Sorry, you need to enable JavaScript to visit this website.

സ്മാർട് കൊമേഴ്‌സുമായി ആമസോൺ

ഇന്ത്യൻ ഗ്രാമങ്ങളിലെ കടകൾ ഡിജിറ്റൈസ് ചെയ്യുക ലക്ഷ്യം

ഇന്ത്യയിലെ ചെറുകിടസ്‌റ്റോറുകളെ ഡിജിറ്റൽ മാർക്കറ്റിൽ ഉൾപ്പെടുത്താനുള്ള പുതിയ സംരംഭത്തിന് ആമസോൺ തുടക്കം കുറിച്ചു. 
ഓൺലൈൻ റീട്ടെയിൽ ഉപഭോക്താക്കളെ ലഭിക്കുന്നതിനു പുറമെ, കടയിലെത്തുന്നവർക്ക് പുതിയ ഷോപ്പിംഗ് അനുഭവം കൂടി സമ്മാനിക്കാമെന്ന വാഗ്ദാനത്തോടെയാണ് ആമസോണിന്റെ സ്മാർട്ട് കൊമേഴ്‌സ് ആരംഭിച്ചിരിക്കുന്നത്. 
സ്മാർട്ട് കൊമേഴ്‌സ് ആരംഭിച്ചതോടെ രാജ്യത്തുടനീളമുള്ള ചെറുകിട റീട്ടെയിൽ സ്‌റ്റോറുകളെ ഡിജിറ്റൽ റീട്ടെയിൽ വിപണിയിലെത്തിക്കാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.  
നേരിട്ടുവരുന്ന ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സ്‌റ്റോർ അനുഭവം നൽകാൻ സഹായിക്കുന്നതിന് സ്മാർട്ട് കൊമേഴ്‌സ് പ്രവർത്തിക്കും.  ഇതിനു പുറമെ, ഓൺലൈൻ റീട്ടെയിൽ ഇടപാടുകാരെ ആകർഷിക്കാൻ സ്വതന്ത്ര ഡിജിറ്റൽ സ്‌റ്റോർ ഫ്രണ്ടുകൾ സജ്ജീകരിക്കാൻ അനുവദിക്കുകയും ചെയ്യുന്നു. 
രാജ്യത്തുടനീളമുള്ള 40 ലക്ഷം ചെറുകിട ബിസിനസുകാർ ഇപ്പോൾ തന്നെ തങ്ങളുടെ ആമസോൺ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിലുടെ ഉൽപന്നങ്ങൾ വിൽക്കുന്നുണ്ടെന്നാണ് കമ്പനി നൽകുന്ന കണക്ക്. 
ഏത് സ്‌റ്റോറിനെയും ശരിക്കുമൊരു ഡിജിറ്റൽ ദുകാൻ ആയി മാറാൻ പര്യാപ്തമാക്കുന്നതാണ് സ്മാർട്ട് കൊമേഴ്‌സെന്ന് ആമസോൺ സംഭവ് ഉച്ചകോടിയിൽ സീനിയർ വൈസ് പ്രസിഡന്റ് അമിത് അഗർവാൾ പറഞ്ഞു.  
ഉപഭോക്താക്കൾ എവിടെയായിരുന്നാലും സ്‌റ്റോറിലൂടെ നേരിട്ടോ സ്വന്തം ഓൺലൈൻ സ്‌റ്റോർ ഫ്രണ്ടിലൂടെയോ അല്ലെങ്കിൽ ആമസോൺ ഡോട് ഇൻ വെബ് സൈറ്റിലൂടെയോ  ആമസോണിന്റെ ഏറ്റവും മികച്ച സേവനം അവർക്ക് നൽകാൻ കഴിയും. 
2025 ഓടെ ഒരു കോടി ചെറുകിട ബിസിനസുകൾ ഡിജിറ്റൈസ് ചെയ്യുമെന്നാണ് ആമസോണിന്റെ പ്രഖ്യാപനം.  
സ്മാർട്ട് കോമേഴ്‌സിലൂടെ ഒരു പോർട്ടലും ഡിജിറ്റൽ സ്‌റ്റോർഫ്രണ്ട് പ്രവർത്തിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുമാണ് ആമസോൺ നൽകുക. സ്മാർട്ട് കൊമേഴ്‌സ് സ്‌റ്റോർ ഉടമകൾക്ക് ബില്ലിംഗിന്റെ ഡിജിറ്റൈസേഷൻ, ഇൻവെന്ററി മാനേജ്‌മെന്റ് തുടങ്ങിയ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ചെറുകിട വ്യാപാരികളെ  ആധുനിക കാലത്തെ  മാറ്റങ്ങളുമായി പൊരുത്തപ്പെടാനും അതിജീവിക്കാനും സഹായിക്കുന്നതാണ് തങ്ങളുടെ പുതിയ സംരംഭമെന്ന് ആമസോൺ അവകാശപ്പെടുന്നു. 
ഇന്ത്യൻ വിപണിയിലെ ഒന്നിലധികം സംരംഭങ്ങളിലൂടെ ആമസോൺ ഏകദേശം 6.5 ബില്യൺ ഡോളർ മുതൽമുടക്കിയിട്ടുണ്ട്. 
ഇന്ത്യക്കായുള്ള ആമസോണിന്റെ പദ്ധതികൾ സമയബന്ധിതമായാണ് പൂർത്തീകരിക്കുന്നത്. ആമസോൺ വഴി ഇന്ത്യയിൽനിന്നുള്ള കയറ്റുമതി ഇതിനകം അഞ്ച് ബില്യൺ ഡോളറായിട്ടുണ്ട്. 2025 ഓടെ 20 ബില്യൺ ഡോളറിലെത്തുമെന്നാണ് കരുതുന്നത്. 
ശക്തമായ ഇന്ത്യൻ റീട്ടെയിൽ വിപണിയിൽ സ്വാധീനമുറപ്പിക്കാനുളള ശ്രമത്തിലാണ് അന്താരാഷ്ട്ര വൻകിട കമ്പനികൾ. പുതിയ സ്മാർട്ട് സ്റ്റോർ സംരംഭം എതിരാകളികളായ ഫ്ലിപ്കാർട്ട്, റിലയൻസ് റീട്ടെയിൽ തുടങ്ങിയവയേക്കാൾ ഒരു പടി മുന്നിലെത്താൻ ആമസോണിനെ സഹായിക്കുമെന്നാണ്  കരുതുന്നത്. 

Latest News