ശ്രീലങ്കയിലെ കാര്യങ്ങൾ കാണുമ്പോൾ മലയാളികൾക്ക് ആശങ്കയേറുകയാണ്. ദ്വീപ് രാജ്യത്തെ കലാപ ഭൂമിയാക്കി മാറ്റിയിരിക്കുകയാണ് ജനകീയ പ്രക്ഷോഭം. ഭരണ സിരാകേന്ദ്രങ്ങൾക്കും മന്ത്രി മന്ദിരങ്ങൾക്കും തീയിട്ടാണ് പ്രതിഷേധം പ്രകടിപ്പിക്കുന്നത്. വരുമാനമില്ലാതെ ചെലവിട്ടതാണ് പ്രശ്നങ്ങൾക്ക് ആധാരം. കോവിഡ് കാലത്ത് ടൂറിസത്തിലൂടെയുള്ള വരുമാനം നിലച്ചു. ഏതാനും വർഷങ്ങളായി ശ്രീലങ്കയിൽ നടപ്പാക്കിയ വൻകിട വികസന പദ്ധതികൾ ചൈനയിൽ നിന്ന് കടമെടുത്താണ്. ചൈനയും ജപ്പാനുമാണ് പാവം പിടിച്ച രാജ്യങ്ങൾക്ക് കടം നൽകുന്നതിലെ ആശാന്മാർ. ലോകത്ത് ഇന്ന് വരെ ആരും ഒന്നും കാണാതെ കടം കൊടുത്തിട്ടില്ലെന്നത് വേറെ കാര്യം. നാടൻ ബ്ലേഡുകാരൻ മുതൽ ഫൈനാൻസ്യേഴ്സ് വരെ എല്ലാവരും. തിരിച്ച് വസൂലാക്കാൻ വഴി ആദ്യം കണ്ടുവെക്കും. ലാവോസെന്ന പരമദരിദ്ര രാജ്യത്തിന് ചൈന കടം കൊടുത്തപ്പോൾ ഇളവുകളും നൽകിയിരുന്നു. സമീപ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന വൻകിട റെയിൽ പദ്ധതി നടപ്പാക്കാനെടുക്കുന്ന തുകയുടെ പാതി തിരിച്ചടച്ചാൽ മതി. ബാക്കി മധുര മനോജ്ഞ ചൈനയുടെ വക ഫ്രീ. ലാവോസിന് കടം തിരിച്ചടയ്ക്കാനാവില്ലെന്ന് ഉറപ്പായിരുന്നു. ഏഷ്യയിലെ ഏറ്റവും ദരിദ്ര രാജ്യമതാ കിടന്ന് അനുഭവിക്കുന്നു. ശ്രീലങ്ക ചൈനയുടെ കോളനിയായി മാറിയതും ആസൂത്രണമില്ലാതെ വായ്പയെടുത്തിട്ടാണ്. ശ്രീലങ്കയും ലാവോസും രാജ്യങ്ങളല്ലേ, കേരളമെന്ന കൊച്ചു സംസ്ഥാനത്തെ താരതമ്യം ചെയ്യുന്നത് ശരിയാണോ എന്ന് ചോദിക്കുന്നവരുണ്ടാവും. ഇന്ത്യയെന്ന ഫെഡറൽ റിപ്പബ്ലിക്കിലെ ഒരു സംസ്ഥാനം മാത്രമാണല്ലോ കേരളം. ശരിയാണ്, ഇന്ത്യയല്ലേ രാജ്യം. എന്നാൽ ഇന്ത്യയിൽ ഒരു സംസ്ഥാനവും കേരളം പോലെ കടം വാങ്ങാനായി നടക്കുന്നില്ലെന്നതാണ് യാഥാർഥ്യം. കേന്ദ്ര സർക്കാരിന് കേരളത്തെ മാത്രം നോക്കിയാൽ പോരല്ലോ. സംസ്ഥാനങ്ങൾ പലതുമില്ലേ. അതുകൊണ്ടു തന്നെ കേരളമായിട്ട് വരുത്തിവെക്കുന്ന സാമ്പത്തിക ബാധ്യത നിസ്സാരമായി കാണാനാവില്ല. കഴിഞ്ഞ നാല് ദശകങ്ങളായി കേരളം കടമെടുത്താണ് കാര്യങ്ങൾ നിറവേറ്റുന്നത്. ഇതെന്തിനാണെന്നറിയുമ്പോൾ സാധാരണക്കാർ ക്ഷോഭിക്കും. സംസ്ഥാന ജനസംഖ്യയിൽ വെറും നാല് ശതമാനം വരുന്ന സർക്കാർ ജീവനക്കാരെയും പെൻഷൻ വാങ്ങുന്നവരെയും തീറ്റിപ്പോറ്റാനാണിത്. കേരളത്തിന്റെ വരുമാനത്തിന്റെ അറുപത് ശതമാനത്തിലേറെയാണ് ഈ ഇനത്തിലെ ചെലവുകൾ. ദക്ഷിണേന്ത്യയിലെ വലിയ സംസ്ഥാനങ്ങളിലൊന്നായ കർണാടകയിൽ ഇത് മുപ്പത് ശതമാനം മാത്രമാണെന്നറിയുമ്പോഴാണ് കേരളത്തിന്റെ ചെലവ് എത്ര