VIDEO ജപ്പാനില്‍ പ്രധാനമന്ത്രി മോഡിക്ക് മലയാളത്തില്‍ സ്വാഗതമോതി പ്രവാസികള്‍

ടോക്കിയോ- ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സ്വീകരണം നല്‍കിയ ഇന്ത്യന്‍ പ്രവാസികളില്‍ സ്വാഗതം എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി മലയാളികളും.  
ടോക്കിയോയിലെ ഹോട്ടലിലാണ് ഇന്ത്യന്‍ പ്രവാസികളും ജാപ്പനീസ് പൗരന്മാരും ചേര്‍ന്ന് മോഡിയെ സ്വീകരിച്ചത്. അവരുമായുള്ള ആശയവിനിമയത്തിനിടെ കുട്ടികളുമായുള്ള മോഡിയുടെ സംഭാഷണവും ശ്രദ്ധേയമായി.
ജാപ്പനീസ് കുട്ടികളില്‍ ഒരാള്‍ പ്രധാനമന്ത്രിയോട് ഹിന്ദിയില്‍ സംസാരിച്ചത് അദ്ദേഹത്തിന് ഏറെ ബോധിച്ചു. നന്നായി സംസാരിക്കുന്നല്ലോ, എവിടെ നിന്നാണ് ഹിന്ദി പഠിച്ചതെന്നൊക്കെ പ്രധാനമന്ത്രി കുട്ടിയോട് ചോദിച്ചു.
പ്രധാനമന്ത്രിയുമായി സംവദിച്ച കുട്ടികള്‍ അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് സ്വീകരിക്കുന്ന ആവേശത്തിലായിരുന്നു.

ഭാരത് മാ കാ ഷേര്‍ (ഇന്ത്യയുടെ സിംഹം) എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇന്ത്യന്‍ പ്രവാസികള്‍ പ്രധാനമന്ത്രി മോഡിയെ  സ്വാഗതം ചെയ്തത്.
ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ജപ്പാനിലെ ടോക്കിയോയിലെത്തിയത്. ക്വാഡ് ഉച്ചകോടിയില്‍ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി മോഡി പങ്കെടുക്കുന്നത്.
അംഗരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും ഇന്തോപസഫിക് മേഖലയിലെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ക്വാഡ് ലക്ഷ്യമിടുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ, പ്രധാനമന്ത്രി മോഡി ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ് എന്നിവരുമായും ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും.

 

Latest News