Sorry, you need to enable JavaScript to visit this website.

'ഭ്രാന്തൻ സെല്ലുകളുടെ കണക്കു  പുസ്തകം' പ്രകാശനവും ചർച്ചയും 

'ഭ്രാന്തൻ സെല്ലുകളുടെ കണക്കു പുസ്തകം' പ്രകാശനം നോർക്ക റൂട്ട്‌സ് ഡയറക്ടർ സി.വി റപ്പായി ദോഹ അശോക ഹാളിൽ നിർവഹിക്കുന്നു.

ദോഹ- സുഹാസ് പാറക്കണ്ടി രചിച്ച കാൻസർ അതിജീവന പുസ്തകം 'ഭ്രാന്തൻ സെല്ലുകളുടെ കണക്കു പുസ്തക'ത്തിന്റെ ഖത്തറിലെ പ്രകാശനവും ചർച്ചയും ഐ.സി.സി അശോക ഹാളിൽ നടന്നു. നോർക്ക റൂട്ട്‌സ് ഡയറക്ടർ സി.വി റപ്പായി സംസ്‌കൃതി പ്രസിഡന്റ് അഹമ്മദ്കുട്ടിക്ക് കൈമാറി പുസ്തകം പ്രകാശനം ചെയ്തു. 
ഹമദ് ഹോസ്പിറ്റലിലെ റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ.സജുകുമാർ ദിവാകർ, ഐ.സി.സി പ്രസിഡന്റ് പി.എൻ ബാബുരാജൻ, ഐ.സി.ബി.എഫ് ആക്ടിംഗ് പ്രസിഡന്റ് വിനോദ് നായർ, സംസ്‌കൃതി ജനറൽ സെക്രട്ടറി ജലീൽ കാവിൽ, കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം ബഷീർ, ഇന്ത്യൻ ഓഥേഴ്‌സ് ഫോറം സെക്രട്ടറി ഹുസൈൻ കടന്നമണ്ണ, യൂണിക് പ്രസിഡന്റ് മിനി സിബി, സീനിയർ ഓങ്കോളജി നഴ്‌സ് സുനീതി സുനിൽ, ഡോ.അമാനുല്ല വടക്കാങ്ങര, റേഡിയോ മലയാളം 98.6 എഫ്.എം മാർക്കറ്റിങ് മാനേജർ നൗഫൽ അബ്ദുറഹ്മാൻ, സംസ്‌കൃതി ഭാരവാഹികൾ വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കാൻസർ രോഗികളോടുള്ള സ്‌നേഹത്തിനും കരുതലിനും സംസ്‌കൃതിയുടെ ആദരമായി ഖത്തർ നാഷണൽ കാൻസർ കെയർ സെന്റർ ആൻഡ് റിസേർച്ചിലെ റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ.സജുകുമാർ ദിവാകർ, സീനിയർ ഓങ്കോളജി നഴ്‌സ് സുനീതി സുനിൽ എന്നിവർക്ക് സംസ്‌കൃതി പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവർ പൊന്നാടയണിക്കുകയും സ്‌നേഹോപഹാരം സമർപ്പിക്കുകയും ചെയ്തു.
തുടർന്ന് നടന്ന പുസ്തക ചർച്ചയിൽ ബിജു പി.മംഗലം 'ഭ്രാന്തൻ സെല്ലുകളുടെ കണക്കു പുസ്തകം' സദസ്സിന് പരിചയപ്പെടുത്തി. ശ്രീനാഥ് ശങ്കരൻകുട്ടി മോഡറേറ്ററായിരുന്നു. 