കൂടുതലാണെന്ന് മനസ്സിലാവുക. കേരളമിപ്പോൾ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. കോവിഡ് വന്നതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. എന്നാലും തുടർഭരണം ഉറപ്പു വരുത്താൻ ഉദ്യോഗസ്ഥരെ സുഖിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിസന്ധി കാലത്തും സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വർധിപ്പിച്ചു കൊടുത്തത്. രണ്ടാം പിണറായി സർക്കാർ വരുന്നതിന് തൊട്ടു മുമ്പാണ് സർക്കാർ ജീവനക്കാരുടെ ശമ്പളം കുത്തനെ ഉയർത്തിയത്. ഇതിന് അനുസൃതമായി പെൻഷനും കൂടി. 46,000 കോടി രൂപയിൽ നിന്ന് 71,000 കോടി രൂപയിലേക്കാണ് ചെലവ് കുതിച്ചുയർന്നത്. സർവീസിലുള്ള ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിക്കുന്നതിന്റെ ഗുണം പെൻഷൻകാർക്കും ലഭിക്കുന്നു. ഏറ്റവുമൊടുവിൽ വാങ്ങിയ ശമ്പളത്തിന്റെ പാതിയാണ് ജീവനക്കാരുടെ പെൻഷൻ. സ്റ്റാറ്റിയൂട്ടറി പെൻഷൻ സമ്പ്രദായത്തിന്റെ ഏറ്റവും വലിയ ന്യൂനതയാണിത്. ഇതിന് പകരം കോൺട്രിബ്യൂട്ടറി പെൻഷനാക്കി മാറ്റിയാൽ സർക്കാർ ശമ്പളം - പെൻഷൻ ഇനത്തിൽ ഇപ്പോൾ ചെലവഴിക്കുന്നതിന്റെ പാതി മതിയാവും. ഇതിനുള്ള വക സർക്കാർ കണ്ടെത്തുന്നത് കിട്ടുന്നിടത്തെല്ലാം കടമെടുത്താണ്. കേരളത്തിന്റെ കടമിങ്ങനെ പെരുകിയാൽ സമീപ ഭാവിയിൽ വാങ്ങിയ കടത്തിന്റെ പലിശ തിരിച്ചടക്കാൻ വേറെ കടമെടുക്കേണ്ട സ്ഥിതി വരും. കേരളത്തിന്റെ ട്രഷറി അടച്ചു പൂട്ടുന്ന സ്ഥിതിയിലെത്തിയിരുന്നു ഒരാഴ്ച മുമ്പ്. ഇപ്പോൾ ആശ്വാസത്തിന്റെ ഇടവേളയാണ്. പുതിയ സാമ്പത്തിക വർഷം തുടങ്ങി ഒരു മാസം പിന്നിട്ടപ്പോഴാണ് കേരളത്തിന് കടമെടുക്കേണ്ടി വന്നത്. ആദ്യം കേന്ദ്ര സർക്കാരിന്റെ അനുമതി കിട്ടിയില്ല. എടുത്ത കടത്തെപ്പറ്റി കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തർക്കം തുടരുന്നതാണ് കാരണം. കടം കിട്ടാതായതോടെ വരവും ചെലവും തമ്മിലുള്ള വിടവ് പരിഹരിക്കാനാവാതെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനം.
മുൻവർഷങ്ങളിൽ കേരളത്തിന്റെ കടം സംബന്ധിച്ച കണക്കിൽ പൊരുത്തക്കേടുണ്ടെന്നാണ് കേന്ദ്ര വാദം. കിഫ്ബി ഉൾപ്പെടെയുള്ള ഏജൻസികളും പൊതുമേഖലാ സ്ഥാപനങ്ങളും എടുക്കുന്ന കടവും സർക്കാരിന്റെ കടമായി കണക്കാക്കണമെന്നാണ് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ നിർദേശം. ഇത് ഉൾപ്പെടുത്താനാവില്ലെന്നാണ് സർക്കാർ നിലപാട്. കണക്കിലെ പൊരുത്തക്കേടിനെപ്പറ്റിയും കോവിഡ് കാലത്ത് അനുവദിച്ച അധിക വായ്പ വിനിയോഗത്തെപ്പറ്റിയും കേന്ദ്രം വിശദീകരണം ചോദിച്ചിരുന്നു.
