Sorry, you need to enable JavaScript to visit this website.

പൊടുന്നന്നനവെ പ്രായമേറുന്നത് എന്തുകൊണ്ട്?

ചിലർക്കൊക്കെ ജീവിതം എളുപ്പത്തിൽ മുഷിയുന്നതായി പറഞ്ഞു കേൾക്കാറില്ലേ? 

'ഭൗതിക ശാസ്ത്രത്തിൽ ഞാൻ അഭിമുഖീകരിക്കുന്ന ചില ഗൗരവമായ പ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങൾ കണ്ടെത്താൻ ചിലപ്പോൾ തെരുവിൽ കളിക്കുന്ന കുട്ടികൾക്ക് അനായാസേന കഴിഞ്ഞേക്കും. കാരണം എനിക്ക് എന്നോ കൈമോശം വന്ന ഇന്ദ്രിയാവബോധ സിദ്ധി കൊണ്ട് അനുഗൃഹീതരാണവർ.' പ്രസിദ്ധ അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞനായ റോബർട്ട് ഓപ്പൺ ഹൈമറുടെ വാക്കുകളാണിത്. ആറ്റം ബോംബിന്റെ പിതാവാണദ്ദേഹം. 
അണുബോംബ് നിർമിക്കുന്നതിലേക്ക് അദ്ദേഹം എത്തിപ്പെടുന്ന സാഹചര്യങ്ങളെ കുറിച്ച് ആഴത്തിൽ പഠിച്ചാൽ ഷെയ്ക്‌സ്പിയർ നാടകമായ ഹാംലെറ്റും ടി.എസ്. എലിയറ്റിന്റെ വേസ്റ്റ് ലാൻഡ് എന്ന കവിതയും ശ്രീമദ് ഭഗവത് ഗീതയും ചെലുത്തിയ ചെറുതല്ലാത്ത സ്വാധീനം കണ്ടെത്താവുന്നതാണ്. സംസ്‌കൃത ഭാഷയിൽ അവഗാഹം നേടിയ അദ്ദേഹത്തിൽ പ്രത്യേകിച്ചും ഭഗവദ് ഗീത ചെലുത്തിയ വൈവിധ്യമാർന്ന സ്വാധീനങ്ങളെ കുറിച്ച് ജെയിംസ് എ. ഹിജിയ എഴുതിയ 
ജെ. റോബർട്ട് ഓപൺ ഹൈമറുടെ ഗീത എന്ന പഠനം ഏറെ ശ്രദ്ധേയമാണെന്ന കാര്യം സാന്ദർഭികമായി ഓർക്കുന്നു. 
പ്രസിദ്ധമായ മാമ്പഴം എന്ന കവിതയിലെ 'വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ' എന്ന വരികളിലൂടെ വൈലോപ്പിള്ളിയും കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന വിസ്മയ സിദ്ധികളെ ഓർമിപ്പിക്കുന്നുണ്ട്. 
പറഞ്ഞ് വരുന്നത് വളർന്ന് വളർന്ന് നമ്മൾ പലതുമായിക്കൊണ്ടിരിക്കുകയും ആക്കപ്പെട്ടുകൊണ്ടിരിക്കുന്നതിനുമിടയിൽ നമ്മുടെ കുട്ടിത്തത്തിൽ ഇത്തിരിയെങ്കിലും കൈമോശം വരാതെ സൂക്ഷിക്കാൻ കഴിഞ്ഞാൽ നമുക്ക് ചുറ്റിലും നടക്കുന്ന അതീവ വിസ്മയകരങ്ങളായ കാര്യങ്ങളിലേക്ക് കണ്ണ് പായിക്കാനും കൗതുകപ്പെടാനും അവയിലുൾച്ചേർന്നിരിക്കുന്ന ദിവ്യമായ മാന്ത്രികതയെ തിരിച്ചറിയാനും ആസ്വദിക്കാനും കഴിയും എന്നതാണ്. 
