വീട്ടിലെ  മറ്റുള്ളവർക്ക് ജീവിതം നരകമായിരിക്കില്ലേ? അത്തരം വീട്ടിൽ വളരുന്ന കുട്ടികളുടെ വീർപ്പുമുട്ടലുകൾ പലപ്പോഴായി എനിക്ക് കാണേണ്ടി വരാറുണ്ട്. അതുകൊണ്ട് പറഞ്ഞതാ ..  എല്ലാം ഒറ്റ വീർപ്പിൽ പറഞ്ഞു നിർത്തി അവൾ ചിരിച്ചു തുടങ്ങിയപ്പോഴേക്കും മറ്റുള്ള പല കുട്ടികളുടെയും  മുഖത്തെ  ചിരി മാഞ്ഞു പോയിരുന്നു.  പകരം  പല  സമ്മിശ്ര വികാരങ്ങളും  അവിടെ  മിന്നിമറയുന്നത് അധ്യാപകൻ കൗതുകപൂർവം നോക്കിനിന്നു.

സമ്പത്തുണ്ട്, പക്ഷേ സമാധാനമില്ല. ഇങ്ങനെയെത്രയെത്ര  കുടുംബങ്ങൾ!  നമുക്ക് പരിചയമുള്ളതും അല്ലാത്തതുമായ പല വീടുകളുടെയും  ഉള്ളറകളിൽ ഇത്തരം പുറത്തറിയിക്കാത്ത വീർപ്പുമുട്ടലുകളുടെ അപസ്വരങ്ങൾ നിറയുന്നുണ്ട്.
ഏറെ  അസഹനീയമാവുമ്പോൾ ചിലതൊക്കെ
അഗ്‌നിപർവത സമാനം സ്‌ഫോടനാത്മകമാവുകയും വിനാശകാരിയായി പൊട്ടിത്തെറിച്ച്  കലാശിച്ച്   വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്യുന്നു.

മൂല്യബോധം തൊട്ട് തീണ്ടിയില്ലാത്ത ഉന്നത ഉദ്യോഗസ്ഥരായ ഭർത്താവിന്റെ അതി ക്രൂരമായ പീഡനങ്ങൾ  കൊണ്ട് താളം തെറ്റിപ്പോവുന്ന   ദാമ്പത്യങ്ങൾ;  വിദ്യാസമ്പന്നയെന്ന സർട്ടിഫിക്കറ്റ് അലങ്കാരമായി കൊണ്ടുനടക്കുന്ന ഭാര്യയുടെ അന്തസ്സില്ലാത്ത സമീപനങ്ങൾ കൊണ്ട് ആടിയുലഞ്ഞകന്ന് വേർപെട്ട് പോവുന്ന   കുടുംബ ബന്ധങ്ങൾ; പെരുകുന്ന കൊലപാതകങ്ങൾ; ഉലയ്ക്കുന്ന ആത്മഹത്യകൾ; സ്‌നേഹിച്ച് വളർത്തിയ മാതാപിതാക്കളെ ഇത്തിരി പോലും വകവെക്കാതെയുള്ള വകതിരിവില്ലാത്ത ഒളിച്ചോട്ടങ്ങൾ തുടങ്ങിയവ  ചോദിക്കാനും പറയാനും ആളില്ലാത്ത വിധം മുമ്പൊന്നും കേട്ടുകേൾവിയില്ലാത്ത തരത്തിൽ സർവ സാധാരണമായിരിക്കുന്നു.

