മോഹന്‍ലാലിന് ഇന്ന് 62ാം പിറന്നാള്‍,  ആഘോഷമാക്കി  മലയാളികള്‍ 

മുംബൈ-മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ 62ാം ജന്മദിനമാണ് ഇന്ന്. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. ഖത്തറിലായിരുന്ന ലാല്‍ ജന്മദിനത്തില്‍ മുംബൈയിലെത്തും. സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമൊപ്പം കേക്ക് മുറിച്ചുള്ള ആഘോഷം മുംബൈയില്‍.
ഇതിഹാസതാരത്തിന്റെ ജന്മദിനം ആഘോഷമാക്കുകയാണ് സിനിമാലോകവും ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരും.
മമ്മൂട്ടി, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ തുടങ്ങി മലയാളത്തിന്റെ ഇഷ്ടതാരങ്ങളെല്ലാം പ്രിയനടന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. 
 സര്‍ക്കാരിന്റെ 'മൃതസഞ്ജീവനി' പദ്ധതിയുമായി സഹകരിച്ച് സംസ്ഥാനത്തൊട്ടാകെ ആരാധകര്‍ ഇന്ന് അവയവദാന സമ്മതപത്രം നല്‍കും. ഫാന്‍സ് അസോസിയേഷന്റെ വിവിധ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ അനാഥാലയങ്ങളിലും മഹിളാ മന്ദിരങ്ങളിലും പിറന്നാള്‍ സദ്യയൊരുക്കും.
1960 മേയ് 21 നാണ് പത്തനംത്തിട്ട ജില്ലയിലെ ഇലന്തൂരില്‍ വിശ്വനാഥന്‍ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ പുത്രനായി മോഹന്‍ലാല്‍ ജനിച്ചത്. 1980ല്‍ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ലൂടെ വില്ലനായി മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ച 20കാരന്‍ മലയാളത്തിന്റെ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായ ഇതിഹാസ താരമായി മാറുകയായിരുന്നു.
 

Latest News