Sorry, you need to enable JavaScript to visit this website.

പീഡനങ്ങൾ തടയാൻ പുതിയ ചട്ടങ്ങളുണ്ടാകണം

അധ്യാപകർ വിദ്യാർത്ഥികളുടെ ശരീരത്തിൽ സ്പർശിക്കാൻ പാടില്ലെന്ന ചട്ടമുണ്ടാക്കണം. കുട്ടികളെ പഠിപ്പിക്കാൻ അധ്യാപകർ അവരുടെ ശരീരത്തിൽ സ്പർശിക്കേണ്ടത് അനിവാര്യമല്ലല്ലോ. കോവിഡിന്റെ വരവോട് കൂടി ഇത്തരം ശാരീരികമായ അകൽച്ച പാലിക്കാൻ എല്ലാവരും ശീലിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇനി മുതൽ അധ്യാപകർ വിദ്യാർത്ഥികളുടെ ശരീരത്തിൽ സ്പർശിക്കരുതെന്ന് പറഞ്ഞാൽ അത് അതിശയോക്തിയുള്ള കാര്യവുമാകില്ല. ഇക്കാര്യത്തിൽ കുട്ടികൾക്കും ആവശ്യമായ ഉപദേശങ്ങളും നിർദേശങ്ങളും രക്ഷിതാക്കൾക്ക് നൽകാവുന്നതാണ്. 

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥിനി -വിദ്യാർത്ഥികൾ പീഡിപ്പിക്കപ്പെടുന്ന വാർത്തകൾ കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. പുറത്ത് വരുന്ന വാർത്തകളിലുള്ളതിനേക്കാളധികം പുറത്ത് പറയപ്പെടാത്തതോ ഒതുക്കിത്തീർക്കുന്നതോ ആയ സംഭവങ്ങൾ എത്രയോ നടക്കുന്നുണ്ടാകാം. ഇതിനൊരു അവസാനമുണ്ടാകില്ലേ എന്ന് പലപ്പോഴും ആലോചിക്കാറുണ്ട്.

ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്ന മലപ്പുറത്തെ സെന്റ് ജമ്മാസ് സ്‌കൂളിൽ നടന്ന പതിറ്റാണ്ടുകൾ നീണ്ട പീഡനത്തെക്കുറിച്ചുള്ള വാർത്തയാണ് ഇതുവരെ കേട്ടതിൽ ഏറ്റവും നികൃഷ്ടമായിട്ടുള്ളത്. പീഡിപ്പിക്കപ്പെട്ട വിദ്യാർത്ഥിനികൾ നേരത്തെ പരാതി പറഞ്ഞിട്ടും ആ നികൃഷ്ടനായ അധ്യാപകനെതിരെ നടപടി സ്വീകരിക്കാതെ പരാതികൾ അവഗണിച്ചവർക്കെതിരെയും നിയമ നടപടി സ്വീകരിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഇത്തരത്തിലുളള പരാതികൾ ഭാവിയിൽ ഉണ്ടാകുകയാണെങ്കിൽ അവഗണിക്കപ്പെടാതിരിക്കുകയുള്ളൂ. നേരത്തെ പരാതി പറഞ്ഞ പന്ത്രണ്ട് വയസ്സിൽ താഴെയുള്ള വിദ്യാർത്ഥിനികളോട് നിങ്ങൾ അങ്ങോട്ട് കൊഞ്ചിക്കുഴയാൻ പോകേണ്ട എന്ന ഉപദേശം കുട്ടികൾക്ക് നൽകിയതായിരുന്നോ സ്‌കൂൾ അധികൃതരിൽ നിന്ന് ഈ സംഭവത്തിൽ ഉണ്ടായ നടപടി?