ഇതൊക്കെ വാർത്ത പോലുമല്ലാതായി മാറിക്കൊണ്ടിരിക്കുന്ന പുതിയ കാലം ഉയർത്തുന്ന  കാതലായ ചില ചോദ്യങ്ങളുണ്ട്. മാന്യതയും മാനവികതയും നമ്മുടെ വിദ്യാഭ്യാസ പ്രകിയയിൽ നിന്നും പാടെ അകന്നു പോവുന്നുണ്ടോ? മുഖ്യധാരാ മാധ്യമങ്ങൾ ക്രൈം വാർത്തകൾ അവതരിപ്പിക്കുന്ന രീതിക്കും കുടുംബ കലഹങ്ങളെ ആലോഷിക്കുന്ന സീരിയലുകൾക്കും ഇതിൽ വല്ല പങ്കുമുണ്ടോ? ഉണ്ടെങ്കിൽ അവയൊക്കെ  പുനഃപരിശോധിക്കപ്പെടേണ്ടതല്ലേ?
അന്തിച്ചർച്ചകൾ യഥാർത്ഥത്തിൽ വിവാദ വിദ്വേഷ വിഷയങ്ങൾക്ക് നൽകുന്ന പ്രാധാന്യത്തേക്കാൾ മൂല്യ വിദ്യാഭ്യാസം, ക്ഷേമകരമായ കുടുംബ ജീവിതം,
രാഷ്ട്ര പുരോഗതി, മതമൈത്രി, ദേശീയോദ്ഗ്രഥനം,  ശാസ്ത്ര സാങ്കേതിക രംഗം, വിലക്കയറ്റം, തൊഴിലില്ലായ്മ   പോലുള്ള സൃഷ്ടിപരവും ജീവൽപ്രസക്തവുമായ  വിഷയങ്ങൾക്ക് കൂടി  മുൻഗണന നൽകേണ്ടതില്ലേ?


നീതിന്യായ  വ്യവസ്ഥയും സാമൂഹ്യ സുരക്ഷിതത്വവും  അനുനിമിഷം തകർന്നു തരിപ്പണമായിക്കൊണ്ടിരിക്കുന്നുവെന്ന പ്രതീതിക്ക്  ഭരണാധികാരികളും രാഷ്ട്രീയ  നേതാക്കളും  മതപണ്ഡിതരും മാധ്യമ പ്രവർത്തകരും അവരുടെ സ്വാർത്ഥവും സങ്കുചിതവുമായ നയങ്ങളിലൂടെയും  നിലപാടുകളിലൂടെയും  നീചമായ പ്രഖ്യാപനങ്ങളിലൂടെയും  പ്രചാരണങ്ങളിലൂടെയും നിരന്തരം അടിവരയിടുകയല്ലേ ചെയ്യുന്നത്?
ഇത്  വ്യക്തികളിലും കുടുംബങ്ങളിലും സമൂഹങ്ങളിലും   അറിഞ്ഞോ അറിയാതെയോ സൃഷ്ടിക്കുന്ന അരക്ഷിതാബോധവും ഉൽപാദിപ്പിക്കുന്ന  കെടുതികളും  അനുദിനം ചാലുകീറിക്കൊണ്ടിരിക്കുന്നത് അടിമുടി കുത്തഴിഞ്ഞ   അരാജകത്വത്തിലേക്കല്ലേ എന്ന ആശങ്ക എല്ലാവരിലും  ദിനേന വർധിച്ചു വരുന്നില്ലേ?

ഔപചാരികവും  അനൗപചാരികവുമായ സർവ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി ഈ ദുഷിച്ച പ്രവണതകൾക്കെതിരെ  അതി ഗൗരവമായ ആലോചനകളും പ്രായോഗികമായ പരിഹാര പദ്ധതികളും വിവേകമതികൾ ആസൂത്രണം ചെയ്ത്
നടപ്പിലാക്കിയേ മതിയാവൂ.  അല്ലെങ്കിൽ  കാര്യങ്ങളുടെ പര്യവസാനം അതീവ ഗുരുതരം തന്നെയായിരിക്കുമെന്നതിന് സാക്ഷി കാലം തന്നെയാണ്. ആവർത്തിച്ച് ചോദിക്കേണ്ട ചോദ്യം നിങ്ങൾ പ്രശ്‌നങ്ങളുടെ പക്ഷത്തോ അതോ പരിഹാരങ്ങളുടെ പക്ഷത്തോ എന്നത് തന്നെയാണ്.

Latest News