Sorry, you need to enable JavaScript to visit this website.
Wednesday , July   06, 2022
Wednesday , July   06, 2022

സോറസിന്റെ കടി

ഗോളിന് തൊട്ടു മുമ്പാണ് ഫുട്‌ബോൾ ലോകം ദിവസങ്ങളോളം ചർച്ച ചെയ്ത സംഭവം അരങ്ങേറുന്നത്. പന്തിനായി കിയലീനിയും സോറസും പൊരുതുന്നതും ഇരുവരും നിലത്ത് വീഴുന്നതുമാണ് ആദ്യം കണ്ടത്. പിന്നാലെ കിയലീനി കുപ്പായമൂരി ചുമൽ പ്രദർശിച്ചപ്പോഴാണ് എന്താണ് സംഭവിച്ചതെന്ന് വ്യക്തമായത്.

ഇറ്റലി ആദ്യ റൗണ്ടിൽ പുറത്തായെങ്കിലും ഇറ്റലി-ഉറുഗ്വായ് മത്സരത്തിലെ ഒരു സംഭവമാണ് ഈ ലോകകപ്പിലെ ഏറ്റവും വലിയ ചർച്ചാവിഷയമായത്. 
ഗ്രൂപ്പ് ഡി അക്ഷരാർഥത്തിൽ ഗ്രൂപ്പ് ഓഫ് ഡെത്തായിരുന്നു. ഇറ്റലി, ഇംഗ്ലണ്ട്, ഉറുഗ്വായ് എന്നീ മുൻ ലോക ചാമ്പ്യന്മാർ ഒരുമിച്ചായിരുന്നു ഈ ഗ്രൂപ്പിൽ. കോസ്റ്ററീക്കക്ക് ആരും സാധ്യത കൽപിച്ചില്ല. പക്ഷെ ഉറുഗ്വായെ 3-1 ന് തകർത്ത് കോസ്റ്ററീക്ക അപകട സൈറൺ മുഴക്കി. അതേ ദിവസം ഇറ്റലി ഉജ്വലമായി തുടങ്ങി. ഇംഗ്ലണ്ടിനെ അവർ 2-1 ന് തോൽപിച്ചു. ലൂയിസ് സോറസിന്റെ ഇരട്ട ഗോളിൽ ഇംഗ്ലണ്ടിനെ 2-1 ന് തോൽപിച്ച് ഉറുഗ്വായ് തിരിച്ചുവരവ് തുടങ്ങി. ഇംഗ്ലണ്ടിന്റെ പ്രതീക്ഷ തുടങ്ങും മുമ്പെ അവസാനിച്ചു. ഇറ്റലിയെയും ഞെട്ടിച്ച് കോസ്റ്ററീക്ക പ്രി ക്വാർട്ടർ ഉറപ്പിച്ചു. ഇറ്റലിയോ ഉറുഗ്വായോ, ആര് ഒപ്പം മുന്നേറുമെന്നതായി ചോദ്യം. ആദ്യ രണ്ട് ലോകകപ്പ് ചാമ്പ്യന്മാരുടെ ജീവന്മരണ പോരാട്ടത്തിനാണ് അത് വഴി തുറന്നത്. കളിയിൽ ഇറ്റാലിയൻ ഡിഫന്റർ ജോർജിയൊ കിയലീനിയെ ഉറുഗ്വായ് സ്‌ട്രൈക്കർ ലൂയിസ് സോറസ് കടിച്ചത് വൻ വിവാദമായി. 
