Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനിൽ ഇംറാൻ ഖാന്റെ മെഗാ റാലിക്ക് നിരോധനം

ഇസ്‌ലാമാബാദ്- രാജ്യതലസ്ഥാനത്തേക്ക് മെഗാറാലി നടത്താനുള്ള പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ നീക്കത്തിന് വിലക്ക്. ദേശീയ സർക്കാരിനെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ഇംറാൻ ഖാന്റെ പാർട്ടിയായ തെഹരീകെ ഇൻസാഫ് പ്രവർത്തകർ ഇന്ന് നടത്താനിരുന്ന റാലിയാണ് സർക്കാർ നിരോധിച്ചത്. റാലിയിൽ അക്രമുണ്ടാകുമെന്നാരോപിച്ചാണ് സർക്കാർ നടപടി. മുൻകരുതൽ നടപടിയായി ഇംറാന്റെ പാർട്ടിയിലെ നൂറ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച അർധരാത്രി പോലീസ് രാജ്യവ്യാപകമായി റെയ്ഡ് നടത്തിയാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്.
രാജ്യത്ത് സർക്കാർ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ശക്തമാക്കുന്നതിനായി ഇന്ന് ഇസ്‌ലാമാബാദിലേക്ക് റാലി നടത്തുമെന്ന് ഇംറാൻ ഖാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.എന്നാൽ ഇംറാന്റെ നീക്കത്തിനെതിരെ സർക്കാർ രംഗത്തിറങ്ങി.രാജ്യത്ത് സമാധാനപരമായി പ്രതിഷേധിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ ഇംറാൻഖാനും പാർട്ടിയും അക്രമം നടത്താനാണ് എത്തുന്നതെന്നും പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി റാണ സനാഉള്ള പറഞ്ഞു. രാജ്യത്ത് നേരത്തെ തെരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യമില്ലെന്നും സർക്കാർ കാലാവധി പൂർത്തിയാക്കി അടുത്ത വർഷം തെരഞ്ഞെടുപ്പ് നടത്തുമെന്നും റാണ പറഞ്ഞു.
പോലീസിനെതിരെ അക്രമം വ്യാപകമാക്കിയാണ് ഇംറാൻ ഖാന്റെ പാർട്ടി മുന്നോട്ടു പോകുന്നതെന്നും ലാഹോറിൽ ഒരു പോലീസുകാരനെ അവർ കൊലപ്പെടുത്തിയത് ഇതിന്റെ തെളിവാണെന്നും ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. 

Latest News