മകളുടെ അപേക്ഷ;ഒമാനില്‍ കുടുങ്ങിയ ഫഹ്മിദയെ നാട്ടിലെത്തിക്കാന്‍ എംബസി ശ്രമം

മസ്‌കത്ത്- ഒമാനില്‍ കുടുങ്ങിയ ഹൈദരാബാദ് സ്വദേശിനിയെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു.  41കാരിയായ ഫഹ്മിദാ ബീഗത്തെ നാട്ടിലെത്തിക്കന്‍  മകള്‍ ആബിദാ ബീഗമാണ് കേന്ദ്ര സര്‍ക്കാരിന്റെ  സര്‍ക്കാരിന്റെ സഹായം തേടിയത്.
പ്രായമായ സ്ത്രീയെ നോക്കാനുള്ള ജോലി വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണ് ഗോല്‍കൊണ്ടയിലെ നയാ കിലയില്‍ താമസിക്കുന്ന ഫഹ്മിദാ ബീഗം കഴിഞ്ഞ വര്‍ഷം മസ്‌കത്തിലെത്തിയത്.
പ്രാദേശിക ഏജന്റ് 25,000 രൂപ ശമ്പളത്തിലാണ് ഒമാനില്‍ ജോലി വാഗ്ദാനം ചെയ്തിരുന്നത്. കരാര്‍ പ്രകാരം 2021 നവംബര്‍ 23 ന് ദുബായിലേക്കും  10 ദിവസം അവിടെ താമസിച്ച ശേഷം മസ്‌കത്തിലുമെത്തി.  മസ്‌കത്തിലെത്തിയ ശേഷം ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റുകയാണെന്നും ശരിയായ ഭക്ഷണവും വിശ്രമസ്ഥലവും നല്‍കുന്നില്ലെന്നും മകള്‍ ആബിദാ ബീഗം പരാതിപ്പെട്ടു. മാതാവിനെ രക്ഷിക്കാന്‍ മകള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടകാര്യം
എംബിടി നേതാവ് അജുദല്ലാ ഖാനാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.
തന്റെ രണ്ട് സഹോദരിമാരെയും രണ്ട് സഹോദരന്മാരെയും നോക്കാന്‍ ആരുമില്ലാത്തതിനാല്‍ എത്രയും വേഗം മാതാവിനെ വീട്ടിലേക്ക് മടങ്ങാന്‍ സഹായിക്കണമെന്നാണ് ആബിദാ ബീഗം ആവശ്യപ്പെട്ടത്.
ഫഹ്്മിദയുമായും ഏജന്റുമായും ബന്ധപ്പെട്ടുവെന്നും ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. ഏജന്റ് സോഹാറിലാണ് ഉള്ളതെന്നും സന്ദര്‍ശക വിസയിലുള്ള ഫഹ്്മിദാ ബീഗത്തിന്റെ പാസ്‌പോര്‍ട്ടും നഷ്ടപ്പെട്ടിരക്കയാണെന്നും എംബസി അറിയിച്ചു.  ഒമാന്‍ അധികൃതരുമായി ബന്ധപ്പെട്ട് ഇവരെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് എംബസി ഉറപ്പു നല്‍കി.

 

Latest News