Sorry, you need to enable JavaScript to visit this website.

വീണ്ടും ബ്രസീൽ, വീണ്ടും ദുരന്തം

രണ്ടാം തവണയാണ് ലോകകപ്പ് ബ്രസീലിലെത്തിയത്. രണ്ടാം തവണയും ആതിഥേയർ കണ്ണീരോടെയാണ് വിടവാങ്ങിയത്. ബ്രസീലിലെ 12 നഗരങ്ങളിൽ നടന്ന ലോകകപ്പ് ആരാധകരെ ത്രസിപ്പിച്ച ഗോൾ മേളയായിരുന്നു. 171 ഗോളാണ് ഈ ലോകകപ്പിൽ പിറന്നത്. മികച്ച ലോകകപ്പുകളിലൊന്നായി ഈ ടൂർണമെന്റ്. ഗോൾലൈൻ ടെക്‌നോളജി ആദ്യമായി ഉപയോഗിച്ച ലോകകപ്പായിരുന്നു ഇത്. ഫ്രീകിക്ക് എടുക്കുമ്പോൾ എതിർ കളിക്കാർ നിൽക്കേണ്ട സ്ഥലം രേഖപ്പെടുത്താൻ വാനിഷിംഗ് സ്‌പ്രേ ആദ്യമായി ഉപയോഗിച്ചതും ഈ ലോകകപ്പിൽ തന്നെ. 
മുൻകാല ലോകകപ്പ്    ചാമ്പ്യന്മാരൊക്കെ ഉണ്ടായിരുന്നുവെങ്കിലും പ്രമുഖ ടീമുകൾ തുടക്കത്തിലേ വഴി മാറി. ചാമ്പ്യന്മാരായ സ്‌പെയിൻ ആദ്യ റൗണ്ടിൽ പുറത്തായി. ഇംഗ്ലണ്ട്, ഇറ്റലി ടീമുകളും ആദ്യ റൗണ്ട് കടന്നില്ല. ഉറുഗ്വായ് പ്രി ക്വാർട്ടറിലും ഫ്രാൻസ് ക്വാർട്ടർ ഫൈനലിലും മുട്ടുമടക്കി. ആതിഥേയരായ ബ്രസീൽ സെമിയിലെത്തിയെങ്കിലും ജർമനിയോട് 1-7 ന് തോറ്റ് നാണം കെട്ട് പിന്മാറേണ്ടി വന്നു. കറുത്ത കുതിരകളായ കോസ്റ്ററീക്കയുടെ മുന്നേറ്റമാണ് ഈ ലോകകപ്പിനെ ശ്രദ്ധേയമാക്കിയത്. കോസ്റ്ററീക്ക ക്വാർട്ടറിലും ഗ്രീസ് പ്രി ക്വാർട്ടറിലുമെത്തി. പ്രി ക്വാർട്ടറിൽ ജർമനിയെ അൾജീരിയ അട്ടിമറിക്കേണ്ടതായിരുന്നു. നെതർലാന്റ്‌സിനോട് ഷൂട്ടൗട്ടിലാണ് കോസ്റ്ററീക്ക കീഴടങ്ങിയത്. ഗോളുകൾ മാത്രമല്ല ഗോൾകീപ്പിംഗും ഈ ലോകകപ്പിനെ ശ്രദ്ധേയമാക്കി. ജർമനിയുടെ മാന്വേൽ നോയർ പലപ്പോഴും സ്വീപ്പർബാക്കിനെ പോലെ കളിച്ചു. മെക്‌സിക്കോയുടെ ഗ്വിയർമൊ ഒചോവയും കോസ്റ്ററീക്കയുടെ കയ്‌ലോർ നവാസും ചിലെയുടെ ക്ലോഡിയൊ ബ്രാവോയും ശ്രദ്ധ പിടിച്ചുപറ്റി. മൂവരും ലോകകപ്പിന് പിന്നാലെ വമ്പൻ ക്ലബ്ബുകളിലേക്ക് ചേക്കേറി. അർജന്റീനയുടെ സെർജിയൊ റോമിറൊ, അമേരിക്കയുടെ ടിം ഹോവാഡ് എന്നിവരും കാണികളുടെ മനം കവർന്നു. 