ഇത്രയും കാലം ഇത്രയും വിദ്യാർത്ഥിനികളെ പീഡിപ്പിച്ചിട്ടും മലപ്പുറത്തായിട്ടും രക്ഷിതാക്കളും നാട്ടുകാരും ഈ സംഭവം അറിയാതെ പോയി എന്ന് കേൾക്കുമ്പോൾ മാത്രമല്ല ആശ്ചര്യം തോന്നുന്നത്. മനസ്സ് സ്ഥിരമായി മലീമസമായിക്കൊണ്ടിരുന്ന നീചനായ ഈ അധ്യാപകൻ മാർക്‌സിസ്റ്റ് പാർട്ടിയുടെ ജനപ്രതിനിധിയായി മലപ്പുറം നഗരസഭയിലേക്ക് മൂന്ന് തവണ തെരഞ്ഞെടുക്കപ്പെടുക കൂടി ചെയ്തിട്ടുണ്ടെന്ന് കേൾക്കുന്നതാണ് ഏറെ അത്ഭുതപ്പെടുത്തുന്ന കാര്യം.

 വിദ്യാർത്ഥിനികൾ നേരിടുന്ന ലൈംഗിക പീഡനത്തെക്കുറിച്ച് പറയുമ്പോൾ എല്ലാം പറയണമല്ലോ. സ്‌കൂളുകളിൽ മാത്രമല്ല, കേരളത്തിലെ മദ്രസകളിലും വിദ്യാർത്ഥികൾ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് വാർത്താമാധ്യമങ്ങളിൽ നിന്ന് കേരളീയ സമൂഹം പലതവണ മനസ്സിലാക്കിയതാണ്. മദ്രസകളിൽ നടക്കുന്ന പീഡനങ്ങളുടെ മാത്രം വാർത്ത ശേഖരിക്കുന്നത് താൻ പതിവാക്കിയിട്ടുണ്ടെന്ന് ഒരു എക്‌സ്-മുസ്‌ലിം യുക്തിവാദി രണ്ട് ദിവസം മുമ്പ് പറയുന്നത് കേട്ടിരുന്നു. അടുത്ത കാലത്തായി ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മാത്രമാണ് ഈ തരത്തിലുള്ള ഒരു വാർത്തയും കേൾക്കാതിരുന്നതെന്നും എന്നാൽ ഈ മെയ് മാസത്തിൽ ഇതിനോടകം തന്നെ ഒരു വാർത്ത വന്നുകഴിഞ്ഞെന്നും അയാൾ പറയുന്നത് കേട്ടു. 

ഇതുപോലെ തന്നെ ക്രിസ്തീയ-ഹൈന്ദവ സ്ഥാപനങ്ങളിലും ഇത്തരം പീഡനങ്ങൾ നടക്കുന്നുണ്ടെന്ന് വാർത്തകളിലൂടെ പുറംലോകം അറിഞ്ഞതാണ്. പക്ഷേ, കേരളത്തിൽ മദ്രസകളാണ് കൂടുതൽ ഉള്ളത് എന്നതുകൊണ്ടും മദ്രസകളിൽ പീഡനം നടത്തിയാൽ നടത്തിയവരെ ആരും സംരക്ഷിച്ച് നിലനിറുത്താതെ നാട്ടുകാരറിഞ്ഞ് പുറത്താക്കുകയും നിയമ നടപടിക്ക് വിധേയമാക്കുകയും ചെയ്യാറുള്ളതുകൊണ്ടും മദ്രസാ പീഡന വാർത്തകളാണ് കൂടുതൽ വാർത്തകളിൽ വരാറുള്ളത്.

