ബാസ്പൂർ- പതിനൊന്നു വർഷം ഒരുമിച്ചു ജീവിച്ച ഭാര്യ തന്റെ ആദ്യഭാര്യയിലെ മകനെ വിവാഹം ചെയ്തുവെന്ന് ആരോപിച്ച് ഭർത്താവ് പോലീസ് സ്റ്റേഷനിൽ പരതി നൽകി. ഉത്തരാഖണ്ഡിലെ ഉദ്ദം സിംഗ് നഗർ ജില്ലയിലെ ബാസ്പൂരിലാണ് സംഭവം. ഭർത്താവ് ഇന്ദ്രരാമനാണ് ഭാര്യബബ്ലിക്കെതിരെ പരാതി നൽകിയത്.
ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. ഇന്ദ്രറാമിന് ആദ്യ വിവാഹത്തിൽ രണ്ട് ആൺമക്കളുമുണ്ട്. ആദ്യ വിവാഹത്തിലെ ഒരു മകൻ പലപ്പോഴും വീട്ടിൽ സന്ദർശിക്കാൻ എത്താറുണ്ടെന്നും ഈ മകനെയാണ് തന്റെ ഭാര്യ വിവാഹം ചെയ്തിരിക്കുന്നതെന്നും ഇന്ദ്രരാമൻ നൽകിയ പരാതിയിൽ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സ്വന്തം വീട്ടിലേക്ക് പോയ ഭാര്യ തിരിച്ചെത്തിയിരുന്നില്ല. ബബ്ലി വീട്ടിൽ നിന്ന് 20,000 രൂപ കൊണ്ടുപോയിരുന്നുവെന്നും പരാതിയിൽ പറഞ്ഞു.
ബബ്ലിയെ തിരികെ കൊണ്ടുവരാൻ പോയപ്പോഴാണ് ഭാര്യ മകനെ വിവാഹം കഴിച്ചു താമസിക്കുകയാണെന്ന കാര്യം അറിഞ്ഞത്. ഭർത്താവിനൊപ്പം മടങ്ങാൻ ഭാര്യ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ വാക്കേറ്റം കൈയാങ്കളിയിൽ കലാശിക്കുകയും ഇന്ദ്രറാമിന് പരിക്കേൽക്കുകയും ചെയ്തു. പരാതിയിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.