ബോസ്‌നിയ ഹെർസഗോവിനയാണ് ഈ ലോകകപ്പിലെ ഏക അരങ്ങേറ്റക്കാർ. ഫിഫ റാങ്കിംഗിലെ ആദ്യ 24 സ്ഥാനക്കാരിൽ ഇരുപത്തിമൂന്നും ലോകകപ്പിനെത്തി. എന്നാൽ ഏഷ്യയിലെ അവസാന യോഗ്യതാ റൗണ്ടിലേക്കു പോലും മുന്നേറാൻ സൗദി അറേബ്യക്കു സാധിച്ചില്ല. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർ അവസാന റൗണ്ടിലേക്ക് മുന്നേറുമെന്നിരിക്കെ ഗ്രൂപ്പ് ഡി-യിൽ ഓസ്‌ട്രേലിയക്കും ഒമാനും പിന്നിലായി സൗദി. ഇറാനും ജപ്പാനും തെക്കൻ കൊറിയയും ഓസ്‌ട്രേലിയയും യോഗ്യത നേടി. ആഫ്രിക്കയിൽ അദ്ഭുതമൊന്നും സംഭവിച്ചില്ല. ഐവറികോസ്റ്റും നൈജീരിയയും കാമറൂണും ഘാനയും അൾജീരിയയും ലോകകപ്പിനെത്തി. കോൺകകാഫിൽ മെക്‌സിക്കോക്ക് നേരിട്ട് യോഗ്യത നേടാനാവാതിരുന്നതായിരുന്നു അദ്ഭുതം. ഇന്റർകോണ്ടിനന്റൽ പ്ലേഓഫിൽ ന്യൂസിലാന്റിനെ തോൽപിക്കേണ്ടി വന്നു അവർക്ക് ബെർത്തുറപ്പിക്കാൻ. അമേരിക്കക്കൊപ്പം കോസ്റ്ററീക്കയും ഹോണ്ടൂറാസും മുന്നേറി. ലാറ്റിനമേരിക്കയിൽ ആതിഥേയരായ ബ്രസീലിനു പുറമെ അൾജീരിയയും കൊളംബിയയും ചിലെയും ഇക്വഡോറും യോഗ്യത നേടി. ഇന്റർകോണ്ടിനന്റൽ പ്ലേഓഫിൽ ഉറുഗ്വായ് ഏഷ്യൻ ടീമായ ജോർദാനെ തോൽപിച്ചു. 
യൂറോപ്പിൽ ബെൽജിയവും ഇറ്റലിയും ജർമനിയും നെതർലാന്റ്‌സും സ്വിറ്റ്‌സർലന്റും മിന്നുന്ന ഫോമിലായിരുന്നു. പോർചുഗലുൾപെടുന്ന ഗ്രൂപ്പിൽ റഷ്യ ഒന്നാമതെത്തി. ഉക്രൈനെ ഒരു പോയന്റ് വ്യത്യാസത്തിൽ ഇംഗ്ലണ്ട് മറികടന്നു. ഫ്രാൻസുൾപെടുന്ന ഗ്രൂപ്പിൽ സ്‌പെയിൻ ഒന്നാമതെത്തി. പ്ലേഓഫിലൂടെ പോർചുഗലും ഫ്രാൻസും ക്രൊയേഷ്യയും കടന്നുകൂടി. റുമാനിയയെ ഗ്രീസ് തോൽപിച്ചു. 
നിലവിലെ ചാമ്പ്യന്മാരായ സ്‌പെയിനും ആതിഥേയരായ ബ്രസീലും ലിയണൽ മെസ്സിയുടെ അർജന്റീനയുമായിരുന്നു കിരീടസാധ്യതകൾ. ജർമനിയും ഫോമിലായിരുന്നു. 
ഗോളുകളുടെ ഉത്സവമായിരുന്നു ഗ്രൂപ്പ് ഘട്ടം. ഗോളില്ലാത്ത ആദ്യ കളിയും ആദ്യ സമനിലയും പതിമൂന്നാമത്തെ മത്സരമായിരുന്നു. നെയ്മാറിന്റെ ഇരട്ട ഗോളോടെയാണ് ബ്രസീൽ തുടങ്ങിയത്. വിവാദ റഫറിയിംഗിന്റെ സഹായത്തോടെ ക്രൊയേഷ്യയെ 3-1 ന് ആതിഥേയർ തോൽപിച്ചു. ഗ്രൂപ്പ് എ-യിൽ നിന്ന് അനായാസം യോഗ്യത നേടി. കാമറൂൺ മൂന്നു കളികളും തോറ്റു. ബ്രസീലിനെ തളച്ച് മെക്‌സിക്കോയും മുന്നേറി. ഗ്രൂപ്പ് ബി-യിലായിരുന്നു കോലാഹലം. സ്‌പെയിനിനെ ആദ്യ മത്സരത്തിൽ നെതർലാന്റ്‌സ് 5-1 ന് തകർത്തു. രണ്ടാമത്തെ കളിയിൽ ചിലെയോടും തോറ്റതോടെ നിലവിലെ ചാമ്പ്യന്മാർ പുറത്തായി. സ്‌പെയിനും മൂന്നു കളിയും തോറ്റ ഓസ്‌ട്രേലിയയും പുറത്തായി. 
