Sorry, you need to enable JavaScript to visit this website.

അത്യുഷ്ണം; ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ പുറം ജോലികൾക്ക് നിയന്ത്രണം

ദോഹ- അത്യുഷ്ണം കണക്കിലെടുത്ത് ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ വേനൽ പ്രമാണിച്ച് പുറം ജോലികൾക്ക് നിയന്ത്രണം. 2021 ലെ 17-ാം നമ്പർ മന്ത്രിതല പ്രമേയമനുസരിച്ച് രാവിലെ 10 ന് ശേഷം ഉച്ച കഴിഞ്ഞ് 3.30 വരെ, തുറന്ന ഔട്ട്ഡോർ ജോലി സ്ഥലങ്ങളിലും ഉചിതമായ വായു സഞ്ചാരമില്ലാത്ത തണലുള്ള സ്ഥലങ്ങളിലും ജോലി പാടില്ല. ഇത് സംബന്ധിച്ച വിശദമായ ബോധവൽക്കരണ കാമ്പയിനുമായി തൊഴിൽ മന്ത്രാലയം രംഗത്തെത്തി. വേനലിലെ ചൂട് പിരിമുറുക്കത്തിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ അത്യാവശ്യമാണെന്നും എല്ലാ സ്ഥാപനങ്ങളും ഈ വിഷയം ഗൗരവമായി കാണണമെന്നും തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടു.
നേരിട്ടുള്ള സൂര്യപ്രകാശത്തിൽ വർക്ക് സൈറ്റുകളുള്ള കമ്പനികളെയും സ്ഥാപനങ്ങളെയും തീരുമാനത്തിലെ വ്യവസ്ഥകൾക്കനുസൃതമായി ദൈനംദിന പ്രവൃത്തി സമയം വ്യക്തമാക്കുന്ന ഒരു ഷെഡ്യൂൾ സജ്ജീകരിക്കാനും എല്ലാ തൊഴിലാളികൾക്കും കാണാൻ കഴിയുന്ന ഒരു വ്യക്തമായ സ്ഥലത്ത് ഷെഡ്യൂൾ സ്ഥാപിക്കാനും തീരുമാനം നിർദേശിക്കുന്നു.
വേനൽക്കാലത്ത് തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിനായി തീരുമാനത്തിലെ വ്യവസ്ഥകളും അത് നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും ലംഘിക്കരുതെന്ന് മന്ത്രാലയം കമ്പനി ഉടമകളോട് ആവശ്യപ്പെട്ടു. അതേസമയം തീരുമാനം ലംഘിക്കുന്ന കമ്പനികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. വരും മാസങ്ങളിൽ തീരുമാനത്തിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലേബർ ഇൻസ്പെക്ഷൻ ടീമുകൾ കമ്പനികളുടെ സൈറ്റുകളിൽ ഫീൽഡ് സന്ദർശനം നടത്തും.
 

Tags

Latest News