കളി ഒരു മണിക്കൂർ പിന്നിട്ടതോടെ ഇറ്റലിയുടെ ക്ലോഡിയൊ മാർക്കിസിയൊ ചുവപ്പ് കാർഡ് കണ്ടു. എഗിദിയൊ അരെവാലൊ റിയോസിനെ കാലുയർത്തി ചവിട്ടിയതിനായിരുന്നു ഇത്. എങ്ങനെയും സമനില നേടാനായി അതോടെ ഇറ്റലിയുടെ ശ്രമം. കോർണറിൽ നിന്ന് ഉറുഗ്വായ് ക്യാപ്റ്റൻ ഡിയേഗൊ ഗോഡീന്റെ ഹെഡർ ഇറ്റാലിയൻ ഗോളി ജിയാൻലൂജി ബുഫോണിനെ കീഴടക്കി. ഉറുഗ്വായ് വിജയം അർഹിച്ചിരുന്നു. ഇറ്റലി പുറത്തായി.
ഗോളിന് തൊട്ടു മുമ്പാണ് ഫുട്‌ബോൾ ലോകം ദിവസങ്ങളോളം ചർച്ച ചെയ്ത സംഭവം അരങ്ങേറുന്നത്. പന്തിനായി കിയലീനിയും സോറസും പൊരുതുന്നതും ഇരുവരും നിലത്ത് വീഴുന്നതുമാണ് ആദ്യം കണ്ടത്. പിന്നാലെ കിയലീനി കുപ്പായമൂരി ചുമൽ പ്രദർശിച്ചപ്പോഴാണ് എന്താണ് സംഭവിച്ചതെന്ന് വ്യക്തമായത്. ചുമലിൽ കടിയുടെ പാടുണ്ടായിരുന്നു. മെക്‌സിക്കോക്കാരനായ റഫറി മാർക്കൊ റോഡ്രിഗസ് ഇരു കളിക്കാരുടെയും നിരന്തര സമ്മർദ്ദം കാരണം ഇതിനകം വശം കെട്ടിരുന്നു. അദ്ദേഹം സോറസിനെതിരെ നടപടിയെടുത്തില്ല. 
സംഭവം വിവാദമായതോടെ സോറസിനെ ഫിഫ ഒമ്പത് മത്സരങ്ങളിൽ നിന്ന് വിലക്കി. നാലു മാസം ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാം സോറസിന് തടഞ്ഞു, സ്‌റ്റേഡിയങ്ങളിൽ പ്രവേശിക്കുന്നതു വരെ. ഒരു ലക്ഷം സ്വീഡിഷ് ക്രോണർ പിഴയിട്ടു.
വിലക്കനുഭവിക്കുന്ന കാലത്താണ് ലിവർപൂളിൽ നിന്ന് സോറസ് ബാഴ്‌സലോണയിലേക്ക് നീങ്ങിയത്. വിലക്ക് കാരണം ബാഴ്‌സലോണക്കു വേണ്ടിയുള്ള അരങ്ങേറ്റം വല്ലാതെ നീണ്ടു. സ്‌പോർട്‌സ് കോടതിയാണ് ബാഴ്‌സലോണയുടെ പരിശീലന ഗ്രൗണ്ടിൽ പ്രവേശിക്കാനും സൗഹൃദ മത്സരങ്ങളിൽ കളിക്കാനും സോറസിന് ഇളവ് നൽകിയത്.

