Sorry, you need to enable JavaScript to visit this website.

പള്ളികൾക്കു നേരെയുള്ള അതിക്രമങ്ങൾ  അവസാനിപ്പിക്കണം -സോഷ്യൽ ഫോറം

ദോഹ- ബാബരി മസ്ജിദിനു ശേഷം രാജ്യത്തെ പുരാതനവും ചരിത്ര ശേഷിപ്പുകളുമായ മുസ് ലിം ആരാധനാലയങ്ങൾക്കും സാംസ്‌കാരിക പൈതൃകങ്ങൾക്കും നേരെ വളരെ ആസൂത്രിതമായി സംഘ്പരിവാർ  നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം ആവശ്യപ്പെട്ടു. 
രാജ്യത്ത് അടുത്തിടെ വ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന ആരാധനാലയങ്ങൾക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങളിൽ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി നടുക്കം രേഖപ്പെടുത്തി. നൂറ്റാണ്ടുകളായി രാജ്യത്ത് നിലനിൽക്കുന്ന ചരിത്ര ശേഷിപ്പുകളും നിർമിതികളും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. 1991 ലെ ആരാധനാ നിയമത്തിലെ ആട്ടിക്കിൾ 136 പ്രകാരം 1947 ഓഗസ്റ്റ് 15 വരെ രാജ്യത്ത് നിലനിന്നിരുന്ന ആരാധനാലയങ്ങൾക്ക് മേൽ മറ്റൊരു അവകാശവാദം സാധ്യമല്ല എന്നിരിക്കെ ഇപ്പോൾ ഉയർന്നു വരുന്ന അവകാശവാദങ്ങൾ മുളയിലേ നുള്ളിക്കളയുകയായിരുന്നു  കോടതികൾ ചെയ്യേണ്ടിയിരുന്നതെന്നും സോഷ്യൽ ഫോറം പത്രക്കുറിപ്പിൽ വ്യക്തമാക്കി.


ഇത്തരം നിയമ ലംഘനങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലെടുക്കേണ്ടതിനു പകരം അതിന് മൗനസമ്മതം നൽകുന്ന സർക്കാരിന്റെയും കോടതിയുടെയും നിലപാട് ദൗർഭാഗ്യകരമാണെന്ന് സോഷ്യൽ ഫോറം കുറ്റപ്പെടുത്തി. ബാബരിക്ക് ശേഷം ഉത്തർ പ്രദേശിലെ തന്നെ മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദും വരാണസിയിലെ ഗ്യാൻവാപി മസ്ജിദും കുത്തബ് മിനാർ സമുച്ചയത്തിലെ മുഗൾ മസ്ജിദും അടക്കം രാജ്യത്തെ ആയിരക്കണക്കിന് ആരാധനാലയങ്ങൾക്കും ചരിത്ര സ്മാരകങ്ങൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾക്കും കയ്യേറ്റങ്ങൾക്കും എതിരെ പ്രതിഷേധിക്കാൻ മതേതര സമൂഹം തയാറാകേണ്ടതുണ്ട്. 
ഇനിയൊരു ബാബരി ആവർത്തിക്കാതിരിക്കാൻ ഇന്ത്യൻ ജനത കൈമെയ് മറന്ന് രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രസിഡന്റ് അയ്യൂബ് ഉള്ളാൾ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുൽ സലാം കുന്നുമ്മൽ, ജനറൽ സെക്രട്ടറി ഉസ്മാൻ മുഹമ്മദ്, സെക്രട്ടറിമാരായ ബഷീർ അഹമ്മദ്, ഉസാമ അഹമ്മദ്, സഫർ അഹമ്മദ്, ഇംതിയാസ്, മുഹമ്മദ് റഫീഖ് തുടങ്ങിയവർ സംസാരിച്ചു.

Tags

Latest News