വിദ്യാര്‍ഥിനിയുടെ മകളെ ഒക്കെത്തെടുത്ത് ക്ലാസ്; വൈറലായി പ്രൊഫസറുടെ ചിത്രം

ജറൂസലം-പഠിപ്പിക്കുന്നതിനിടെ കുഞ്ഞിനെ ഒക്കെത്തെടുത്ത് ആശ്വസിപ്പിക്കുന്ന യൂണിവേഴ്‌സിറ്റി പ്രൊഫസറുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മാതാക്കളായ വിദ്യാര്‍ഥിനികളെ കുഞ്ഞുങ്ങളുമായി ക്ലാസുകളില്‍ വരാന്‍ അനുവദിക്കുന്ന പ്രൊഫ. സിഡ്‌നി എംഗല്‍ബെര്‍ഗാണ് ചിത്രത്തില്‍. ആയിരക്കണക്കിനാളുകളാണ് ഈ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
ഇസ്രായേലിലെ ജറൂസലമിലുള്ള ഹീബ്രു സര്‍വകലാശാലയിലെ തന്റെ ക്ലാസുകളിലൊന്നിലാണ് കുഞ്ഞ് അനിയന്ത്രിതമായി കരഞ്ഞതെന്ന് പ്രൊഫ. സിഡ്‌നി എംഗല്‍ബെര്‍ഗ് പറഞ്ഞു.
കുട്ടിയേയുമെടുത്ത് അമ്മ ക്ലാസ് മുറിയില്‍ നിന്ന് പുറത്തുപോകാന്‍ ഒരുങ്ങിയപ്പോഴാണ് എംഗല്‍ബര്‍ഗ് കുട്ടിയെ എടുത്ത് സമാധാനിപ്പിച്ച് ക്ലാസ് തുടര്‍ന്നത്.
അവള്‍ ക്ലാസ് വിടേണ്ടിവരുമെന്ന് ഞാന്‍ മനസ്സിലാക്കി, ആരെങ്കിലും എന്തെങ്കിലും ചെയ്തില്ലെങ്കില്‍, അവള്‍ പഠിക്കാന്‍ ശ്രമിക്കുന്ന മെറ്റീരിയല്‍ അവള്‍ക്ക് നഷ്ടമാകും- എംഗല്‍ബെര്‍ഗ് വാര്‍ത്താ ചാനലിനോട് പറഞ്ഞു.
ഒരു വിദ്യാര്‍ത്ഥിയുടെ കുട്ടിയെ ശാന്തനാക്കേണ്ടി വന്നത് ഇതാദ്യമല്ലെന്നും ഇപ്പോള്‍ ഈ ഫോട്ടോ ഇത്രമാത്രം വൈറലായത് ആശ്ചര്യപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ പഠനത്തിന് തടസ്സമാകരുതെന്ന് കരുതി വര്‍ഷങ്ങളായി കുട്ടികളെ തന്റെ ക്ലാസുകളിലേക്ക് കൊണ്ടുവരാന്‍ എംഗല്‍ബെര്‍ഗ് തന്റെ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാറുണ്ടെന്ന് അദ്ദേഹത്തിന്റെ മകള്‍ സരിത് ഫിഷ്‌ബെയ്ന്‍ പറഞ്ഞു.
ഫേസ് ബുക്കിലും മറ്റു സമൂഹ മാധ്യമങ്ങളിലും നിരവധി പേരാണ് പ്രൊഫ. സിഡ്‌നി എംഗല്‍ബെര്‍ഗിനെ പ്രകീര്‍ത്തിക്കുന്നത്.

 

 

Latest News