അറിയാമോ? 

 1930 മുതൽ ലോകകപ്പ് ചാമ്പ്യന്മാരായ എല്ലാ ടീമുകളും 2014 ലെ ലോകകപ്പിന് യോഗ്യത നേടിയിരുന്നു. അർജന്റീന, ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, ഇറ്റലി, സ്‌പെയിൻ, ഉറുഗ്വായ് ടീമുകൾ. 
 ഗോൾലൈൻ സാങ്കേതികവിദ്യ ഉപയോഗിച്ച ആദ്യ ലോകകപ്പായിരുന്നു ഇത്. ഹോണ്ടൂറാസിനെതിരായ ഗ്രൂപ്പ് മത്സരത്തിൽ കരീം ബെൻസീമ നേടിയ ഫ്രാൻസിന്റെ രണ്ടാം ഗോളാണ് ആദ്യമായി ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്ഥിരീകരിച്ചത്. 
 ബ്രസീലിലെ പ്രത്യേകിച്ചും രാജ്യത്തിന്റെ വടക്കൻ മേഖലയിലെ കൊടുംചൂട് പരിഗണിച്ച് രണ്ടു പകുതിയിലും കൂളിംഗ് ബ്രെയ്ക്ക് ഏർപ്പെടുത്തി. താപനില 32 ഡിഗ്രി കടന്നാൽ റഫറിക്ക് കൂളിംഗ് ബ്രെയ്ക്ക് അനുവദിക്കാം. വടക്കൻ അയർലന്റും മെക്‌സിക്കോയും തമ്മിലുള്ള പ്രി ക്വാർട്ടറിലാണ് ആദ്യം കൂളിംഗ് ബ്രെയ്ക്ക് നൽകിയത്. 
 രണ്ടു കളി കഴിഞ്ഞപ്പോഴേക്കും നിലവിലെ ചാമ്പ്യന്മാരായ സ്‌പെയിൻ പുറത്തായി. 1950 ൽ ഇറ്റലി മാത്രമേ ഇത്ര വേഗം പുറത്തായിട്ടുള്ളൂ. ആദ്യ റൗണ്ടിൽ പുറത്താവുന്ന നാലാമത്തെ നിലവിലെ ചാമ്പ്യന്മാരായി സ്‌പെയിൻ.
 32 ഗോളുകളാണ് പകരക്കാർ ഈ ടൂർണമെന്റിൽ സ്‌കോർ ചെയ്തത്. ഇത് റെക്കോർഡാണ്. 
 കൊളംബിയയുടെ ഹമീസ് റോഡ്രിഗസ് തന്റെ ആദ്യ ലോകകപ്പിലെ അഞ്ചു മത്സരങ്ങളിലും സ്‌കോർ ചെയ്തു. 
 നോക്കൗട്ട് റൗണ്ടിലെ 16 കളികളിൽ എട്ടും എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി. അതിൽ നാലെണ്ണം ഷൂട്ടൗട്ടിലാണ് വിധിയായത്. 
 ജർമനിയുടെ മിറോസ്ലാവ് ക്ലോസെ പതിനാറാം ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവുമധികം സ്‌കോർ ചെയ്ത കളിക്കാരനായി. ബ്രസീൽ താരം റൊണാൾഡോയുടെ (15) റെക്കോർഡാണ് മറികടന്നത്. ലോകകപ്പിൽ ചാമ്പ്യനാവാനും (2014) റണ്ണർഅപ്പാവാനും (2002) മൂന്നാം സ്ഥാനത്തെത്താനും (2006, 2010) ക്ലോസെക്ക് സാധിച്ചു. നാലു ലോകകപ്പുകളിലായി 24 മത്സരങ്ങൾ കളിച്ചു. തുടർച്ചയായി നാലു ലോകകപ്പ്  സെമി ഫൈനൽ കളിച്ച ഏക കളിക്കാരനാണ്. 
 കാമറൂൺ ഡിഫന്റർ അലക്‌സ് സോംഗ് നാലു ലോകകപ്പുകൾ കളിച്ച റിഗോബർട് സോംഗിന്റെ അനന്തരവനാണ്. ഇരുവർക്കും കൂടി ലോകകപ്പിൽ മൂന്ന് ചുവപ്പ് കാർഡ് കിട്ടി. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മോശം കുടുംബം. 
 ജർമനിക്കെതിരായ 1-7 തോൽവി ബ്രസീലിന്റെ ഏറ്റവും വലിയ ലോകകപ്പ് പരാജയമാണ്. ആദ്യ അര മണിക്കൂറിൽ ജർമനി 5-0 ന് മുന്നിലെത്തിയിരുന്നു. ഇടവേളക്കു ശേഷം ആന്ദ്രെ ഷുർലെ രണ്ടു ഗോൾ കൂടി അടിച്ചു. 
 ജർമൻ ഗോൾകീപ്പർ മാന്വേൽ നോയർ ടൂർണമെന്റിൽ 244 വിജയകരമായ പാസുകൾ കൈമാറി. ലിയണൽ മെസ്സിയെക്കാൾ രണ്ടെണ്ണം കൂടുതൽ. 
 ജർമനിയുടെ മിഡ്ഫീൽഡർ ബാസ്റ്റ്യൻ ഷ്വയ്ൻസ്റ്റെയ്ഗർ ലോക ഒന്നാം നമ്പറായിരുന്ന ടെന്നിസ് താരം അന ഇവാനോവിച്ചിനെ പിന്നീട് വിവാഹം കഴിച്ചു. 
 ലോകകപ്പിൽ വിജയ ഗോളടിക്കുന്ന ആദ്യത്തെ പകരക്കാരനായി മാരിയൊ ഗോട്‌സെ.

Latest News