ഒരു കുഞ്ഞിനെ പോലെ മറക്കാനും പൊറുക്കാനും ഉള്ളറിഞ്ഞ് നിഷ്‌കപടമായി ചിരിക്കാനും കഴിയുന്ന ഒരു മനസ്സ് സൂക്ഷിക്കാൻ കഴിയുന്നവർ ഭാഗ്യവാൻമാരാണ്. കാരണം അവർ ഭൗതിക ലോകത്തിലെ മാലിന്യങ്ങളെ അകത്തേക്കെടുക്കുന്നവരല്ല. അതുകൊണ്ടായിരിക്കണം പ്രായവും അനുഭവങ്ങളും നിങ്ങളിലുള്ള കുഞ്ഞു മനസ്സിനെ പാടെ കെടുത്താതിരിക്കട്ടെ എന്ന് മഹാൻമാരിൽ പലരും ആവർത്തിച്ച് ആശംസിച്ചത്. 
എല്ലാ കുട്ടികളും കലാകാരന്മാരാണെന്ന് പിക്കാസോയെക്കൊണ്ട് പറയിപ്പിച്ചത് കുഞ്ഞ് മനസ്സിൽ കവിയുന്ന സർഗ സമ്പന്നത കണ്ടിട്ടായിരിക്കണമല്ലോ? ഉദ്യാനത്തിൽ പറക്കുന്ന പൂമ്പാറ്റകളെ കണ്ട കുട്ടിയെക്കൊണ്ട് ഈ വാടിയിൽ നിന്ന് ചെമ്മേ പൂക്കൾ പോവുന്നിതാ പറന്നമ്മേ എന്ന് കുമാരനാശാൻ പാടിപ്പിച്ചത് പിഞ്ചുമനസ്സിന്റെ അതിരറ്റ നൈർമല്യമല്ലാതെ മറ്റെന്താണ്? 
പൈതങ്ങൾ എത്ര നേരവും ഇടതടവില്ലാതെ കളിച്ചും ചിരിച്ചും രസിക്കുന്നത് കണ്ടിട്ടില്ലേ? അവർ പകരുന്ന പാഠങ്ങൾ എത്ര മാത്രം ദാർശനികമാണ്? ചിന്തോദ്ദീപകമാണ്! നമുക്ക് വയസ്സാവുന്നതുകൊണ്ടല്ല നാം കളിയിലേർപ്പെടാത്തത്. നാം കളിയിലേർപ്പെടാത്തതുകൊണ്ടാണ് നമുക്ക് വയസ്സാവുന്നത് എന്ന് ജോർജ് ബർണാഡ് ഷാ ഓർമിപ്പിച്ചത് വെറുതെയല്ല. മൊഹർ കീത്തിനെ കുറിച്ച് കേട്ടിട്ടില്ലേ? തന്റെ തൊണ്ണൂറ്റി ആറാമത്തെ വയസ്സിലാണദ്ദേഹം ഏറ്റവും പ്രായം കൂടിയ ബഞ്ചീ ജമ്പറായി രണ്ടായിരത്തി പത്ത് ഏപ്രിൽ പത്താം തീയതി ലോക റെക്കോർഡിട്ടതെന്നോർക്കണം. 
ചിലർക്കൊക്കെ ജീവിതം എളുപ്പത്തിൽ മുഷിയുന്നതായി പറഞ്ഞു കേൾക്കാറില്ലേ? 
മടുപ്പുളവാക്കുന്നതായി ജീവിതം മാറുന്നത് നമ്മുടെ അകത്തെ കുഞ്ഞിനെ സ്ഥിരമായി അടിച്ചമർത്തുമ്പോഴാണെന്നത് അവരോട് പറഞ്ഞു കൊടുക്കണം. തെരുവിൽ കളിക്കുന്ന കുട്ടികളെ പോലെ ഹരമാണെനിക്ക് ഫുട്‌ബോൾ കളി. അങ്ങനെ അതാസ്വദിക്കാൻ കഴിയാത്ത നാൾ വരുമ്പോൾ ഞാൻ തീർച്ചയായും ഫുട്‌ബോൾ കളി ഉപേക്ഷിക്കും എന്ന് ആ രംഗത്തെ ഇതിഹാസമായ ലയണൽ മെസ്സി പറഞ്ഞതിന്റെ പൊരുളറിയുമ്പോൾ ജയപരാജയങ്ങൾ അല്ല കളിയിലെ താൽപര്യം നിർണയിക്കുന്നത് കുട്ടിത്തം െകെവിടാതെയുള്ള ഹൃദ്യമായ ആസ്വാദനം തന്നെയാണ് എന്ന അർത്ഥവും കൂടി വായിക്കാൻ കഴിയണം. അപ്പോൾ ആവേശകരമായ ചെറുപ്പം നിലനിർത്താനാവും. കൂടാതെ ജീവിതമെന്ന കളി ഊർജസ്വലവും കൂടുതൽ അർത്ഥപൂർണവും ആയി മാറും.

Latest News