Sorry, you need to enable JavaScript to visit this website.

ഒമാനിൽ 1242 സൗദി കമ്പനികൾ പ്രവർത്തിക്കുന്നു

റിയാദ്- ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഒമാനിൽ 1242 സൗദി കമ്പനികൾ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ  മന്ത്രി ഖൈസ് അൽയൂസുഫ് പറഞ്ഞു. വാണിജ്യ, നിർമാണ, സേവന മേഖലകൾ കേന്ദ്രീകരിച്ചാണ് സൗദി കമ്പനികൾ പ്രവർത്തിക്കുന്നത്. 
ഒമാന്റെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ പങ്കാളികളിൽ ഒന്നാണ് സൗദി അറേബ്യ. സൗദി അറേബ്യയുടെ വിഷൻ 2030 പദ്ധതിയും ഒമാന്റെ വിഷൻ 2040 പദ്ധതിയും ഇരുരാജ്യങ്ങൾക്കും പരസ്പരം പ്രയോജനപ്പെടുന്നു. ഇരു രാജ്യങ്ങളിലും ലഭ്യമായ നിക്ഷേപാവസരങ്ങൾ പ്രയോജനപ്പെടുത്താനും ഇവയിലൂടെ സാധിക്കും. ഇതിലൂടെ രണ്ടു രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥകളും വരുമാന സ്രോതസ്സുകളും വൈവിധ്യവൽക്കരിക്കാനും കഴിയും. 
ഒമാനിൽ വിവിധ മേഖലകളിൽ സ്വദേശി നിക്ഷേപകർക്ക് ലഭിക്കുന്ന അതേ അവകാശങ്ങളും ആനുകൂല്യങ്ങളും സൗദി നിക്ഷേപകർക്കും ലഭിക്കുന്നു. നിലവിൽ ഒമാനിൽ വ്യവസായ മേഖലയിൽ സൗദി നിക്ഷേപകർക്ക് പ്രയോജനപ്പെടുത്താവുന്ന 72 അവസരങ്ങളുണ്ട്. കഴിഞ്ഞ വർഷം ഉഭയകക്ഷി വ്യാപാരം 122 കോടി ഒമാനി റിയാലായി ഉയർന്നു. സൗദി അറേബ്യ ഒമാനിലേക്ക് 56.1 കോടി ഒമാനി റിയാലിന്റെ ഉൽപന്നങ്ങൾ കയറ്റി അയക്കുകയും ഒമാനിൽനിന്ന് 66.4 കോടി ഒമാനി റിയാലിന്റെ ഉൽപന്നങ്ങൾ ഇറക്കുമതി നടത്തുകയും ചെയ്തു. ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. 
ഒമാൻ വിഷൻ 2040 പദ്ധതിയുടെ ഭാഗമായി 1500 ലേറെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഓട്ടോമാറ്റിക് രീതിയിൽ ലൈസൻസ് നൽകുന്ന സേവനം ഒമാൻ ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് ആകെയുള്ള സാമ്പത്തിക പ്രവർത്തനങ്ങളിൽ 88 ശതമാനത്തിനും ഓട്ടോമാറ്റിക് രീതിയിൽ ലൈസൻസ് അനുവദിക്കുന്നുണ്ട്. ഒമാനിൽ ബിസിനസുകൾ നടത്താൻ ആവശ്യമായ ലൈസൻസുകൾ ഏകജാലകം വഴി നിക്ഷേപകർക്ക് അനുവദിക്കുകയാണ് ചെയ്യുന്നത്. 
വിദേശ നിക്ഷേപങ്ങൾ ആകർഷിക്കാൻ സഹായിക്കുന്ന നിലക്ക്, നിക്ഷേപ പദ്ധതികൾക്ക് ആവശ്യമായ സ്ഥലങ്ങളും കെട്ടിടങ്ങളും ദീർഘകാലത്തേക്ക് ലീസിന് നൽകൽ പോലെ ഒരു കൂട്ടം പ്രോത്സാഹനങ്ങൾ ഒമാൻ നൽകുന്നുണ്ട്. പുതിയ കമ്പനി നിയമം രാജ്യത്തേക്ക് വർധിച്ച തോതിൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കാൻ സഹായിക്കുമെന്നും ഖൈസ് അൽയൂസുഫ് പറഞ്ഞു.

Tags

Latest News