Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ വിദേശികള്‍ക്കു പകരം ബിദൂനുകളെ നിയമിക്കാന്‍ പുതിയ പ്ലാറ്റ്‌ഫോം

കുവൈത്ത് സിറ്റി - സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കു പകരം രാജ്യത്ത് നിയമ വിരുദ്ധമായി കഴിയുന്ന ബിദൂനുകളെ നിയമിക്കാന്‍ സൗകര്യമൊരുക്കുന്ന തൈസീര്‍ പ്ലാറ്റ്‌ഫോം ഈ മാസം 29 ന് പുറത്തിറക്കുമെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ഡയറക്ടര്‍ ജനറല്‍ അഹ്മദ് അല്‍മൂസ അറിയിച്ചു.

ബിദൂനുകളുടെ പദവി ശരിയാക്കുന്നതിന്റെ ചുമതലയുള്ള സെന്‍ട്രല്‍ ഏജന്‍സിയുമായി ഏകോപനം നടത്തിയാണ് സ്വകാര്യ മേഖലയില്‍ ജോലി അന്വേഷിക്കുന്ന ബിദൂനുകളുടെ രജിസ്‌ട്രേഷന് തൈസീര്‍ പ്ലാറ്റ്‌ഫോം പുറത്തിറക്കുന്നത്. ബിദൂനുകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും തൊഴില്‍ വിപണിയില്‍ ബിദൂനുകളുടെ പങ്കാളിത്തം കൂടുതല്‍ വ്യവസ്ഥാപിതവും ഫലപ്രദവുമാക്കാനുമുള്ള സംവിധാനമാണ് തൈസീര്‍ പ്ലാറ്റ്‌ഫോം.

രാജ്യത്ത് ജനസംഖ്യാ ഘടന കാത്തുസൂക്ഷിക്കാനും വിദേശികള്‍ക്കു പകരം ബിദൂനുകളെ നിയമിക്കാനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും പ്ലാറ്റ്‌ഫോമിലൂടെ ലക്ഷ്യമിടുന്നതായും അഹ്മദ് അല്‍മൂസ പറഞ്ഞു. ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാതെ, ദീര്‍ഘ കാലമായി കുവൈത്തില്‍ കഴിയുന്നവരാണ് ബിദൂനുകള്‍. ഇക്കൂട്ടത്തില്‍ മഹാഭൂരിഭാഗവും പഴയ കാലത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കുവൈത്തില്‍ കുടിയേറിയവരാണ്.

 

Latest News