Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോട്ടയം തുരങ്കയാത്ര ഇനി ഓർമ; ഇരട്ടപ്പാതയുടെ നിർമാണം അന്തിമഘട്ടത്തിലേക്ക്


കോട്ടയം - കോട്ടയം വഴിയുള്ള ഇരട്ടപ്പാതയുടെ നിർമാണം അന്തിമഘട്ടത്തിലേക്ക്. മൂന്നു ദിവസത്തിനുള്ളിൽ ഇരുപാതകളിലൂടെയും ട്രെയിൻ ഓടിക്കാനാണ് അധികൃതരുടെ പരിപാടി. ഇതിനായുള്ള തീവ്രശ്രമത്തിലാണ് റെയിൽവേ ടീം. തിങ്കളാഴ്ച സുരക്ഷാ പരിശോധന പൂർത്തിയാക്കിയതോടെ അവസാനഘട്ട പണികൾക്കു വേഗമേറി. പുതിയ പാതയും പഴയപാതയും തമ്മിൽ ബന്ധിപ്പിക്കുന്ന ജോലികളാണ് ഇനിയുള്ളത്. പാതകൾ കൂട്ടിച്ചേർക്കുന്നതിനൊപ്പം സിഗ്‌നൽ, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സങ്കീർണമായ ജോലികളും പുരോഗമിക്കുകയാണ്.
കോട്ടയം വഴിയുള്ള ട്രെയിൻ യാത്രയുടെ ഭാഗമായ തുരങ്കയാത്രയും ഇതോടെ അവസാനിക്കുകയാണ്. തുരങ്കത്തിനു പുറത്താണ് പുതിയ പാത തീർത്തിരിക്കുന്നത്. പാത പൂർണമായും സജ്ജമാക്കുന്നതിനായി കോട്ടയം പാതയിൽ ശനി, ഞായർ ദിവസങ്ങളിൽ 10 മണിക്കൂർ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാറോലിക്കൽ ഗേറ്റിനു സമീപവും മുട്ടമ്പലത്തും പുതിയ പാതയും പഴയപാതയും തമ്മിൽ ബന്ധിപ്പിക്കണം. ഈ ജോലി അൽപം ശ്രമകരമാണ്. 
മുട്ടമ്പലത്തു പഴയപാത പുതുതായി നിർമിച്ച രണ്ടുപാതകളുമായി യോജിപ്പിക്കണം. ഇവിടെയുള്ള രണ്ടു തുരങ്കങ്ങളും ഒഴിവാക്കി രണ്ടുപുതിയ പാതകളാണു നിർമിച്ചിരിക്കുന്നത്. ഇതു കോട്ടയം സ്റ്റേഷനുകളിലെ പാതകളുമായി ബന്ധിപ്പിക്കണം. പാതകൾ ബന്ധിപ്പിക്കുന്നതനുസരിച്ചുള്ള മാറ്റങ്ങളോടെ സിഗ്‌നൽ സംവിധാനങ്ങളും ബന്ധിപ്പിക്കേണ്ടതുണ്ട്. പാറോലിക്കലിലെ ജോലികൾ 29-ന് പുലർച്ചെ തുടങ്ങും. പുതിയ ട്രാക്കിലൂടെ ട്രെയിൻ ഓടിത്തുടങ്ങിയാലും യാർഡിന്റെ ജോലികൾ പൂർത്തിയാക്കേണ്ടതുണ്ട്. 
മുട്ടമ്പലത്ത് പഴയ ട്രാക്ക് മുറിച്ച് പുതിയ പാതയിലേക്ക് ഘടിപ്പിക്കുന്ന ജോലികൾ പൂർത്തിയായി. കോട്ടയം സ്റ്റേഷൻ മുതൽ മുട്ടമ്പലം വരെ രണ്ടു പുതിയ പാതകളാണ് നിർമിച്ചിരിക്കുന്നത്. പണി നടക്കുന്നതിനാൽ പകൽനേരത്തു കോട്ടയം വഴി ഇപ്പോൾ ട്രെയിനുകൾ ഓടുന്നില്ല. രാത്രി സർവീസുകൾ മാത്രമാണ് ഇപ്പോഴുള്ളത്.
റബർ ബോർഡ് ഓഫീസിനു സമീപവും പ്ലാന്റേഷൻ ഓഫീസിനു സമീപവുമാണ് തുരങ്കങ്ങളുള്ളത്. തുരങ്കങ്ങൾക്ക് സമീപം മറ്റൊരു തുരങ്കംകൂടി നിർമിച്ച് ഇരട്ട പാതയൊരുക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ അതു മാറ്റി. പകരം പുതിയ പാതകൾ നിർമിക്കാൻ തീരുമാനിച്ചു. റബർബോർഡിനു സമീപത്തെ തുരങ്കത്തിന് 84 മീറ്റർ നീളവും പ്ലാന്റേഷൻ ഭാഗത്തു 67 മീറ്റർ നീളവുമാണുള്ളത്. 1957-ലാണ് തുരങ്കങ്ങൾ പണിതത്. അന്ന് റെയിൽവേ അസിസ്റ്റന്റ് എൻജിനീയറായിരുന്ന മെട്രോമാൻ ഇ. ശ്രീധരനും നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലൂടെയുള്ള ഗതാഗതം പൂർണമായി നിർത്തി. മൂന്നാഴ്ചത്തേക്ക് രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലൂടെയാവും ട്രെയിൻ കടന്നുപോകുക. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായുള്ള ജോലികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണിത്. 
 

Latest News