Sorry, you need to enable JavaScript to visit this website.

ഖത്തര്‍ ലോകകപ്പില്‍ ചൂഷണം; ആംനസ്റ്റിക്ക് ഖത്തറിന്റെ മറുപടി

ദോഹ- ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ അടിസ്ഥാന സൗകര്യ വികസന കാര്യങ്ങളില്‍ ജോലി ചെയ്ത തൊഴിലാളികളെ ചൂഷണം ചെയ്‌തെന്നും ഫിഫ നഷ്ടപരിഹാരം നല്‍കണമെന്നും റിപ്പോര്‍ട്ടു പുറത്തുവിട്ട ആംനസ്റ്റി ഇന്റര്‍നാഷണലിന് ഖത്തറിന്റെ മറുപടി. ഖത്തറിലെ തൊഴില്‍ പരിഷ്‌ക്കാരങ്ങള്‍ സമഗ്രവും ശാശ്വതവുമായ മാറ്റം ഉറപ്പാക്കുന്ന വേഗതയില്‍ തുടരുമെന്നും ഖത്തര്‍ അവതരിപ്പിച്ച പരിഷ്‌ക്കാരങ്ങളില്‍ ഖത്തര്‍ അഭിമാനിക്കുന്നുവെന്നുമാണ് ഖത്തര്‍ തൊഴില്‍ മന്ത്രാലയം ട്വിറ്ററിലൂടെ നടത്തിയ പ്രസ്താവനയില്‍ അറിയിച്ചത്. 

ഏതാനും വര്‍ഷങ്ങള്‍കൊണ്ട് ഖത്തറുണ്ടാക്കിയ നേട്ടം ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള രാജ്യങ്ങള്‍ക്ക് നേടാന്‍ നിരവധി പതിറ്റാണ്ടുകള്‍ വേണ്ടിവന്നുവെന്ന് ഖത്തര്‍ ചൂണ്ടിക്കാട്ടി. തൊഴില്‍ പരിഷ്‌ക്കരണത്തിനുള്ള ഖത്തറിന്റെ പ്രതിബദ്ധത ദൃഢമാണെന്നും തൊഴില്‍ വിപണിയെ പരിവര്‍ത്തനം ചെയ്യുന്നത് തുടരാനും മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാകാനും തങ്ങള്‍ തീരുമാനിച്ചതായും ഖത്തര്‍ പ്രസ്താവനയില്‍ അറിയിച്ചു. 

അന്താരാഷ്ട്ര തൊഴില്‍ സംഘടന, നിരവധി എന്‍ ജി ഒകള്‍, ട്രേഡ് യൂണിയനുകള്‍ തുടങ്ങിയ അന്താരാഷ്ട്ര പങ്കാളികളുടെ പിന്തുണയോടെയാണ് ഖത്തര്‍ പരിഷ്‌ക്കാരങ്ങള്‍ വികസിപ്പിച്ചെടുത്തത്. ഈ പങ്കാളിത്തങ്ങള്‍ വിശ്വാസത്തിലും കഠിനാധ്വാനത്തിലും തങ്ങളുടെ ലക്ഷ്യങ്ങളെ കുറിച്ചുള്ള ധാരണയിലും അധിഷ്ഠിതമാണെന്നും ഖത്തര്‍ വ്യക്തമാക്കി. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഖത്തറിയും വിദേശ കമ്പനികളും ഉള്‍പ്പെടുന്ന ബിസിനസ് സമൂഹവുമായി അടുത്ത് പ്രവര്‍ത്തിച്ചതായും തൊഴില്‍ മന്ത്രാലയം വിശദമാക്കി. 

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഖത്തറിന്റെ പരിഷ്‌ക്കാരങ്ങളില്‍ പുതിയ ദേശീയ മിനിമം വേതനം, എക്‌സിറ്റ് പെര്‍മിറ്റ് നീക്കം, ജോലി മാറുന്നതിനുള്ള തടസ്സങ്ങള്‍ ഒഴിവാക്കല്‍, റിക്രൂട്ട്‌മെന്റിന് കര്‍ശനമായ മേല്‍നോട്ടം, നീതിക്കും നഷ്ടപരിഹാരത്തിനും മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍, മികച്ച താമസ സൗകര്യങ്ങള്‍, ആരോഗ്യ- ഇന്‍ഷൂറന്‍സ് മാനദണ്ഡങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

തൊഴിലാളികള്‍ ഖത്തറില്‍ എത്തുന്നതിന് മുമ്പുള്ള ചൂഷണങ്ങള്‍ കൈകാര്യം ചെയ്യാന്‍ തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങളുമായി ചേര്‍ന്ന പ്രവര്‍ത്തിക്കുന്നതായും ഖത്തര്‍ അറിയിച്ചു. ഖത്തറിന്റെ മുന്നേറ്റം നിഷേധിക്കാനാവാത്തതാണെന്ന് വിശദമാക്കിയ തൊഴില്‍ മന്ത്രാലയം തൊഴിലാളികള്‍ക്ക് നല്‍കേണ്ട പേയ്‌മെന്റുകള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ സ്ഥാപിച്ച ഇന്‍ഷൂറന്‍സ് ഫണ്ട് ഉള്‍പ്പെടെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനകം മാത്രം 110 ദശലക്ഷം പൗണ്ടാണ് വിതരണം ചെയ്തത്. ഖത്തറിനെ തുടര്‍ച്ചയായി വിമര്‍ശിക്കുന്ന എന്‍ ജി ഒകളുമായി തങ്ങള്‍ പരസ്യമായി ഇടപഴകിയിട്ടുണ്ടെന്നും മന്ത്രാലയം വിശദമാക്കി. 

എന്‍ ജി ഒകള്‍ക്ക് ഖത്തറില്‍ ഗവേഷണം നടത്താനും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനും സന്ദര്‍ശനങ്ങള്‍ സുഗമമാക്കാനും കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യാനും ഖത്തര്‍ എപ്പോഴും തയ്യാറാണെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.

Tags

Latest News