Sorry, you need to enable JavaScript to visit this website.

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്  മോചനം; 32 വര്‍ഷത്തെ ജയില്‍വാസത്തിന് വിട

ന്യൂദല്‍ഹി- 32 വര്‍ഷം ജയിലില്‍ കഴിഞ്ഞ രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ഒടുവില്‍ മോചനം. പേരറിവാളന്റെയും അമ്മയുടെയും ഹര്‍ജികളിലാണ് ജസ്റ്റിസ് എല്‍ നാഗേശ്വര റാവു വിധി പ്രസ്താവിച്ചത്. എത്രയും വേഗം പേരറിവാളനെ മോചിപ്പിക്കണമെന്നാണ് ഉത്തരവ്. ഇക്കാര്യത്തില്‍ നേരത്തെ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ജയിലില്‍ നല്ല നടപ്പായിരുന്നിട്ടും പേരറിവാളനോട് വിവേചനം കാണിക്കുന്നുവെന്നായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം. വിചാരണക്കോടതി മുതല്‍ സുപ്രിംകോടതി വരെ പേരറിവാളന്റെ അമ്മ നടത്തിയ നിയമപോരാട്ടത്തിന്റെ കൂടി ഫലമാണ് ഇപ്പോഴത്തെ വിധി.
1991ലാണ് പേരറിവാളന്‍ അറസ്റ്റിലായത്. രാജീവ് ഗാന്ധി വധക്കേസില്‍ 32 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ് പേരറിവാളന്‍. 1991 ജൂണ്‍ 11 ന് ചെന്നൈയിലെ പെരിയാര്‍ തിടലില്‍ വച്ച് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍മാര്‍ പേരറിവാളിനെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് 20 വയസ് തികയാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.
അറസ്റ്റിലാകുന്ന സമയത്ത് പേരറിവാളന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയതേ ഉണ്ടായിരുന്നുള്ളൂ. പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തമിഴ്‌നാട്ടിലെ ശ്രീപെരുംമ്പത്തൂരില്‍ വച്ച് വധിക്കാന്‍ ഗൂഢാലോചന നടത്തിയ ശിവരാസന് സ്‌ഫോടക വസ്തുവായി 9 വോള്‍ട്ട് ബാറ്ററി നല്‍കിയെന്നതായിരുന്നു പേരറിവാളന് മേല്‍ ചുമത്തിയ കുറ്റം. അറസ്റ്റിന് പുറകെ പലരും പേരറിവാളന്റെ നിരപരാധിത്വത്തെ കുറിച്ച് വാദിച്ചെങ്കിലും, വധിക്കപ്പെട്ടത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നതിനാല്‍ കേസ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
 

Latest News