ഗ്രൂപ്പ് സി-യിൽ കൊളംബിയ മൂന്നു കളിയും ജയിച്ചു. ഒരു മത്സരം മാത്രം ജയിച്ച് ഗ്രീസും പ്രി ക്വാർട്ടറിലെത്തി. ഗ്രൂപ്പ് ഡി-യിൽ നിന്ന് ഇറ്റലിയും ഇംഗ്ലണ്ടും മുന്നേറുമെന്നാണ് കരുതിയത്. ഇറ്റലി ഒരു മത്സരം മാത്രമാണ് ജയിച്ചത്, ഇംഗ്ലണ്ടിന് അതും സാധിച്ചില്ല. രണ്ടു ടീമുകളും പുറത്തായി. കോസ്റ്ററീക്കയും ഉറുഗ്വായും  പ്രി ക്വാർട്ടറിലെത്തി. ഗ്രൂപ്പ് ഇ-യിൽ ഫ്രാൻസിനും സ്വിറ്റ്‌സർലന്റിനും വലിയ വെല്ലുവിളിയുണ്ടായില്ല. ഗ്രൂപ്പ് എഫിൽ അർജന്റീന മിന്നുന്ന ഫോമിലായിരുന്നു, മൂന്നു കളിയും ജയിച്ചു. ഒരു കളി ജയിച്ച നൈജീരിയയും മുന്നേറി. ജർമനിയും പോർചുഗലും അമേരിക്കയും ഘാനയുമടങ്ങുന്നതായിരുന്നു ഗ്രൂപ്പ് ജി. ഘാന പ്രതീക്ഷക്കൊത്തുയർന്നില്ല. പോർചുഗലിനെ തോമസ് മുള്ളറുടെ ഹാട്രിക്കിൽ ജർമനി 4-0 ന് തകർത്തു. ഘാനയോട് സമനില വഴങ്ങിയെങ്കിലും അമേരിക്കയെ തോൽപിച്ച് ജർമനി ഒന്നാം സ്ഥാനത്തെത്തി. അമേരിക്കക്കെതിരെ ഇഞ്ചുറി ടൈം ഗോളിലാണ് പോർചുഗൽ സമനിലയുമായി രക്ഷപ്പെട്ടത്. പോർചുഗലിനെ ഗോൾവ്യത്യാസത്തിൽ മറികടന്ന് അമേരിക്ക പ്രി ക്വാർട്ടറിലെത്തി. ഗ്രൂപ്പ് എച്ചിൽ ബെൽജിയം മൂന്നു കളിയും ജയിച്ചു. അൾജീരിയയും രണ്ടാം റൗണ്ടിലെത്തി. 
നോക്കൗട്ടുകൾ ആവേശകരമായിരുന്നു. പ്രി ക്വാർട്ടറിൽ ബ്രസീലിനെ ചിലെ വിറപ്പിച്ചു. ഷൂട്ടൗട്ടിലാണ് ആതിഥേയർ രക്ഷപ്പെട്ടത്. ഗ്രീസിനെ തോൽപിക്കാൻ കൊളംബിയക്കും ഷൂട്ടൗട്ട് വേണ്ടി വന്നു. അൾജീരിയയെ തോൽപിക്കാൻ ജർമനിയും സ്വിറ്റ്‌സർലന്റിനെ തോൽപിക്കാൻ അർജന്റീനയും അമേരിക്കയെ തോൽപിക്കാൻ ബെൽജിയവും എക്‌സ്ട്രാ ടൈം വരെ പൊരുതി. കൊളംബിയ 2-0 ന് ഉറുഗ്വായെ അട്ടിമറിച്ചു. ഫ്രാൻസ് 2-0 ന് നൈജീരിയയെയും നെതർലാന്റ്‌സ് ഇഞ്ചുറി ടൈം പെനാൽട്ടി ഗോളിൽ 2-1 ന് മെക്‌സിക്കോയെയും തോൽപിച്ചു. കോസ്റ്ററീക്ക ക്വാർട്ടറിൽ നെതർലാന്റ്‌സിനെ വിറപ്പിച്ചു വിട്ടശേഷം ഷൂട്ടൗട്ടിലാണ് കീഴടങ്ങിയത്. കൊളംബിയയുടെ മുന്നേറ്റം ബ്രസീലിനു മുന്നിൽ അവസാനിച്ചു. ജർമനി ഫ്രാൻസിനെയും അർജന്റീന ബെൽജിയത്തെയും 1-0 ന്റെ നേരിയ വ്യത്യാസത്തിൽ പറഞ്ഞുവിട്ടു.