32,425 കോടി രൂപയാണ് സാമ്പത്തിക വർഷം കേരളത്തിന് കടമെടുക്കാൻ കേന്ദ്രം നിശ്ചയിച്ച പരിധി. ഇത് ഗഡുക്കളായി ഏപ്രിൽ ആദ്യം തന്നെ അനുവദിക്കുകയാണ് പതിവ്. റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് ഇങ്ങനെ വായ്പയെടുക്കുന്നത്. ബാങ്കുകൾ. എൽ.ഐ.സി തുടങ്ങിയവയിൽനിന്നുള്ള വായ്പകളും ഇതിൽ പെടും. റിസർവ് ബാങ്ക് വായ്പാ കലണ്ടർ പ്രകാരം ഏപ്രിൽ 19 ന് (1000 കോടി രൂപ), മെയ് രണ്ട് (2000 കോടി രൂപ) മെയ് പത്ത് (1000 കോടി രൂപ) എന്നിങ്ങനെ കടമെടുക്കാനുള്ള ക്രമീകരണമാണ് കേരളം നടത്തിയിരുന്നത്. കലണ്ടറിൽ ഉൾപ്പെടുത്തിയാലും കടമെടുക്കാൻ അതത് സമയം കേന്ദ്രാനുമതി വേണം. കേരള ഖജനാവിന്റെ സ്ഥിതി പരിതാപകരമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കിയിരുന്നു.
ദൈനംദിന ചെലവുകൾക്കു പോലും ബുദ്ധിമുട്ടുംവിധം സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നാണ് വെള്ളിയാഴ്ച മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം അറിയിച്ചത്. കടമെടുക്കാൻ കേന്ദ്രത്തിന്റെ അനുമതി വൈകുന്നതു മനസ്സിൽ വെച്ചാണ് മന്ത്രി ഇതു പറഞ്ഞത്. എന്നാൽ വെള്ളിയാഴ്ച വൈകി 5000 കോടി രൂപ കടമെടുക്കാൻ കേന്ദ്രം കേരളത്തിന് അനുമതി നൽകി. ഇത് താത്കാലിക ക്രമീകരണം മാത്രമാണ്. കേരളത്തിന്റെ കടത്തെച്ചൊല്ലി കേന്ദ്രം ഉന്നയിച്ച തർക്കങ്ങളിൽ തീരുമാനമുണ്ടാകും വരെ താത്കാലികാശ്വാസം എന്ന നിലയ്ക്കാണ് ഈ അനുമതി.
പൊതുമേഖലാ സ്ഥാപനങ്ങളുടെയും കിഫ്ബിയുടെയും കടം സംസ്ഥാനത്തിന്റെ കടമായി കൂട്ടണമെന്ന നിലപാടിൽ കേന്ദ്രം ഉറച്ചുനിന്നാൽ കേരളത്തിന് ഈ വർഷം ഏകദേശം 12,000 കോടിയുടെ വായ്പ കുറയുമെന്നാണ് സർക്കാരിന്റെ പ്രാഥമിക നിഗമനം.
ശേഷിക്കുന്ന വായ്പ കൊണ്ട് നടപ്പാക്കാവുന്ന പദ്ധതികളുടെ മുൻഗണനക്രമം തീരുമാനിക്കേണ്ടിവരും. ശമ്പളവും പെൻഷനും പലിശച്ചെലവും മാറ്റിവെക്കാൻ സർക്കാരിന് കഴിയില്ല. പദ്ധതികളെയായിരിക്കും ഇത് ബാധിക്കുക.
