Sorry, you need to enable JavaScript to visit this website.

പുതിയ സാഹചര്യങ്ങൾ അസ്വസ്ഥപ്പെടുത്തുന്നു -ഖലീൽ ബുഖാരി തങ്ങൾ

മലപ്പുറം- മത സൗഹാർദത്തിലും പാരസ്പര്യ സ്നേഹത്തിലും മാതൃകയായിരുന്ന കേരളത്തിലെ പുതിയ സാഹചര്യങ്ങൾ അസ്വസ്ഥപ്പെടുത്തുന്നുവെന്നും വർഗീയതക്കെതിരെ മതനേതാക്കൾ ഒന്നിച്ചു നിൽക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ.
വർഗീയതയെ വർഗീയത കൊണ്ട് നേരിടാൻ വിശുദ്ധ ഇസ്ലാം അനുവദിക്കുന്നില്ല. യഥാർഥ മുസ്ലിമിന് സഹജീവിയോട് വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ ഭാഷയിൽ പെരുമാറാനാവില്ല. തന്റെ നാവിൽ നിന്നും ചെയ്തികളിൽ നിന്നും അപരന് നിർഭയത്വമുണ്ടാകുമ്പോഴാണ് യഥാർഥ മുസ്ലിമാവുക എന്നത്  പ്രവാചകാധ്യാപനമാണ്. ഇസ്ലാമിന്റെ ശരിയായ ആദർശങ്ങൾ അംഗീകരിക്കുന്നവർക്ക് തീവ്ര വർഗീയ പ്രവർത്തനങ്ങളിൽ ഏർപ്പെടാനാവില്ല. ഇത്തരം ഛിദ്രശക്തികളെ ഒറ്റപ്പെടുത്തണമെന്നും എല്ലാ മത നേതാക്കളും ഈ വിഷയത്തിൽ കൈകോർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രാമങ്ങളിൽ വർഗീയതക്കെതിരെ എല്ലാ വിഭാഗം ആളുകളുടെയും നേതൃത്വത്തിൽ കൂട്ടായ്മകൾ രൂപപ്പെടണം. മത സൗഹാർദത്തിൽ കേരളം മറ്റുള്ളവർക്ക് മാതൃകയാണെന്നും വർഗീയതയുടെ വിത്ത് പാകുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്ന് നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മഅദിൻ അക്കാദമി സംഘടിപ്പിച്ച ആത്മീയ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ സംഗമം ഉദ്ഘാടനം ചെയ്തു. ഹാജിമാർക്കും പഠനാരംഭം നടത്തുന്ന വിദ്യാർഥികൾക്കും പ്രത്യേക പ്രാർഥന നടത്തി. അന്നദാനവും നടത്തി.
സയ്യിദ് ഇസ്മാഈൽ അൽ ബുഖാരി, സയ്യിദ് ഹബീബ് തുറാബ് തങ്ങൾ, ഇബ്റാഹീം ബാഖവി മേൽമുറി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബൂ ശാക്കിർ സുലൈമാൻ ഫൈസി കിഴിശ്ശേരി, അബൂബക്കർ സഖാഫി അരീക്കോട് എന്നിവർ സംബന്ധിച്ചു.

Latest News