മലപ്പുറം- ജിദ്ദയിലും കേരളത്തിലും ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിച്ചു വന്ന മുഹമ്മദലി പടപ്പറമ്പ് (57) നിര്യാതനായി. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് ഒരാഴ്ച മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മലപ്പുറം ജില്ലയിലെ പടപ്പറമ്പിലെ ലവ കുഞ്ഞാപ്പയുടെ മകനായി ജനിച്ച മുഹമ്മദലി പതിറ്റാണ്ടുകളോളം സൗദി അറേബ്യയിലും അടുത്തകാലത്തായി നാട്ടിലും ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. പ്രവാസികളുടെ തൊഴിൽ പ്രശ്്‌നങ്ങൾ പരിഹരിക്കുന്നതിനും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനും ജയിലിൽ കിടക്കുന്നവരുടെ മോചനത്തിനമെല്ലാം മുഹമ്മദലി വർഷങ്ങളായി വിശ്രമില്ലാതെ പ്രവർത്തിച്ചു വരികയായിരുന്നു. പാസ്‌പോർട്ട് നഷ്ടപ്പെട്ട് ഗൾഫിലെ ജയിലിൽ കുടുങ്ങിക്കിടന്ന നിലവധി പേർക്ക് മോചനത്തിനുള്ള സഹായങ്ങൾ നൽകിയും ലേബർ ക്യാമ്പുകളിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിച്ചും മുഹമ്മദലി സൗദിയിലെ സാമൂഹ്യപ്രവർത്തന രംഗങ്ങൾ സജീവമായിരുന്നു.വിവിധ പ്രശ്്‌നങ്ങളിൽ കുടുങ്ങിക്കടന്ന മലയാളികൾക്ക് എംബസിയുടെയും കോൺസുലേറ്റിന്റെയും സഹായങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി സജീവമായി പ്രവർത്തിച്ചു.
രണ്ടു വർഷം മുമ്പ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ മുഹമ്മദലി വിവിധ ജില്ലകളിൽ സാമൂഹ്യ പ്രവർത്തന രംഗങ്ങളിൽ സജീവമായിരുന്നു. അനാഥാലയങ്ങളുടെ പ്രവർത്തനങ്ങളുമായി നിരന്തരം സഹകരിച്ചു. ഗൾഫ് ജീവിതം അവസാനിപ്പിച്ചെങ്കിലും ഗൾഫിൽ ജയിലിൽ കഴിയുന്നവരുടെ കുടുംബാംഗങ്ങൾക്ക് നിയമപരമായ നിർദേശങ്ങൾ നൽകുന്നതിന് പ്രത്യേക താൽപര്യം കാണിച്ചിരുന്നു.
ആസ്യയാണ് ഭാര്യ. ഒരു മകളുണ്ട്. ഖബറടക്കം ഇന്ന് കാലത്ത് ഒമ്പതിന് പടപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.