Sorry, you need to enable JavaScript to visit this website.

സൈബർ സുരക്ഷ: കമ്പനികളുടെ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് ഇന്ത്യ

സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്നും ഡാറ്റാ ലംഘനങ്ങൾ വേഗത്തിൽ റിപ്പോർട്ട് ചെയ്യാൻ സോഷ്യൽ മീഡിയ, ടെക്‌നോളജി കമ്പനികൾ, ക്ലൗഡ് സേവന ദാതാക്കൾ എന്നിവരെ നിർബന്ധിക്കുന്ന സൈബർ സുരക്ഷാ നിയമത്തിൽ മാറ്റം വരുത്തില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. പുതിയ നിബന്ധനകളിൽ ടെക്‌നോളജി കമ്പനികൾ ആശങ്ക അറിയിച്ച് രംഗത്തുണ്ട്. 
ഡാറ്റാ ലംഘനങ്ങൾ  ശ്രദ്ധയിൽപ്പെട്ടാൽ ആറ് മണിക്കൂറിനുള്ളിൽ  റിപ്പോർട്ട് ചെയ്യണമെന്നും ആറ് മാസത്തേക്ക് ഐടി, കമ്യൂണിക്കേഷൻ ലോഗുകൾ നിലനിർത്തണമെന്നും ടെക്‌നോളജി കമ്പനികൾക്ക് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം കഴിഞ്ഞ മാസം നിർദേശം നൽകിയിരുന്നു.
ആമസോൺ, വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (വി.പി.എൻ) കമ്പനികൾ പോലുള്ള ക്ലൗഡ് സേവന ദാതാക്കളോട് അവരുടെ ഉപഭോക്താക്കളുടെ പേരുകളും  ഐ.പി അഡ്രസുകളും കുറഞ്ഞത് അഞ്ച് വർഷമെങ്കിലും സൂക്ഷിക്കണമെന്നും നിബന്ധന വെച്ചിട്ടുണ്ട്. 
കമ്പനിയുടെ സേവനങ്ങൾ ഉപയോഗിക്കുന്നത് നിർത്തിയാലും ഉപഭോക്താക്കളുടെ വിവരങ്ങൾ സൂക്ഷിക്കുക നിർബന്ധമാണ്. 
പുതിയ നിർദേശങ്ങൾ പാലിക്കുന്നതിനുള്ള ബുദ്ധമുട്ടുകളും ഉയർന്ന ചെലവുകളും ചൂണ്ടിക്കാട്ടിയാണ് സാങ്കേതിക കമ്പനികൾ തങ്ങളുടെ ആശങ്ക അറിയിക്കുന്നത്.  
ടെക് കമ്പനികൾ ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെങ്കിലും സൈബർ സുരക്ഷ സംബന്ധിച്ച നിബന്ധനകളിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന്  ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തങ്ങളുടെ സേവനങ്ങൾ  ആരൊക്കെയാണ് ഉപയോഗിക്കുന്നതെന്ന് അറിയാൻ ടെക് കമ്പനികൾക്ക് ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഈയടുത്ത വർഷങ്ങളിലായി വൻകിട ടെക്‌നോളജി സ്ഥാപനങ്ങളുടെ നിയന്ത്രണം ഇന്ത്യ കർശനമാക്കിയിട്ടുണ്ട്. ഇത് കമ്പനികളെ വ്യവസായത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പ്രേരിപ്പിക്കുകയും ചില സന്ദർഭങ്ങളിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ പോലും വഷളാക്കുകയും ചെയ്തു.
സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട സംഭവങ്ങൾ പതിവായിരിക്കയാണെന്നും ഇതു നേരിടാൻ പുതിയ നിയമങ്ങൾ ആവശ്യമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. സൈബർ സുരക്ഷാ പ്രശ്‌നങ്ങൾ അന്വേഷിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ സേവന ദാതാക്കളിൽനിന്ന് പലപ്പോഴും എളുപ്പത്തിൽ ലഭിക്കുന്നില്ല.
അതേസമയം, ഇന്ത്യയിൽ നടപ്പിലാകുന്ന പുതിയ നിയമങ്ങളും വ്യവസ്ഥകളും വൻകിട ടെക് കമ്പനികളിൽ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.  ഈയാഴ് ആഴ്ച നിരവധി സോഷ്യൽ മീഡിയ, ടെക് കമ്പനി എക്‌സിക്യൂട്ടീവുകൾ പങ്കെടുത്ത രഹസ്യ യോഗം നിയമങ്ങൾ നിർത്തിവെക്കാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്തതായി റിപ്പോർട്ടുണ്ട്.
ഡാറ്റാ ലംഘനങ്ങൾ ഏകദേശം 72 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് യൂറോപ്യൻ അധികൃതർ ആവശ്യപ്പെടുന്നതെന്നും അതേസമയം  ആറ് മണിക്കൂറിനുള്ളിൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നതെന്നും  കമ്പനി ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു. 
അതേസമയം, ചില രാജ്യങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നതെന്നും ഇന്ത്യ ഇക്കാര്യത്തിൽ ഉദാര മനസ്‌കതയാണ് കാണിക്കുന്നതെന്നും മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ജൂൺ അവസാനം മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ഇതോടെ  ലോകത്തിലെ ഏറ്റവും വലിയ വി.പി.എൻ ദാതാക്കളിൽ പെടുന്ന നോർഡ് വി.പി.എൻ ഇന്ത്യയിൽ നിന്ന് അതിന്റെ സെർവറുകൾ നീക്കം ചെയ്യാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. 
വിസിൽബ്ലോവർമാരെപ്പോലുള്ള വ്യക്തികളുടെ സ്വകാര്യതയും ഐഡന്റിറ്റിയും നിരീക്ഷണത്തിൽ നിന്ന് സംരക്ഷിക്കുക എന്ന വിപിഎൻ ആശയത്തിന് വിരുദ്ധമാണ് ഇന്ത്യയിൽ നടപ്പിലാക്കുന്ന നിയമങ്ങളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയമങ്ങൾ പാലിക്കാൻ താൽപര്യമില്ലെങ്കിൽ തുറന്നു പറഞ്ഞ് പിൻവലിയാമെന്നാണ് ടെക്‌നോളജി കമ്പനികൾക്കുള്ള മറുപടിയെന്ന് മന്ത്രി രാജീവ്  ചന്ദ്രശേഖർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
 

Latest News