Sorry, you need to enable JavaScript to visit this website.

കൊതിപ്പിക്കുന്ന അബഹയും ഫുർസാൻ ദ്വീപും

പ്രവാസത്തിന്റെ പ്രയാസങ്ങൾക്കിടയിൽ വീണു കിട്ടുന്ന ഒഴിവ് ദിനങ്ങളെ ആസ്വാദ്യമാക്കുന്നതിനായി സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഈദ് അവധി ദിനങ്ങളിൽ സംഘടിപ്പിച്ച വിനോദയാത്ര ഏറെ ആസ്വാദകരമായിരുന്നു. 17 ഓളം കുടുംബങ്ങളടക്കം 52 പേരാണ് യാത്രയിൽ ഉണ്ടായിരുന്നത്.   ഒരു കുടുംബമായി 52 ആളുകൾ കളിയും ചിരിയും തമാശകളും പക്വതയുള്ള ചർച്ചകളും പലതരം മത്സരങ്ങളും പഠന ക്ലാസുകളും നിറഞ്ഞു നിന്ന 4 ദിവസത്തെ യാത്ര വ്യത്യസ്തങ്ങളായ സ്ഥലങ്ങൾ, കാലാവസ്ഥ, ഭക്ഷണം, കൗതുക കാഴ്ചകൾ എല്ലാം പിന്നിട്ട് റിയാദിൽ തിരിച്ചെത്തിയപ്പോൾ ഏകദേശം 3000 കിലോ മീറ്റർ അറിയാതെ പിന്നിട്ടിരുന്നു. യാത്രകൾ മനോഹരമാകുന്നത് കാഴ്ചകളും കാഴ്ചപ്പാടുകളും മനോഹരമാവുമ്പോഴാണ്.
പെരുന്നാൾ ദിനത്തിൽ  തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് റിയാദിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെയാണ് ഞങ്ങൾ അബഹയിലെത്തിയത്. അബഹയിൽ എത്തിയ ഞങ്ങൾ ആദ്യം പോയത് ലോകപ്രശസ്തമായ ആർട്ട് സ്ട്രീറ്റിലായിരുന്നു. ഇരു ഭാഗവും പർപ്പിൾ  മരങ്ങളാൽ നിറഞ്ഞ മനോഹരമായ ഒരു പാതയാണ് ആർട്ട് സ്ട്രീറ്റ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരൻമാർ അവരുടെ സർഗാത്മകത പങ്കിടുന്ന സ്ഥലം കൂടിയാണിത്.  വർണാഭമായി അലങ്കരിച്ച തെരുവും കൊഴിഞ്ഞു വീണ പർപ്പിൾ നിറത്തിലുള്ള പൂക്കളും മനസ്സിന് വല്ലാത്ത കുളിരേകുന്ന അനുഭൂതിയാണ്. തണുത്ത് ശാന്തമായ ആർട്ട് തെരുവിൽ ഞങ്ങളെ വരവേറ്റത് കനത്ത ഇടിമിന്നലും മഴയുമായിരുന്നു. കനത്ത മഴയിലും സുന്ദരമായിരുന്നു ആ തെരുവുകൾ. അപ്രതീക്ഷിതമായെത്തിയ മഴയെ തുടർന്ന് ഞങ്ങൾ അവിടം വിട്ടു. തുടർന്ന് ഞങ്ങൾ പോയത് മൂടൽമഞ്ഞിന്റെ മനോഹാരിതയെ അടുത്തറിയുന്ന അൽ സൂദ് മലനിരകളിലേക്കാണ്. അസീർ പ്രവിശ്യയുടെ പ്രകൃതി രമണീയത, അനുഭവിച്ചറിയേണ്ട ചില പ്രകൃതി വിസ്മയങ്ങൾ ഞങ്ങൾക്കവിടെ കാണാൻ കഴിഞ്ഞു. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 2200 മീറ്റർ ഉയരത്തിലാണ് അബഹ സ്ഥിതി ചെയ്യുന്നത്. സാഹസിക വിനോദങ്ങളും കാഴ്ചകളും ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഇവിടം ഇഷ്ടപ്പെടും. സമയക്കുറവും തളർച്ചയും പ്രതിസന്ധി സൃഷ്ടിച്ചിരുന്നെങ്കിലും കുട്ടികളടക്കം ഞങ്ങളിലെല്ലാവരും ഒരു സഞ്ചാരിയുടെ അറിയാനും അനുഭവിക്കാനുമുള്ള ആവേശത്തിലായിരുന്നു.
