Sorry, you need to enable JavaScript to visit this website.

നാദനീലിമയിൽ, നക്ഷത്രങ്ങളെപ്പോലെ...

സംഗീത രംഗത്തെ താരജോഡിയായി ഹംദാൻ - സിംയ ദമ്പതികൾ. മാപ്പിളപ്പാട്ടിൽ സവിശേഷമായ ആലാപന ശൈലിയും ആവിഷ്‌കാരവും സ്വന്തമാക്കിയാണ് സംഗീതാസ്വാദകരുടെ മനം കവർന്ന് ഈ താരജോഡിയുടെ മുന്നേറ്റം. സംഗീത രംഗത്ത് യാതൊരു പാരമ്പര്യവുമില്ലാത്ത ഹംദാനും ധന്യമായ സംഗീത ചുറ്റുപാടിൽ നിന്നും വരുന്ന സിംയയും പ്രതിഭയുടെ ആകർഷണത്തിലാണ് പരസ്പരം അടുത്തത്. സർഗ വൈഭവവും സംഗീതവും ഒരുമിപ്പിച്ച ഈ കൂട്ടുകാർ ജീവിത പങ്കാളികളായപ്പോഴും സംഗീത രംഗത്ത് കൂടുതൽ സജീവമാവുകയാണുണ്ടായത്.
മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയായ പട്ടുറുമാലിൽ വെച്ചാണ് ഈ ഇണക്കിളികൾ ഹൃദയം കൈമാറിയത്. അവിടുന്നങ്ങോട്ട് സംഗീതവും അനുരാഗവും കോർത്തിണക്കിയ യാത്രയായിരുന്നു. ഒരു പക്ഷേ മാപ്പിളപ്പാട്ട് രംഗത്തെ ശ്രദ്ധേയമായ ആദ്യ കപ്പിൾ ആൽബമെന്ന് വിശേഷിപ്പിക്കാവുന്ന അനുരാഗവും മക്കത്തു പൂത്തൊരു.. എന്നു തുടങ്ങുന്ന ഗാനവും കുഞ്ഞീബിയുമൊക്കെ ഈ താര ദമ്പതികളുടെ സംഗീത യാത്രയിലെ അവിസ്മരണീയമായ ഏടുകളാകാം.
സിംയ ഹംദാൻ മ്യൂസിക് കമ്പനി സ്ഥാപിച്ച് തങ്ങളുടെ സംഗീത സപര്യയുടെ സ്വപ്ന സാക്ഷാൽക്കാരത്തിനായി പരിശ്രമിക്കുന്ന ഈ താരജോഡിയുടെ ഓരോ പാട്ടുകളും വ്യത്യസ്ത തലങ്ങളുള്ളവയാണ്. പഴയ പാട്ടുകളും സങ്കരയിനം പാട്ടുകളുമൊക്കെ ഒരുപോലെ വഴങ്ങുന്ന സിംയയും ഹംദാനും പഴയ തലമുറയുടെ പാട്ടുകൾക്ക് പുതിയ ജനറേഷന്റെ ആവിഷ്‌കാരം നൽകിയാണ് സംഗീത ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. 2018 ൽ സ്വന്തമായ യു ട്യൂബ് ചാനൽ തുടങ്ങിയ ഈ താര ദമ്പതികൾ സ്വന്തമായൊരു ആർട് സകൂൾ എന്ന സ്വപ്ന പദ്ധതിയുമായാണ് മുന്നോട്ടു പോകുന്നത്. 