ആത്മവിശ്വാസത്തിന്റെയും കരുതലിന്റെയും അടയാളപ്പെടുത്തലായ ഈ പുസ്തകം  ഏറെ വായിക്കപ്പെടട്ടെയെന്ന് നോർക്ക റൂട്ട്‌സ് ഡയറക്ടർ സി.വി റപ്പായി ആശംസാ പ്രസംഗത്തിൽ പറഞ്ഞു. ചികിത്സയുടെ കാലത്ത് സുഹാസിന് ഒപ്പമുണ്ടായിരുന്ന ഐ.സി.സി പ്രസിഡന്റ് പി.എൻ ബാബുരാജൻ, ഖത്തറിലെ ആരോഗ്യ മേഖല നൽകുന്ന സംഭാവനകൾ അടിവരയിട്ടു പറയുന്ന പുസ്തകം ഏറെ ചർച്ച ചെയ്യപ്പെടട്ടെ എന്നാശംസിച്ചു. ഏറെപ്പേർക്ക് പ്രചോദനമാകുന്ന ഈ പുസ്തകം മറ്റു ഭാഷകളിൽ കൂടി ലഭ്യമാകേണ്ടതിന്റെ ആവശ്യകത ഐ.സി.ബി.എഫ് ആക്ടിംഗ് പ്രസിഡന്റ് വിനോദ് നായർ ആശംസാ പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചു. 
റേഡിയോ തെറാപ്പി കൺസൾട്ടേഷനു വേണ്ടി ആദ്യം വന്നതു മുതലുള്ള ഓർമകൾ  ഡോ.സജുകുമാർ ചടങ്ങിൽ പങ്കുവെച്ചു. ഹമദ് ആശുപത്രിയിലെ ക്ലിനിക്കൽ നഴ്‌സ് ബ്ലസി സുഹാസിന്റെ ഇല്യോസ്റ്റമി ബാഗ് ഉപയോഗിച്ചിരുന്ന കാലത്തെ ഓർമകൾ പങ്കിട്ടു. പുസ്തകത്തിലെ ഹൃദയ സ്പർശിയായ വരികൾ ഓർത്തെടുത്ത്, ചികിത്സാ കാലത്തിൽ ഉടനീളം സംസ്‌കൃതി നൽകിയ കരുതൽ എല്ലാവർക്കും മാതൃകയാണെന്ന് കെ.എം.സി.സി പ്രസിഡന്റ് ബഷീർ പറഞ്ഞു. ഡോ.അമാനുല്ല വടക്കാങ്ങര, ഐ.സി.സി മുൻ പ്രസിഡന്റ് മണികണ്ഠൻ എ.പി, ഹുസൈൻ കടന്നമണ്ണ, നൗഫൽ അബ്ദുറഹ്മാൻ തുടങ്ങിയവരും ആശംസകൾ നേർന്ന് സംസാരിച്ചു.
ഓർമകളുടെ എഴുത്ത് എന്നത് ഒരിക്കൽ ജീവിച്ച വഴികളിലൂടെ മനസ്സു കൊണ്ടുള്ള തിരിച്ചു പോക്കാണെന്നും, അതിനേക്കാൾ തീവ്രമായ വികാരമാണ് ഇത്തരം വേദികളിൽ  അത് വായിച്ചവരും ആ കഠിന കാലത്ത് ഒപ്പം ഉണ്ടായിരുന്നവരും പങ്കുവെക്കുമ്പോൾ ഉണ്ടാകുന്നതെന്നും സുഹാസ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. പ്രവൃത്തി ദിവസമായിരുന്നിട്ടും മാധ്യമ പ്രവർത്തകരും, എഴുത്തുകാരും സാമൂഹ്യ പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. സംസ്‌കൃതി പ്രസിഡന്റ് അഹമ്മദ്കുട്ടി അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ജലീൽ കാവിൽ സ്വാഗതവും സംസ്‌കൃതി സെക്രട്ടറി സാൾട്ടസ് സാമുവൽ നന്ദിയും രേഖപ്പെടുത്തി.
ഗ്രാൻഡ്മാസ്റ്റർ ജി.എസ് പ്രദീപ് ആമുഖവും, കേരള സാഹിത്യ അക്കാദമി ഭാരവാഹികളായ പ്രൊഫ. സി.പി അബൂബക്കർ, അശോകൻ ചരുവിൽ എന്നിവരുടെ കുറിപ്പുകളും ഉൾപ്പെട്ട ഈ പുസ്തകത്തിന്റെ നാട്ടിലെ പ്രകാശനം പ്രശസ്ത എഴുത്തുകാരി കെ.ആർ മീരയായിരുന്നു നിർവഹിച്ചത്.
 

Tags

Latest News