തുടർന്ന് ബുധനാഴ്ച രാവിലെ ഞങ്ങൾ അബഹ വിട്ടു. അടുത്ത ലക്ഷ്യം ജിസാനിലെ ഫുർസാൻ ഐലന്റ് ആയിരുന്നു. 
അബഹയിൽ നിന്നും ജിസാനിലേക്കുള്ള യാത്രയും അതിമനോഹരമാണ്. ഇരുവശവും തിങ്ങി നിറഞ്ഞു നിൽക്കുന്ന മലനിരകളും ഹയർ പിൻ വളവുകളും മല തുരന്നുള്ള തുരങ്കങ്ങളും യാത്രയെ ആസ്വാദ്യകരമാക്കുന്നു. 
2200 മീറ്റർ താഴ്ചയിലേക്കിറങ്ങുമ്പോൾ കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റം വളരെ വലുതാണ്.  തണുപ്പിൽ നിന്നും ചൂടിലേക്കുള്ള മാറ്റം.
ഫുർസാൻ ഐലന്റ് കേട്ടുകേൾവി മാത്രമായിരുന്നു കൂട്ടത്തിലുണ്ടായിരുന്ന പലർക്കും. പക്ഷേ ഈ ഒരു യാത്രയോടെ ഐലന്റിനെ കുറിച്ച് കൂടുതൽ കണ്ട് മനസ്സിലാക്കാനായി.
ഫുർസാൻ ഐലന്റ് ചെങ്കടലിലെ ഏറ്റവും വലിയ ദ്വീപ് ആണ്.  ജിസാനിൽ നിന്നും ഏകദേശം 50 കിലോ മീറ്റർ സഞ്ചരിച്ച് വേണം ദ്വീപിൽ എത്താൻ. ജിസാൻ സീപോർട്ടിൽ നിന്നും പോകുന്ന ചെറിയ കപ്പലുകളും ചെറിയ ബോട്ടുകളും മാത്രമാണ് ദ്വീപിലെത്താനുള്ള വഴികൾ. കപ്പൽ യാത്ര തികച്ചും സൗജന്യമാണെന്നതാണ് അത്ഭുതം. ദിവസത്തിൽ രണ്ട് സമയങ്ങളിൽ മാത്രമേ കപ്പൽ സർവീസ് നടത്തുന്നുള്ളൂ. അതുകൊണ്ട് തന്നെ ഞങ്ങൾ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് ബുധനാഴ്ചത്തെ 3.30 നുള്ള സർവീസ് പിടിക്കാൻ ഒരു മണിക്കൂർ മുൻപെ പോർട്ടിൽ എത്തി. 
വിമാനത്താവളങ്ങളിലെന്ന പോലെ തന്നെ ഇവിടെയും ദേഹ പരിശോധനയും ബാഗേജ് സ്‌ക്രീനിങും ചെയ്തതിന് ശേഷമേ ചെറുകപ്പലിലേക്ക് ആളുകളെ കടത്തി വിടുന്നുള്ളു. 
