കേരളത്തില്‍ 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി

തിരുവനന്തപുരം- കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ വിവിധ ട്രേഡ് യുനിയനുകളുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. തിങ്കളാഴ്ച രാത്രി 12 വരെ തുടരും. സ്ഥിരം തൊഴില്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം. ആര്‍ എസ് എസ് ട്രേഡ് യൂണിനായ ബിഎംഎസ് ഒഴികെയുള്ള പ്രധാന തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. 

കച്ചവടസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല. ബസുകളും ടാക്‌സികളും സര്‍വീസില്‍ നിന്ന് വിട്ടു നില്‍ക്കും. കെഎസ്ആര്‍ടിസി ബസുകളും ഓടില്ല. ആശുപത്രി, വിവാഹം, പാല്‍, പത്രം എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അധ്യാപക സംഘടനകള്‍, ബാങ്ക്, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വീസ് ഉള്‍പ്പെടെ എല്ലാ ജീവനക്കാരും പണിമുടക്കും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സംയുക്ത ട്രേഡ് യുനിയന്റെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് തിങ്കളാഴ്ച രാവിലെ മാര്‍ച്ച് നടത്തും.

നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് സമരക്കാര്‍ അറിയിച്ചു.
 

Latest News