ബെലെ ഹൊറിസോഞ്ചിലെ ബ്രസീൽ-ജർമനി സെമിയെ ആവേശത്തോടെയാണ് ഫുട്‌ബോൾ ലോകം കാത്തിരുന്നത്. ബ്രസീലിന്റെ കണ്ണീരിലാണ് ആ കളിയവസാനിച്ചത്. 29 മിനിറ്റാവുമ്പോഴേക്കും ജർമനി 5-0 ന് മുന്നിലെത്തിയപ്പോൾ ഗാലറി ഞെട്ടിത്തരിച്ചു. ജർമനി 7-1 ന് ജയിച്ചു. നെയ്മാർ പരിക്കേറ്റ് പിന്മാറിയതിന്റെ ഞെട്ടലിലായിരുന്നു ബ്രസീൽ. ഇഞ്ചുറി ടൈമിലായിരുന്നു ബ്രസീലിന്റെ ഏക ഗോൾ. നെതർലാന്റ്‌സിനെ ഷൂട്ടൗട്ടിൽ അർജന്റീന തോൽപിച്ചു. ലൂസേഴ്‌സ് ഫൈനലിൽ നെതർലാന്റ്‌സിനോടും ആതിഥേയർ തോറ്റു. 
ഫൈനലിൽ എക്‌സ്ട്രാ ടൈമിൽ ആന്ദ്രെ ഷുർലെ ഒരുക്കിയ അവസരത്തിൽ സൂപ്പർ സബ് മാരിയൊ ഗോട്‌സെയാണ് ജർമനിയുടെ വിജയ ഗോളടിച്ചത്. ആദ്യ പകുതിയിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ അർജന്റീനയുടെ ഗോൺസാലൊ ഹിഗ്വയ്‌ന് പിഴച്ചു. ബെനഡിക്ട് ഹൊവേദേസിന്റെ ഷോട്ട് അർജന്റീനാ പോസ്റ്റിനെ ഉലച്ചു. രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും രണ്ടു വീതം അവസരങ്ങൾ ലഭിച്ചു. ലിയണൽ മെസ്സിക്കും തോമസ് മുള്ളർക്കുമാണ് പിഴച്ചത്. ഫൈനലിൽ തോറ്റ ലിയണൽ മെസ്സി നിരാശനായി. ഫൈനലിൽ ജർമനി എക്‌സ്ട്രാ ടൈമിൽ അർജന്റീനയെ തോൽപിച്ചു. ജർമനിയുടെ നാലാമത്തെ ലോക കിരീടമായിരുന്നു അത്. ഐക്യ ജർമനിയായ ശേഷം ആദ്യത്തേതും. ലാറ്റിനമേരിക്കയിൽ ലോകകപ്പ് നേടുന്ന ആദ്യ യൂറോപ്യൻ ടീമായി ജർമനി. 2002 നു ശേഷം ഒരു ലാറ്റിനമേരിക്കൻ ടീമിനും ലോകകപ്പ് നേടാനായിട്ടില്ല. 
ടൂർണമെന്റിലെ മികച്ച താരമെന്ന ബഹുമതി മെസ്സിക്ക് ഒട്ടും സന്തോഷം പകർന്നില്ല. ഫ്രാൻസിന്റെ പോൾ പോഗ്ബയായിരുന്നു മികച്ച യുവ താരം. ജർമൻ ഗോളി മാന്വേൽ നോയർ ഗോൾഡൻ ഗ്ലൗ ബഹുമതി നേടി. കൊളംബിയയുടെ ഹമീസ് റോഡ്രിഗസ് ടോപ്‌സ്‌കോററായി, മികച്ച ഗോൾ പിറന്നതും ഹമീസിന്റെ ബൂട്ടിൽ നിന്നു തന്നെ.

Latest News