Sorry, you need to enable JavaScript to visit this website.

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതി -സൗദി വിദേശ മന്ത്രി

ഫലസ്തീൻ പ്രശ്‌നത്തിന് പരിഹാരമാകാതെ ഇസ്രായിലുമായി നയതന്ത്ര ബന്ധമില്ല

റിയാദ് - സൗദി അറേബ്യ ഇറാനുമായി നടത്തുന്ന ചർച്ചകളിൽ നേരിയ പുരോഗതിയുണ്ടെന്നും എന്നാൽ ഇത് പര്യാപ്തമല്ലെന്നും സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. ഇറാനുമായി സഹകരിക്കാൻ സൗദി അറേബ്യ ഇപ്പോഴും ഒരുക്കമാണെന്ന് ദാവോസ് ലോക സാമ്പത്തിക ഫോറത്തിൽ വിദേശ മന്ത്രി പറഞ്ഞു. ഇറാനും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ മെച്ചപ്പെടണമെന്നാണ് ആഗ്രഹിക്കുന്നത്. ഇറാന്റെ ഭാഗത്തുനിന്ന് വ്യക്തമായ തീരുമാനവും നിലപാടും ഉണ്ടാകണമെന്നാണ് പ്രത്യാശിക്കുന്നത്. 
സൗദി അറേബ്യ ഇറാനുമായി കൂടിയാലോചന നടത്തുന്നുണ്ട്. ഗൾഫ് രാജ്യങ്ങളും ഇറാനുമായി വ്യവസ്ഥാപിത ചർച്ചകൾ നടത്തുന്നുണ്ട്. ഇറാനും മറ്റു രാജ്യങ്ങളും ആണവ കരാർ ഒപ്പുവെക്കുന്നത് സൗദി അറേബ്യയെ സംബന്ധിച്ചേടത്തോളം ഏറെ പ്രധാനമാണ്. എന്നാൽ ഇക്കാര്യത്തിൽ പരസ്പര വിശ്വാസവും ആത്മാർഥമായ ഇഛാശക്തിയും ഉണ്ടായിരിക്കണം. കിംവദന്തികളോട് താൻ പ്രതികരിക്കാറില്ലെന്ന്, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വൈകാതെ സൗദി സന്ദർശിക്കുമെന്ന റിപ്പോർട്ടുകളെ കുറിച്ച ചോദ്യത്തിന് മറുപടിയായി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് സൗദി അറേബ്യ സന്ദർശിക്കുമെങ്കിൽ അക്കാര്യം ഔദ്യോഗിക മാധ്യമങ്ങൾ വഴി അറിയിക്കുമെന്നും വിദേശ മന്ത്രി പറഞ്ഞു.
ചൈന സൗദി അറേബ്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയാണ്. സുരക്ഷാ മേഖലയിൽ സൗദി അറേബ്യയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയാണ് അമേരിക്ക. ഭക്ഷ്യസുരക്ഷ അടക്കമുള്ള വെല്ലുവിളികൾ നേരിടാൻ ലോക രാജ്യങ്ങൾ പരസ്പരം സഹകരിക്കുകയും സംവാദം നടത്തുകയും വേണം. ജി-20 കൂട്ടായ്മയിൽ സൗദി അറേബ്യ വഹിക്കുന്ന ക്രിയാത്മകമായ പങ്ക് വികസ്വര രാജ്യങ്ങളെ സഹായിക്കാൻ ഉതകുന്നു. 
വിഷൻ 2030 പദ്ധതി സമ്പദ്‌വ്യവസ്ഥക്ക് ഉണർവ് നൽകുകയും സമൂഹത്തിന്റെ അഭിവൃദ്ധിക്കും ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ ജനക്ഷേമം കൈവരിക്കാനും സഹായിക്കുകയും ചെയ്യുന്നു. വിഷൻ 2030 പദ്ധതി മേഖലാ രാജ്യങ്ങളുമായുള്ള സൗദി അറേബ്യയുടെ ശക്തമായ സഹകരണത്തിലും പ്രതിഫലിക്കും. മേഖലാ രാജ്യങ്ങളുടെ വളർച്ചയിലും അഭിവൃദ്ധിയിലും ഇത് പ്രതിഫലിക്കുമെന്നും ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു.
ഫലസ്തീൻ പ്രശ്‌നത്തിൽ സൗദി അറേബ്യയുടെ നിലപാട് ഉറച്ചതാണ്. ഫലസ്തീൻ പ്രശ്‌നത്തിന് പരിഹാരമാകാതെ ഇസ്രായിലുമായി സൗദി അറേബ്യ നയതന്ത്ര ബന്ധം സ്ഥാപിക്കില്ല. ഇസ്രായിലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന കാര്യത്തിൽ സൗദി അറേബ്യയുടെ നിലപാട് പല തവണ തങ്ങൾ വ്യക്തമാക്കിയതാണ്. 2001 ൽ അറബ് സമാധാന പദ്ധതി മുന്നോട്ടുവെച്ചത് സൗദി അറേബ്യയാണ്. ഇതിനു മുമ്പായി സൗദി അറേബ്യ സ്വന്തം നിലക്ക് സമാധാന പദ്ധതി മുന്നോട്ടുവെച്ചു. ഇവയെല്ലാം നടപ്പാക്കുന്നത് ഇസ്രായിലുമായി പൂർണ തോതിലുള്ള നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിലേക്ക് നയിക്കും. 
ഇസ്രായിലും അറബ് രാജ്യങ്ങളും നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത് എല്ലാ രാജ്യങ്ങൾക്കും ഗുണം ചെയ്യും. എന്നാൽ ഫലസ്തീൻ പ്രശ്‌നത്തിന് പരിഹാരം കാണാതെ ഈ നേട്ടങ്ങൾ കൊയ്യാൻ സാധിക്കില്ല. ഫലസ്തീൻ പ്രശ്‌നം പരിഹരിക്കപ്പെടാതെ കിടക്കുന്നതാണ് മേഖലയിൽ ഇപ്പോഴും നിലനിൽക്കുന്ന അസ്ഥിരതക്ക് കാരണം. ഫലസ്തീൻ പ്രശ്‌നം പരിഹരിക്കപ്പെടാതിരിക്കുന്നത് മേഖലയിൽ തീവ്രവാദ ശബ്ദങ്ങൾ ഉയരാൻ വഴിയൊരുക്കും. ഇസ്രായിലികൾക്കും ഫലസ്തീനികൾക്കുമിടയിലെ സമാധാന പ്രക്രിയ എങ്ങിനെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുമെന്നതിനാണ് ഇപ്പോൾ മുൻഗണന നൽകേണ്ടത്. സമാധാന പ്രക്രിയ എല്ലാവർക്കും ഗുണം ചെയ്യും. ഇത് ഫലസ്തീനികൾക്കും ഇസ്രായിലികൾക്കും മേഖലക്ക് മൊത്തത്തിലും ഗുണം ചെയ്യുമെന്നും സൗദി അറേബ്യ ഇസ്രായിലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായി വിദേശ മന്ത്രി പറഞ്ഞു.

Tags

Latest News