തിരുവനന്തപുരം- നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ സര്‍ക്കാര്‍ അതിജീവിതക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ നീതി ഉറപ്പാക്കും. കേസ് കൃത്യമായി മുന്നോട്ടു പോകണമെന്ന നിലപാടാണ് സര്‍ക്കാരിന്റേത്. വിസ്മയക്കും ഉത്രക്കും നീതി ഉറപ്പാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു.
എത്ര ഉന്നതനായാലും കേസിനു മുന്നില്‍ വിലപ്പോവില്ല എന്നത് അറസ്‌റ്റോടെ വ്യക്തമായി. ഒരു കൈവിറയലും പോലീസിനുണ്ടായില്ല. പോലീസിന്റെ കൈകള്‍ക്കു തടസ്സമില്ല. ഉന്നതന്റെ അറസ്‌റ്റോടെ സര്‍ക്കാര്‍ നിലപാടും വ്യക്തമായി. യു.ഡി.എഫ് ആയിരുന്നുവെങ്കില്‍ അത്തരം അറസ്റ്റ് നടക്കുമായിരുന്നോ? കൈപ്പിടിയിലിരുന്നത് നഷ്ടപ്പെടുമെന്നു കണ്ടാണ് യു.ഡി.എഫ് പ്രചാരണം. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ യു.ഡി.എഫിന്റെ നില ഇനിയും തെറ്റിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.
കേസിന്റെ തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച് അതിജീവിത ഹൈക്കോടതിയില്‍ ഹരജി നല്‍കിയതിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ക്കാരിനെതിരെ അതിജീവിത ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തേ പ്രതികരിച്ചിരുന്നു. ഹരജിക്കു പിന്നില്‍ പ്രത്യേക താല്‍പര്യമുണ്ടോ എന്നു പരിശോധിക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും പറഞ്ഞു.






