വലിയ സ്വാധീനമുള്ള നടന്‍  വിജയ്ബാബുവിനോടുള്ള   വ്യക്തിവിരോധം തീര്‍ത്തതെന്ന് പരാതി 

കൊച്ചി- നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ്ബാബുവിനെ കുടുക്കിയതു മലയാള സിനിമയില്‍ കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ലോബിയാണെന്ന് പരാതി. പ്രതി വിജയ്ബാബുവിന്റെ ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി.നടീനടന്മാരുടെ സംഘടനയായ 'അമ്മ'യുടെ ഭരണസമിതിയില്‍ വിജയ്ബാബു എത്തിയതിനു ശേഷം മലയാള സിനിമ രംഗത്തു വലിയ സ്വാധീനമുള്ള നടനു വിജയ്ബാബുവിനോടു വ്യക്തിവിരോധമുണ്ടെന്ന ആരോപണമാണു പ്രതിയുടെ ബന്ധുക്കള്‍ ഉയര്‍ത്തുന്നത്.എന്നാല്‍ പീഡനക്കേസ് പരാതിയില്‍ സിനിമാരംഗത്തെ ലോബിക്കുള്ള പങ്കിനെപ്പറ്റി വ്യക്തമായ തെളിവോ മൊഴിയോ നല്‍കാന്‍ വിജയ്ബാബുവിനോ ബന്ധുക്കള്‍ക്കോ കഴിഞ്ഞിട്ടില്ല.
അതേസമയം നടിയെ പീഡിപ്പിച്ചക്കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിന്റെ സ്വത്ത് കണ്ടുകെട്ടാന്‍ പോലീസ് നീക്കം തുടങ്ങി. മെയ് 24 നുള്ളില്‍ കീഴടങ്ങാന്‍ തയ്യാറായില്ലെങ്കില്‍ വിജയ് ബാബുവിന്റെ നാട്ടിലുള്ള സ്വത്ത് വകകള്‍ കണ്ടു കെട്ടാന്‍ പോലീസ് നിയമോപദേശം തേടി.വിജയ് ബാബുവിനെ കണ്ടെത്താന്‍ പോലീസ് അര്‍മേനിയയിലെ എംബസിയുടെ സഹായം തേടിയിട്ടുണ്ട്. ജോര്‍ജിയയില്‍ ഇന്ത്യയ്ക്ക് എംബസിയില്ലാത്ത സാഹചര്യത്തിലാണ് അയല്‍ രാജ്യമായ അര്‍മേനിയയുടെ ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയത്.
 

Latest News