തൃശൂർ ജില്ലയിലെ തിരുനല്ലൂർ സ്വദേശി ഹംസക്കുട്ടിയുടെയും നദീറയുടെയും ചെറിയ മകനായാണ് ഹംദാൻ ജനിച്ചത്. 35 വർഷത്തോളം അബുദാബിയിൽ പ്രവാസിയായിരുന്നു പിതാവ്. മുല്ലശ്ശേരി സെന്റ് ജോസഫ് എൽ.പി സ്‌കൂളിൽ രണ്ടാം ക്‌ളാസ് വിദ്യാർഥിയായിരിക്കേയാണ് ആദ്യമായി പൊതുവേദിയിൽ പാടുന്നത്. സ്‌കൂളിലെ അറബി ടീച്ചറായിരുന്ന സിസിലി ടീച്ചറും ഉമ്മയും ചേർന്ന് പഠിപ്പിച്ച പാട്ട് സ്‌കൂൾ വാർഷികത്തിന് പാടിക്കൊണ്ടായിരുന്നു അരങ്ങേറ്റം. തുടർന്ന് ഉപജില്ല കലോൽസവത്തിൽ പങ്കെടുത്ത് സമ്മാനം നേടി. പത്താം ക്‌ളാസ് വരെ ഉപജില്ല, ജില്ലാതല മൽസരങ്ങളിൽ മാപ്പിളപ്പാട്ട്, അറബി പദ്യം ചൊല്ലൽ എന്നിവയിൽ പങ്കെടുത്തും സമ്മാനം നേടിയും മുന്നേറിയെങ്കിലും ശരിയായ രീതിയിൽ പാട്ട് പഠിക്കാൻ അവസരം ലഭിച്ചത് വെങ്ങനാട് സ്‌കൂളിലെ സഫിയ ടീച്ചറുടെ താൽപര്യത്തിൽ ഹസനുൽ ബന്ന പെരുമ്പടപ്പിൽ നിന്നും സങ്കരയിനം പാട്ടുകൾ പഠിക്കാൻ തുടങ്ങിയപ്പോഴാണ്. പരീത് ഗുരുക്കളുടെ മകൻ ലത്തീഫ് മദ്രസയിലും പാട്ടു പഠിപ്പിക്കാൻ തുടങ്ങിയതോടെ മദ്രസ മൽസരങ്ങളിലും സമ്മാനങ്ങൾ വാരിക്കൂട്ടുകയും ഒരു പാട്ടുകാരനാകണമെന്ന കലശലായ ആഗ്രഹം ജനിക്കുകയും ചെയ്തു. സംസ്ഥാന സ്‌കൂൾ യൂവജനോൽസവത്തിലും സമ്മാനം ലഭിച്ചതോടെ ഹംദാന്റെ സംഗീതാവേശം വർധിച്ചു.
എട്ടാം ക്‌ളാസ് മുതൽ പ്‌ളസ് ടു വരെ എം.എ.എസ്.എം ഹയർ സെക്കണ്ടറി സ്‌കൂളിലെ സഫിയ ടീച്ചറുടെ പ്രോൽസാഹനവും പിന്തുണയും ഹംദാനെ ഒരു പാട്ടുകാരനാക്കുന്നതിൽ കാര്യമായ പങ്കുവഹിച്ചു.
പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ മാമൻ കമറുദ്ദീൻ പുറത്തിറക്കിയ എന്റേതാണ് ഹാജറ എന്ന ആൽബത്തിന് വേണ്ടി സ്വന്തമായി പാട്ടെഴുതി മ്യൂസിക് ചെയ്താണ് ഹംദാൻ സംഗീത രംഗത്ത് ഹരിശ്രീ കുറിച്ചത്. പ്‌ളസ് ടുവിന് പഠിക്കുമ്പോൾ അഴകേ കിനാവേ എന്ന ആൽബത്തിന് വേണ്ടി സ്വന്തം രചനയും സംഗീതവും നൽകി പാടിയ എന്ത് ചന്തമാണ് പെണ്ണേ നിന്റെ പുഞ്ചിരി കാണുവാൻ എന്ന പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. കൊല്ലം ഷാഫി, സലീം കോടത്തൂർ തുടങ്ങിയ പ്രമുഖ മാപ്പിളപ്പാട്ട് ഗായകരും പാടിയ ആൽബമായിരുന്നു അത്. തേൻ, ലൗ ലെറ്റർ, അത്തർ തുടങ്ങിയ ആൽബങ്ങളിലും പാടിയതോടെ ഹംദാൻ അറിയപ്പെടാൻ തുടങ്ങി. ലൗ ലെറ്ററിൽ ജ്യോൽസ്‌നയോടൊപ്പവും അത്തറിൽ എം.ജി ശ്രീകുമാർ, കണ്ണൂർ ശരീഫ്, രഹ്‌ന , വിധു പ്രതാപ് തുടങ്ങിയ പ്രമുഖരോടൊപ്പവുമൊക്കെ പാടിയാണ് ഈ യുവപ്രതിഭ സംഗീത രംഗത്തെ തന്റെ സഞ്ചാരം സാർഥകമാക്കിയത്. സ്വന്തമായി എഴുതി മ്യൂസിക് ചെയ്ത അഞ്ച് പാട്ടുകളടക്കം നൂറോളം പാട്ടുകളാണ് ഹംദാന്റേതായി പുറത്തിറങ്ങിയത്. 
