ന്യൂദല്‍ഹി- 'ക്വാഡി'ന്റെ നേതൃതലയോഗത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോഡി ജപ്പാനിലേക്ക് പുറപ്പെട്ടു. ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ ക്ഷണപ്രകാരമാണ് 'ക്വാഡി'ന്റെ നേതൃതലയോഗത്തില്‍ പങ്കെടുക്കാനായി അദ്ദേഹം പുറപ്പെട്ടത്. ഇന്ത്യ, യു.എസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുള്‍പ്പെടുന്ന 'ക്വാഡി'ന്റെ നേതൃതലയോഗം തിങ്കളാഴ്ച ടോക്യോയില്‍ ആരംഭിക്കും.
തിങ്കളാഴ്ച രാവിലെ ടോക്യോയിലെത്തുന്ന പ്രധാനമന്ത്രി ജപ്പാനില്‍ 40 മണിക്കൂര്‍ ചെലവിടും. 23, 24 തീയതികളിലാണ് ഇന്ത്യ, യു.എസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ക്വാഡ് യോഗം. ഇതിനിടെ 23 പരിപാടികളില്‍ മോഡി പങ്കെടുക്കും. ജപ്പാനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ യോഗത്തിലും പ്രധാനമന്ത്രി സംബന്ധിക്കും. 36 ജാപ്പനീസ് കമ്പനികളുടെ മേധാവികളെ മോഡി കാണും.
ക്വാഡ് നേതൃതല യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോഡി ചൊവ്വാഴ്ച യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരുമായും മോഡി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.