പൊതുമേഖലാ സ്ഥാപനങ്ങളും വായ്പയെടുക്കുന്നത് കുറയ്ക്കേണ്ടിവരും. സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തെയും പൊതുമേഖലാ സ്ഥാപനങ്ങളെയും ഇത് ഗുരുതരമായി ബാധിക്കും. വികസന പ്രവർത്തനങ്ങൾക്ക് പണമില്ലാത്തതിനാലാണ് കിഫ്ബി വഴി ബജറ്റിനു പുറത്ത് വായ്പയെടുക്കുന്നത്. ഇങ്ങനെ പോയാൽ കിഫ്ബിക്കു വായ്പയെടുക്കാനും പ്രതിസന്ധിയുണ്ടാവും. കിഫ്ബിയുടെ പണമെടുത്ത് കേരളം നടപ്പാക്കുന്നതൊന്നും പ്രൊഡക്റ്റീവ് ഇൻവെസ്റ്റ്മെന്റ് എന്നു പറയാവുന്നതല്ല. സ്കൂൾ കെട്ടിടം മോടിപിടിപ്പിക്കാനും റോഡ് അറ്റകുറ്റപ്പണിക്കും പാലം പണിയാനുമൊക്കെയാണ് ഈ തുക വിനിയോഗിക്കുന്നത്. കഴിഞ്ഞ നാൽപത് കൊല്ലത്തിനിടെ ആയിരക്കണക്കിനാളുകൾക്ക് തൊഴിലവസരം നൽകുന്ന ഏത് സംരംഭമാണ് കേരളത്തിൽ നിലവിൽ വന്നത്? ഇ.എം.എസിന്റെ കാലത്ത് വ്യവസായ സംരംഭങ്ങൾ കൊണ്ടുവരണമെന്നൊക്കെ താൽപര്യമുണ്ടായിരുന്നു. അങ്ങനെ വന്നതാണ് മാവൂർ ഗ്വാളിയർ റയോൺസ്. അതിന്റെ ഖബർസ്ഥാനിൽ നിന്ന് ഇവിടെ മല മറിക്കുമെന്ന് വീരവാദം മുഴക്കുന്ന എൽ.എഡി.എഫ് -യു.ഡി.എഫ് നേതാക്കളെയാണ് പിൽക്കാലത്ത് കണ്ടത്. ഒന്നും നടന്നതുമില്ല.
കൈവശമുള്ള പണമത്രയും അനവാശ്യമായി പെൻഷനും ശമ്പളവും നൽകുന്നതിന് നിയന്ത്രണമേർപ്പെടുത്തിയില്ലെങ്കിൽ കേരളത്തെ ആർക്കും രക്ഷിക്കാനാവാത്ത പ്രതിസന്ധി വരും തീർച്ച. 2016 ൽ ഇന്ത്യയാകെ ജി.എസ്.ടി പ്രാബല്യത്തിൽ വന്നതോടെ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് അതിന്റെ വിഹിതം ലഭിക്കുന്നുണ്ട്. അതിന് പുറമേയാണ് അഞ്ചു വർഷത്തേക്ക് നൽകി വരുന്ന ജി.എസ്.ടി കോംപൻസേഷൻ. പല സംസ്ഥാനങ്ങളും ഇതിനിയും നൽകേണ്ടതില്ലെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. മിക്കവാറും 2022 ജൂലൈക്ക് ശേഷം ഇത് ലഭിക്കാൻ സാധ്യതയില്ല. അല്ലെങ്കിലേ പ്രയസത്തിലായ കേരളത്തിന് ഇത് താങ്ങാനാവില്ല. അതിനും പുറമേയാണ് പ്രളയ സാധ്യത. മെയ് മാസത്തിൽ തന്നെ അതിതീവ്ര മഴ മുന്നറിയിപ്പുകളാണ് കേൾക്കുന്നത്. രണ്ടു ലക്ഷം കോടി ചെലവ് വരുന്ന കെ.റെയിലിന്റെ മഞ്ഞക്കുറ്റിക്ക് ഇത് തടയാനാവില്ല. കേന്ദ്ര സഹായം ലഭിക്കുകയല്ലാതെ മറ്റു മാർഗമില്ല. കേരളം ലോട്ടറി ടിക്കറ്റ് വിറ്റും മദ്യശാലകൾ വ്യാപകമാക്കിയുമാണ് വിഭവ സമാഹരണം നടത്തുന്നത്. നിലവിലുള്ളതൊന്നും പോരാഞ്ഞ് ധനമന്ത്രി ഫിഫ്റ്റി ഫിഫ്റ്റി എന്ന പേരിൽ പുതിയ ലോട്ടറി കൂടി പ്രഖ്യാപിച്ചു. ഒരു കോടി ഒന്നാം സമ്മാനമുള്ള ഇതിന്റെ ടിക്കറ്റ് വില അമ്പത് രൂപ. സ്വപ്ന വ്യാപാരിയായി മാറിയ കേരള സർക്കാർ സമാഹരിക്കുന്ന തുകയാണ് സർക്കാർ ഉദ്യോസ്ഥരെ തീറ്റിപ്പോറ്റാൻ ചെലവാക്കുന്നത്.