മതം പഠിച്ചവരും പഠിപ്പിക്കുന്നവരുമായിട്ടും കപടന്മാരായവർ നടത്തുന്ന പീഡനമാണ് വിശ്വാസികളുടെ മനസ്സിൽ ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്നതും ഏറെ പരിഹാസ്യമായതും. ഈയടുത്ത ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന 'മതം കടിച്ചിട്ടവനും' ലൈംഗിക ചൂഷണത്തിന്റെ കഥ പറയാനുണ്ടത്രേ. വിശുദ്ധ ഖുർആനിൽ നീചപ്രവൃത്തിയായി പരാമർശിച്ച സ്വവർഗരതിയുടെ ജീർണത ഒറ്റപ്പെട്ട സംഭവങ്ങളായിട്ടാണെങ്കിൽ പോലും മതപഠന കേന്ദങ്ങളിൽ ആവർത്തിക്കപ്പെടുന്നുണ്ടെങ്കിൽ അതിന് കാരണക്കാരായവർ പുറത്തിറങ്ങുമ്പോൾ ദേഹം മുഴുക്കെ വെള്ളയുടുത്ത് അത്തർ പൂശി നടന്നാലൊന്നും മനസ്സിലെ കാപട്യം നീങ്ങിക്കിട്ടുകയോ ദൈവിക ശിക്ഷയിൽ നിന്ന് രക്ഷപ്പെടുകയോ ചെയ്യില്ല. 
മതപഠന കേന്ദ്രങ്ങളിൽ നടക്കുന്ന ഇത്തരം നികൃഷ്ടതകൾ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ സ്ഥാപനങ്ങളുടെ എണ്ണത്തിന്റെയും വലിപ്പത്തിന്റെയും പേരിൽ ഊറ്റംകൊള്ളുന്ന സംഘടനാ നേതൃത്വങ്ങൾ തയാറാകണം.
സ്‌കൂളുകളിലായാലും മതവിദ്യാഭ്യാസ സ്ഥാപനങ്ങളിലായാലും സ്വഭാവ വൈകൃതങ്ങളുള്ള മുഴുവൻ അധ്യാപകരുടെയും മനസ്സ് നന്നാകുമ്പോൾ പീഡനങ്ങൾ ഇല്ലാതായിക്കൊള്ളും എന്നു പ്രതീക്ഷിച്ച് കാത്തിരുന്നിട്ട് കാര്യമില്ല.
കുട്ടികളോട് ലൈംഗികാതിക്രമം നടത്തുന്ന അധ്യാപകർക്ക് ലഭിക്കേണ്ട ശിക്ഷ ലഭിക്കുന്നത് കൂടി വാർത്തയാകുകയാണെങ്കിലേ അതിനനുസരിച്ചെങ്കിലും ലൈംഗികാതിക്രമങ്ങൾ ആവർത്തിക്കപ്പെടുന്നത് കുറഞ്ഞു കിട്ടുകയുള്ളൂ. ലൈംഗികാതിക്രമങ്ങൾ തടയാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതിയ ചട്ടങ്ങൾ കർശനമാക്കാണ്ടേതുണ്ട്.
അധ്യാപകർ വിദ്യാർത്ഥികളുടെ ശരീരത്തിൽ സ്പർശിക്കാൻ പാടില്ലെന്ന ചട്ടമുണ്ടാക്കണം. കുട്ടികളെ പഠിപ്പിക്കാൻ അധ്യാപകർ അവരുടെ ശരീരത്തിൽ സ്പർശിക്കേണ്ടത് അനിവാര്യമല്ലല്ലോ. കോവിഡിന്റെ വരവോട് കൂടി ഇത്തരം ശാരീരികമായ അകൽച്ച പാലിക്കാൻ എല്ലാവരും ശീലിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇനി മുതൽ അധ്യാപകർ വിദ്യാർത്ഥികളുടെ ശരീരത്തിൽ സ്പർശിക്കരുതെന്ന് പറഞ്ഞാൽ അത് അതിശയോക്തിയുള്ള കാര്യവുമാകില്ല. 
ഇക്കാര്യത്തിൽ കുട്ടികൾക്കും ആവശ്യമായ ഉപദേശങ്ങളും നിർദേശങ്ങളും രക്ഷിതാക്കൾക്ക് നൽകാവുന്നതാണ്. വല്ലപ്പോഴുമൊക്കെ കുട്ടികളോട് അധ്യാപകരെക്കുറിച്ചും ആരെങ്കിലും അടിക്കാറുണ്ടോ അടുത്തേക്ക് വിളിക്കാറുണ്ടോ തൊടാറുണ്ടോ എന്നൊക്കെ വിദ്യാലയങ്ങളിലെ വിശേഷങ്ങൾ ചോദിച്ചറിയുന്ന രൂപത്തിൽ ചോദിച്ചറിയാവുന്നതാണ്. അങ്ങനെയൊക്കെയായാൽ അധ്യാപകരുടെ സ്വഭാവ വൈകൃതങ്ങൾ മുപ്പത് വർഷമൊക്കെ നീണ്ടുനിൽക്കാതെ മുപ്പത് ദിവസങ്ങൾക്കുള്ളിലൊക്കെ തന്നെ അവസാനിപ്പിക്കാൻ സാധിക്കും.     

Latest News