ജിസാൻ തുറമുഖത്ത് നിന്ന് രണ്ടര മണിക്കൂർ നേരം കപ്പലിൽ സഞ്ചരിച്ച് വേണം ദ്വീപിൽ എത്താൻ. ഞങ്ങളുടെ കൂട്ടത്തിൽ ഞാനടക്കം പലർക്കും ഇത് ജീവിതത്തിലെ ആദ്യ കപ്പൽയാത്ര ആയിരുന്നു. രണ്ട് നിലകളുള്ള ചെറിയ കപ്പലിൽ മുകൾഭാഗം യാത്രക്കാർക്കും താഴെ കാറുകൾ കടത്തുന്നതിനുമായാണ്  ക്രമീകരിച്ചിരിക്കുന്നത്. അഞ്ച് മണി ആയപ്പോഴേക്കും ഞങ്ങൾ ദ്വീപിലെത്തി. പോർട്ടിൽ നിന്നും കുറച്ചകലെ വിജനമായ ഒരു സ്ഥലത്തായിരുന്നു ഞങ്ങൾക്ക് താമസിക്കാനുള്ള ഇസ്തിറാഹ ക്രമീകരിച്ചിരുന്നത്. കുറച്ച് ദൂരം മൺപാതയിലൂടെ ഇരു ഭാഗത്തുമുള്ള വലിയ കല്ലുകൾക്കിടയിലൂടെ സാഹസികമായാണ് അവിടെ എത്തിയത്. ചെറുതാണെങ്കിലും വളരെ നല്ലൊരിടം. കിലോമീറ്ററുകൾക്കിപ്പുറം റിയാദിൽ നിന്ന് ഇത്തരത്തിലുള്ള ഒരു ഇസ്തിറാഹ കണ്ടുപിടിച്ച് ബുക്ക് ചെയ്ത സംഘാടകരെ അഭിനന്ദിക്കാതെ വയ്യ.
അങ്ങനെ അന്നത്തെ സായാഹ്നം കുട്ടികളും സ്ത്രീകളും അവിടത്തെ ചെറിയ നീന്തൽ കുളത്തിൽ തിമർത്താടി.  അവരുടെ ആറാട്ട് കഴിഞ്ഞപ്പോഴേക്ക് ക്ഷീണിതരായിരുന്ന പുരുഷ പ്രജകൾക്ക് കുളത്തിലിറങ്ങാൻ പറ്റാതായി. പിന്നങ്ങോട്ട് ഭക്ഷണത്തിനായുള്ള ചർച്ച. ഒരു ആവറേജ് മലയാളിയുടെ സ്വഭാവം. ഭൂരിപക്ഷം പേർക്കും കേരള ഫുഡ് വേണം. അങ്ങനെ ഞങ്ങൾ അവിടെയും കണ്ടെത്തി ഒരു കേരള ഹോട്ടൽ. പൊറോട്ടയും ചിക്കൻ കറിയും. സീസൺ ആയതുകൊണ്ടും സഞ്ചാരികളിൽ അധികവും ഏഷ്യൻ വംശജരായതുകൊണ്ടുമാവാം എല്ലാവരും അന്വേഷിച്ചെത്തിയത് പൊറോട്ടയും ചിക്കൻ കറിയും തന്നെ ആയിരുന്നു. അതുകൊണ്ട് കടയുടമക്ക് ചാകര തന്നെ. പക്ഷേ ചാകരക്കിടയിൽ കറി നീട്ടി ഒഴിക്കാൻ കൂട്ടിയ വെള്ളം നിർഭാഗ്യവശാൽ ഞങ്ങൾക്ക് അവിടെ തന്നെ ഒഴുക്കിവിടേണ്ടി വന്നു. 
നാല് ഭാഗവും കടലിനാൽ ചുറ്റപ്പെട്ട ദ്വീപിലെ ഹ്യുമിഡിറ്റി റിയാദു കാരായ ഞങ്ങൾക്ക് രാത്രയിൽ ചെറിയ തോതിൽ അസ്വസ്ഥത നൽകിയെങ്കിലും എല്ലാവരും നന്നായുറങ്ങി. വ്യാഴം രാവിലെ ആറു മണിക്കാണ് മറ്റൊരു ചെറിയ ദ്വീപിലേക്ക് ബോട്ട് യാത്രക്ക് ബുക്ക് ചെയ്തിരുന്നത്. 
