Sorry, you need to enable JavaScript to visit this website.

കോടതി വിധി എന്തായാലും കിരണ്‍കുമാറിനെ  സര്‍വീസിലേക്ക് തിരിച്ചെടുക്കില്ല- ഗതാഗതമന്ത്രി 

കൊല്ലം- കോടതി വിധി എന്തായാലും കിരണ്‍കുമാറിനെ സര്‍വീസിലേക്ക് തിരിച്ചെടുക്കില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വിവേചനാധികാരമുണ്ടെന്നും ആന്റണി രാജു പറഞ്ഞു. പ്രതി കിരണ്‍ കുമാറിനെതിരെ ഏറ്റവും വലിയ ശിക്ഷയാണ് അന്ന് ഗതാഗത വകുപ്പ് നല്‍കിയത്. പൊതുസമൂഹം അതിനെ മൊത്തമായി സ്വാഗതം ചെയ്തതാണ്. എന്നാല്‍ ചില നിയമവൃത്തങ്ങളില്‍ നിന്ന് എതിര്‍പ്പുണ്ടായാതായും ചിലര്‍ ആ നടപടിയെ രാഷ്ട്രീയ കാരണങ്ങളാല്‍ വിമര്‍ശിക്കുകയും ചെയ്തത് ഏറെ പ്രയാസമുണ്ടാക്കിയെന്നും ആന്റണി രാജു പറഞ്ഞു. അതേസമയം സ്ത്രീധന പീഡനത്തെത്തുടര്‍ന്നു നിലമേല്‍ സ്വദേശി വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ പ്രഖ്യാപിക്കും. കിരണിന്റെ ജാമ്യം കോടതി റദ്ദാക്കി.കൊല്ലം അഡിഷനല്‍ സെഷന്‍സ് കോടതിയാണു വിധി പറഞ്ഞത്. വിധി കേള്‍ക്കാന്‍ വിസ്മയയുടെ പിതാവും ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു. അമ്മ ഉള്‍പ്പെടെ വീട്ടിലിരുന്നാണ് വിധി കേട്ടത്. വിസ്മയ മരിച്ച് 11 മാസവും 2 ദിവസവും പൂര്‍ത്തിയാകുമ്പോഴാണ് 4 മാസം നീണ്ട വിചാരണയ്ക്കു ശേഷം വിധി പറഞ്ഞത്. 507 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിക്കുകയും 12 തൊണ്ടിമുതലുകള്‍ നല്‍കുകയും 118 രേഖകള്‍ തെളിവായി ഹാജരാക്കുകയും ചെയ്തിരുന്നു. പ്രതിയുടെ പിതാവ് സദാശിവന്‍പിള്ള, പ്രതിയുടെ സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം.നായര്‍, പ്രതിയുടെ പിതാവിന്റെ സഹോദര പുത്രന്‍ അനില്‍കുമാര്‍, ഭാര്യ ബിന്ദു കുമാരി എന്നീ 5 സാക്ഷികള്‍ വിസ്താരത്തിനിടെ കൂറുമാറി.
 

Latest News