മാപ്പിളപ്പാട്ടിന്റെ കളിത്തോഴൻ എന്നറിയപ്പെടുന്ന മഹാകവി മോയിൻകുട്ടി വൈദ്യർ തന്റെ ഇരുപതാമത്തെ വയസ്സിൽ രചിച്ചതെന്ന് കരുതുന്ന ആദ്യ കാൽപനിക ഇതിഹാസ കാവ്യമായ ബദറുൽ മുനീർ ഹുസ്നു ജമാൽ പുതുമകളോടെ പ്രശസ്ത സംഗീത സംവിധായകൻ മുഹ്‌സിൻ കുരിക്കൾ ചിട്ടപ്പെടുത്തിയതാണ് സിംയയും ഹംദാനും ചേർന്ന് പാടിയത്. മലയാളം കലർന്ന തമിഴ്, മലയാളം കലർന്ന സംസ്‌കൃതം, അറബി എന്നീ ഭാഷകളെ കോർത്തിണക്കിയാണ് മഹാകവി മോയിൻകുട്ടി വൈദ്യർ സങ്കരയിനം മാപ്പിളപ്പാട്ടുകൾക്ക് രൂപം നൽകിയിരുന്നത്.
സിംയ ഹംദാൻ മ്യൂസിക് കമ്പനിയുടെ ബാനറിൽ പ്രശസ്ത കലാകാരനായ നാസർ പറശ്ശിനി അണിയിച്ചൊരുക്കിയ ദുനിയാവിന്റെ മറിമായം കൊറോണയും പ്രളയവുമൊക്കെ പ്രമേയമാക്കി ഒ.എം കരുവാരക്കുണ്ട് രചിച്ച് ഗായക ദമ്പതികളായ ഹംദാൻ ഹംസയും സിംയ ഹംദാനും പാടിയപ്പോൾ സംഗീതാസ്വാദകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.
ഗായികയും സംഗീത അധ്യാപികയുമായ സിംയ ഹംദാന് കഴിഞ്ഞ വർഷത്തെ ഫോക്‌ലോർ അക്കാദമിയുടെ മാപ്പിള കലക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ പത്തു വർഷത്തോളമായി ഒരു ഗായിക എന്നതോടൊപ്പം തന്നെ സ്റ്റേറ്റ് യൂത്ത് ഫെസ്റ്റിവൽ, യൂനിവേഴ്‌സിറ്റി കലോൽസവങ്ങൾ തുടങ്ങി വിവിധ മൽസരങ്ങൾക്കായി കുട്ടികളെ തയാറാക്കുന്ന അധ്യാപിക എന്ന നിലക്കും സജീവമായ സിംയയുടെ നാൽപതോളം പാട്ടുകൾ വിവിധ ആൽബങ്ങൾക്കും അല്ലാതെയും ഇതിനകം റെക്കോർഡ് ചെയ്തിട്ടുണ്ട്. സിംയ ഹംദാൻ ദമ്പതികളുടെ ഏക മകൻ ദിയാൻ ഹാഷ്മിയുടെ പാട്ടിലും ഡാൻസിലും പിച്ചവെച്ച് തുടങ്ങുന്നത് ഏറെ പ്രതീക്ഷകളോടെയാണ്.

Latest News