ഫുർസാൻ ഐലന്റ് പോർട്ടിൽ നിന്നും ഏകദേശം അര മണിക്കൂർ സ്പീഡ് ബോട്ടിൽ സഞ്ചരിച്ച് വേണം, കുഞ്ഞു ദ്വീപുകളിൽ എത്താൻ. സൗദി സീ പോർട്ടിന്റെ മേൽനോട്ടത്തിൽ നടത്തുന്ന ഇത്തരം സർവീസുകളിൽ അധികൃതരുടെ കൃത്യമായ മാർഗ നിർദേശങ്ങൾ പാലിച്ചിരിക്കണമെന്ന കടുത്ത നിർദേശമുണ്ട്. 7 മണി ആയപ്പോഴേക്ക് അഞ്ച് ചെറിയ സ്പീഡ് ബോട്ടുകളിൽ ഞങ്ങളെ ഒരു കുഞ്ഞു ദ്വീപിൽ എത്തിച്ചു. അവിടത്തെ ഭംഗി അവർണനീയമായിരുന്നു. ആഴം കുറഞ്ഞ കടലിന്റെ തീരത്തോടടുത്ത ഭാഗത്തെ തെളിഞ്ഞ വെള്ളം ഏതൊരാളെയും അവിടെയിറങ്ങി കുളിക്കാൻ കൊതിപ്പിക്കുന്നതാണ്. തീരെ ആഴക്കുറവും ശക്തി കുറഞ്ഞ തിരമാലകളും കുട്ടികൾക്ക് വരെ തനിച്ച് കടലിൽ ഇറങ്ങാനാവുന്നതായിരുന്നു.
അങ്ങനെ കുളിയും നീന്തലുമൊക്കെ കഴിഞ്ഞ് അവിടെ നിന്നും തിരിച്ചു. അപ്പോഴേക്ക് ചൂടിന്റെ കാഠിന്യം കൂടിയിരുന്നു. പിന്നീട് ഞങ്ങൾ എത്തിയത് ദ്വീപിലെ പ്രധാന ആകർഷണമായ അൽ ക്വസ്സാർ വില്ലേജിലാണ്. ദ്വീപിലെ ഏറ്റവും പഴയ ജനവാസ കേന്ദ്രമാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഗ്രാമത്തിന് റോമക്കാരുടെ കാലത്തെ പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. പൂർണമായും മണൽ കല്ല് കൊണ്ട് പുനർനിർമിച്ച ഈ ഗ്രാമം ദ്വീപിലെ ആളുകൾ എങ്ങനെയായിരുന്നു ജീവിച്ചിരുന്നതെന്ന് കാണിച്ചു തരുന്നതാണ്.
പതിനൊന്ന് മണിയായപ്പോഴേക്കും ചൂട് അതികഠിനമായി. അവിടെയുണ്ടായിരുന്ന കടയിലെ മുഴുവൻ വെള്ളവും കുടിച്ചു തീർത്തു. കുട്ടികളും മുതിർന്നവരും പിന്നെ അധിക സമയം അവിടെ നിന്നില്ല. നിൽക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല എന്നതാവും ശരി. മറ്റുള്ള സന്ദർശന സ്ഥലങ്ങൾ വെട്ടിക്കുറച്ച് ചൂടിൽ നിന്നും ഞങ്ങൾ ഓടി രക്ഷപ്പെട്ടു. ഞങ്ങളെന്നല്ല കപ്പലിൽ നിന്ന് പരിചയപ്പെട്ട മിക്കയാളുകൾക്കും പറയാനുണ്ടായിരുന്നത് ദ്വീപിലെ ചൂടനുഭവങ്ങളായിരുന്നു. അങ്ങനെ ഞങ്ങൾ ഫുർസാൻ വിട്ടു ജിസാനിൽ തിരിച്ചെത്തി അവിടെ നിന്ന് വീണ്ടും ബസിൽ റിയാദിലേക്ക്.ഓരോ യാത്രയും ഓരോ അനുഭവങ്ങളും അറിവുകളുമാണ്. ഒരു നാടിന്റെ സംസ്‌കാരം, ചരിത്രം, കാഴ്ചകൾ, കാലാവസ്ഥ, വികസനം, രുചികൾ തുടങ്ങി എല്ലാം. അറിയാനും അനുഭവിക്കാനും നമ്മുടെ യാത്രകൾ തുടർന്നുകൊണ്ടേയിരിക്കും.

Latest News